കണ്ണൂർ ഡെന്റൽ കോളേജ് വിദ്യാർഥി ആർ.എൽ. നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ അധ്യാപകൻ ഡോ. കെ. റാമിനെ കോളേജ് മാനേജ്‌മെന്റ് പുറത്താക്കി. വ്യാഴാഴ്ചയാണ് ഡോ. റാമിനെ സ്ഥാപനത്തിൽനിന്ന് നീക്കം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് മാനേജ്‌മെന്റ് പുറത്തുവിട്ടത്. നിതിന്റെ മരണത്തിന് പിന്നാലെ വിദ്യാർഥികൾ നടത്തിയ ശക്തമായ പ്രക്ഷോഭത്തിനൊടുവിലാണ് നടപടി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശിയായ ഒന്നാം വർഷ ബി.ഡി.എസ് വിദ്യാർഥി ആർ.എൽ. നിതിൻരാജ് കോളേജ് ആശുപത്രി കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തത്. അധ്യാപകനായ ഡോ. കെ. റാം നിതിനെ ജാതീയമായി അധിക്ഷേപിച്ചതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും സഹപാഠികളും ആരോപിക്കുന്നത്.
അധ്യാപകനെ പുറത്താക്കിയെങ്കിലും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്യാമ്പസിൽ ഇന്നും പ്രതിഷേധം ഇരമ്പി. നഴ്സിങ് ഉൾപ്പെടെ വിവിധ ഡിപ്പാർട്മെന്റുകളിലെ വിദ്യാർഥികൾ ഇന്ന് നടന്ന പ്രതിഷേധത്തിൽ പങ്കുചേർന്നു. തങ്ങളുടെ വൈറ്റ് കോട്ടുകൾ ഊരിമാറ്റിക്കൊണ്ടാണ് വിദ്യാർഥികൾ വികാരനിർഭരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചത്.
തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ച് സമരത്തിലാണ്. ഡോ. റാമിനെ പുറത്താക്കാതെ ക്ലാസിൽ കയറില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ബി.ഡി.എസ് വിദ്യാർഥികൾ. അധ്യാപകനെ പുറത്താക്കിയെങ്കിലും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നത് വരെ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.
നിതിൻരാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട ഡോ. കെ. റാം, ഡോ. കെ.ടി. സംഗീത നമ്പ്യാർ എന്നിവർ നിലവിൽ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവർക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അറസ്റ്റ് ഉണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് വിദ്യാർഥി സംഘടനകളുടെ നീക്കം.
English Summary: The management of Kannur Dental College in Anjarakkandy has expelled Dr. K. Ram following intense student protests over the death of first-year BDS student R.L. Nithin Raj. Nithin Raj, a Thiruvananthapuram native, died by suicide last Friday after allegedly facing caste-based harassment and verbal abuse from the teacher. While the teacher has been removed, students continued their agitation by boycotting classes and staging a "white coat protest," demanding the immediate arrest of Dr. Ram and another staff member who are currently absconding.