Kerala

വൈദ്യുതി കരാര്‍ വിവാദത്തില്‍ മഞ്ഞുരുകുന്നു; മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ സമവായം

കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. പ്രശാന്ത് ഇന്നലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ നേരില്‍ കണ്ട് നിലവിലെ വൈദ്യുതി ലഭ്യതയും ബദല്‍ മാര്‍ഗങ്ങളും വിശദീകരിച്ചു.

Madism Desk

സംസ്ഥാനത്ത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഭരണതലത്തിലെ ഭിന്നതകള്‍ക്കും വഴിവെച്ച വൈദ്യുതി വാങ്ങല്‍ വിവാദത്തിന് താല്‍ക്കാലിക പരിഹാരം. ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി വി.ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് വിഷയത്തില്‍ സമവായമായത്. ജി.എന്‍.എയുമായുള്ള വൈദ്യുതി കരാര്‍ റദ്ദാക്കിയതും ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള വൈദ്യുതി വാങ്ങല്‍ നീക്കം സംശയനിഴലിലായതുമാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ചൊടിപ്പിച്ചത്.

ജി.എന്‍.എയില്‍ നിന്ന് തല്‍ക്കാലം വൈദ്യുതി വാങ്ങേണ്ടതില്ലെന്ന തീരുമാനം താന്‍ അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന മന്ത്രിയുടെ തുറന്നുപറച്ചില്‍ വലിയ വിവാദമായിരുന്നു. തന്നെ അവഗണിച്ച് ഉദ്യോഗസ്ഥതലത്തില്‍ തീരുമാനങ്ങളെടുത്തതിലുള്ള മന്ത്രിയുടെ അതൃപ്തി ഇതോടെ പരസ്യമായി. എന്നാല്‍, മന്ത്രിയുടെ ഈ വാദം മുഖ്യമന്ത്രി തള്ളിയതോടെ ഭിന്നത രൂക്ഷമായി. വൈദ്യുതി ബോര്‍ഡ് അയച്ച ഫയല്‍ മന്ത്രി വഴിയാണ് തനിക്ക് ലഭിച്ചതെന്നും തീരുമാനമെടുത്ത ശേഷം മന്ത്രിക്കാണ് തിരികെ നല്‍കിയതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

മഞ്ഞുരുക്കിയ നീക്കങ്ങള്‍

സര്‍ക്കാരിനുള്ളിലെ ഭിന്നത പ്രതിപക്ഷം ആയുധമാക്കുന്നത് ഒഴിവാക്കാന്‍ ഉന്നതതലത്തില്‍ അടിയന്തര ഇടപെടലുകളുണ്ടായി. ഇതിന്റെ ഭാഗമായി കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍. പ്രശാന്ത് ഇന്നലെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ നേരില്‍ കണ്ട് നിലവിലെ വൈദ്യുതി ലഭ്യതയും ബദല്‍ മാര്‍ഗങ്ങളും വിശദീകരിച്ചു. ഇതിന് പിന്നാലെ ബോര്‍ഡ്-കോര്‍പ്പറേഷന്‍ ചര്‍ച്ചകള്‍ക്കിടെ ക്ലിഫ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. കെ.എസ്.ഇ.ബി എം.ഡിയുമായി താന്‍ പ്രത്യേക ചര്‍ച്ച നടത്തിയിട്ടില്ലെന്നും ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷമാണ് കണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചര്‍ച്ചയില്‍ മന്ത്രി സണ്ണി ജോസഫ് എതിര്‍പ്പുകളൊന്നും ഉന്നയിച്ചില്ല.

കരുതല്‍ നടപടികള്‍

നിലവില്‍ സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമില്ലാത്തതിനാല്‍ അടുത്ത രണ്ട് മാസത്തേക്ക് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. കെ.എസ്.ഇ.ബി ചെയര്‍മാന്റെ ഈ ഉറപ്പ് അംഗീകരിക്കുന്നതായി സണ്ണി ജോസഫ് വ്യക്തമാക്കി. ജി.എന്‍.എ കരാറില്‍ അന്തിമ തീരുമാനമായിട്ടില്ലെങ്കിലും ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി പുതിയ കരാര്‍ സാധ്യതകള്‍ തേടാന്‍ ധാരണയായിട്ടുണ്ട്. നിലവില്‍ വിവിധ കരാറുകളിലൂടെയും കേന്ദ്ര പൂളിലൂടെയും കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നുണ്ട്.

വേനല്‍ക്കാലത്തെ (ഏപ്രില്‍, മേയ്) ആവശ്യകത കണക്കിലെടുത്ത് ഡാമുകളിലെ ജലം കരുതിവെക്കുന്നതിനായി ആഭ്യന്തര ഉല്‍പാദനം കുറച്ചിരിക്കുകയാണ്. പവര്‍ എക്‌സ്‌ചേഞ്ച് വഴിയും തത്സമയ വിപണിയിലൂടെയും ആവശ്യത്തിന് വൈദ്യുതി ലഭിക്കാതെ വന്നാല്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം. അതേസമയം, പകല്‍ സമയത്ത് ഉല്‍പാദിപ്പിക്കുന്ന സോളാര്‍ വൈദ്യുതി സംഭരിച്ച് രാത്രിയില്‍ ഉപയോഗിക്കുന്ന 'ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം' പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ അടുത്തയാഴ്ച സണ്ണി ജോസഫിന്റെ അധ്യക്ഷതയില്‍ പ്രത്യേക അവലോകന യോഗം ചേരും.

The electricity procurement controversy in Kerala has reached a temporary settlement following a meeting between Chief Minister V.D. Satheesan and Electricity Minister Sunny Joseph at Cliff House. The disagreement arose after the decision to suspend power purchases from GNA and uncertainties surrounding the proposed electricity procurement from Himachal Pradesh. Sunny Joseph had expressed displeasure over being allegedly kept out of key decisions, triggering a public disagreement with the Chief Minister. Efforts to resolve the differences intensified after the controversy became a political issue. KSEB Chairman N. Prasanth met the Electricity Minister and explained the state's current power availability and alternative arrangements. The minister accepted the assessment that Kerala would not need to purchase additional electricity from outside for the next two months, as there is currently no power shortage.