Kerala

'തളര്‍ത്താമെന്ന് വ്യാമോഹിക്കേണ്ട'; പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ് പൂര്‍ത്തിയായി, ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവര്‍ത്തകര്‍

വാഹനത്തിന്റെ നാല് വശത്തെയും ചില്ലുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് വാഹനങ്ങള്‍ കടത്തിവിട്ടത്.

Madism Desk

കെഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടില്‍ ഉള്‍പ്പെടെ നടത്തിയ ഇ ഡി പരിശോധന പൂര്‍ത്തിയായി. പിണറായി വിജയന്റെ ബേക്കറി ജംക്ഷനിലെ വീട്ടില്‍ റെയ്ഡ് പൂര്‍ത്തിയായതിനു പിന്നാലെ പ്രദേശത്ത് വന്‍ സംഘര്‍ഷം രൂപം കൊണ്ടു. പരിശോധന കഴിഞ്ഞ മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും വാഹനങ്ങള്‍ പ്രദേശത്ത് തടിച്ചുകൂടിയ സിപിഎം പ്രവര്‍ത്തകര്‍ തല്ലി തകര്‍ത്തു.

വാഹനത്തിന്റെ നാല് വശത്തെയും ചില്ലുകളും പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് പൊലീസ് വാഹനങ്ങള്‍ കടത്തിവിട്ടത്. അതേസമയം, വിജയന്റെ വീടിന്റെ രണ്ട് നിലകളിലും അനുബന്ധ കെട്ടിടങ്ങളിലും പരിശോധന നടത്തിയെങ്കിലും കുറ്റകരമായ രേഖകളോ ഉപകരണങ്ങളോ ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയാണ് ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.

ഇഡി ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട പിണറായി വിജയന്‍ രൂക്ഷമായ ഭാഷയിലാണ് ഇഡി നടപടിയെ വിമര്‍ശിച്ചത്. കോണ്‍ഗ്രസിന്റെ നിലപാടിനെയും വിമര്‍ശിച്ചായിരുന്നു പിണറായിയുടെ മറുപടി. റെയ്ഡ് നടത്തി തളര്‍ത്തിക്കളയാമെന്ന് കരുതണ്ടെന്നും പിണറായി പറഞ്ഞു. എല്ലാ കാലത്തും പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒരു കുറവുമില്ലെന്നതിന്റെ തെളിവാണ് ഇന്ന് കണ്ടത്. ഏറെ കാര്യങ്ങള്‍ പറയാനുണ്ട്. എന്നാല്‍ അത് പിന്നീട് പറയാം. സ്വന്തം പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കു നേരെ ഇഡിയുടെ പരിശോധന നടന്നോട്ടെ എന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്ന് പിണറായി വിജയന്‍ പ്രതികരിച്ചു.

തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള പിണറായിയുടെ വീടിന് മുന്നില്‍ രാവിലെ മുതല്‍ സംഘര്‍ഷാവസ്ഥയായിരുന്നു നിലനിന്നിരുന്നത്. സുരക്ഷ ഭേദിച്ച് വീടിനുള്ളിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. വീടിനു പുറത്ത് നിന്ന പൊലീസുകാരുടെ ഹെല്‍മറ്റ് വലിച്ചെടുത്ത് ഉള്ളില്‍നിന്ന സിആര്‍പിഎഫ് ജവാന്മാര്‍ക്കു നേരെ എറിഞ്ഞു. പ്രവര്‍ത്തകര്‍ കുപ്പി എറിയുകയും ചെയ്തു.

English Summary: The Enforcement Directorate (ED) has completed raids conducted as part of the investigation into the KMRL-Exalogic financial dealings, including a search at the residence of opposition leader Pinarayi Vijayan. Following the completion of the raid at his house near Bakery Junction, tensions escalated in the area. CPM workers who had gathered at the location allegedly attacked and vandalised vehicles belonging to ED officials and security personnel as they were leaving the premises.