കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയില്‍ മണ്ണിടിച്ചില്‍. ആനക്കാംപൊയില്‍ - കള്ളാടി തുരങ്കപാത പദ്ധതി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ ഒരു മരണം സ്ഥിരീകരിച്ചു, 7 പേർക്ക് പരിക്കുണ്ട്. രക്ഷാപ്രവർത്തനത്തിനിടെ മേപ്പാടി എസ്ഐയ്ക്കും പരിക്കേറ്റു. മണ്ണിനടിയിൽ നിരവധി പേർ കുടുങ്ങിയതായി സംശയമുണ്ട്.
ഇന്ന് രാവിലെയാണ് പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലില്‍ തകര്‍ന്നു. മണ്ണിടിഞ്ഞ് കാണാതായ ഒരാളെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്.
തുരങ്കപാതയുടെ നിര്‍മാണം നടക്കുന്ന മീനാക്ഷി പാലത്തിനു സമീപമാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രദേശത്ത് അഗ്‌നിരക്ഷാസേന അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. മീനങ്ങാടിയില്‍ നിന്നുള്ള എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ സര്‍ക്കാർ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി മുഖ്യമന്ത്രി വി.ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റവന്യു മന്ത്രി എ.പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി.സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.
രക്ഷാപ്രവർത്തനം ഊർജ്ജിതം
കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി. എൻ.ഡി.ആർ.എഫ്, ഫയർ ഫോഴ്സ്, പോലീസ്, ഫോറസ്റ്റ്, ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. പ്രദേശത്ത് എം.എൽ.എ ഐ.സി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ, ജനപ്രതിനിധികൾ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
A landslide triggered by heavy rainfall has occurred at the Anakkampoyil–Kalladi tunnel road project site in Kalladi, Wayanad. According to reports, one person has died, while several others are feared trapped beneath the debris. The landslide took place on Friday morning, damaging a concrete retaining wall constructed for the tunnel project. One person who had gone missing was rescued by local residents, and rescue operations are currently underway.