Kerala

'ആ തിട്ടൂരം കടന്നകൈ'; ഗവര്‍ണര്‍ക്കെതിരെ പോർമുഖം തുറന്ന് കെ സി വേണുഗോപാല്‍

ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയില്‍ക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ക്ക് ഓര്‍മ വേണം

Madism Desk

ലോക് ഭവനില്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം മതിയെന്ന് സ്ഥാനമേറ്റെടുക്കും മുന്‍പേ കേരളാ ഗവര്‍ണര്‍ ഓംപ്രകാശ് മാഥൂര്‍ നല്‍കിയ നിര്‍ദ്ദേശത്തിനെതിരെ കടുത്ത വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വോട്ട് കവര്‍ന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചവര്‍ തന്നെ ഇപ്പോള്‍ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവര്‍ന്നെടുക്കാന്‍ ഒരുങ്ങുകയാണെന്ന് കെ സി വേണുഗോപാല്‍ പ്രസ്താവനയില്‍ ആരോപിച്ചു. സംസ്ഥാന ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് കെ സി വേണുഗോപാലിന്റെ പ്രതികണം.

അധികാരം ഉപയോഗിച്ച് ഇവിടെ വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയാണ് നിയുക്ത ഗവര്‍ണര്‍ ചെയ്യുന്നത്. സംഘപരിവാറിന്റെ ഭരണഘടനാ വിരുദ്ധ താത്പര്യങ്ങളുടെ തുടര്‍ച്ചയാണ് ഈ നടപടി. സംഘപരിവാറിന്റെ കാവി അജണ്ട കേരളത്തില്‍ നടപ്പിലാക്കുന്നതിന്റെ ആദ്യഘട്ടമാണിതെന്നും അദ്ദേഹം ആരോപിച്ചു.

സമ്മിശ്രമായ ഭക്ഷണ സംസ്‌കാരമുള്ള നാടാണ് കേരളം. തീരദേശ സംസ്ഥാനമായ കേരളത്തില്‍ മത്സ്യസമ്പത്ത് ആവോളമുണ്ട് താനും. അതുകൊണ്ടുതന്നെ വെജിറ്റേറിയനായും നോണ്‍ വെജിറ്റേറിയനായും ഓരോ മനുഷ്യനും ഇവിടെ തുടര്‍ന്നുപോരാം. മലയാളി ശീലിച്ച ഭക്ഷണരീതിക്ക് വിലക്കേര്‍പ്പെടുത്താനോ ഇനിമുതല്‍ എന്ത് കഴിക്കണമെന്ന നിര്‍ദേശം പുറപ്പെടുവിക്കാനോ ആരെങ്കിലും ശ്രമിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല.

ഭക്ഷണത്തില്‍പ്പോലും കടന്നുകയറി മലയാളിയുടെ തനത് ജീവിതരീതികളെ ഇല്ലാതാക്കുന്ന അന്ത്യശാസനങ്ങള്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. എന്ത് കഴിക്കണമെന്നും എങ്ങനെ ജീവിക്കണമെന്നും തീരുമാനിക്കാനുള്ള ഭരണഘടന നല്‍കുന്ന അവകാശം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണഘടനാ പദവിയിലിരിക്കുന്ന വ്യക്തി തന്നെയാണ് ഇവിടെ തന്റെ ഭക്ഷണ രീതി തന്നെ മറ്റുള്ളവര്‍ പിന്തുടരണമെന്ന് നിര്‍ബന്ധം പിടിക്കുന്നത്.

വെജിറ്റേറിയനായ ഗവര്‍ണറുടെ ഭക്ഷണക്രമം അദ്ദേഹം അതേപടി തന്നെ തുടരുന്നതില്‍ ഒരുതരത്തിലുള്ള തടസ്സവും ഉണ്ടാകാന്‍ പാടില്ല. എന്നാല്‍, മലയാളികള്‍ കൂടി ജീവനക്കാരായുള്ള ലോക്ഭവന്റെ അടുക്കള, തന്റെ പ്രത്യേക താത്പര്യത്തോട് കൂടി മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന നിര്‍ദേശമടങ്ങിയ നിയന്ത്രണം അംഗീകരിക്കാന്‍ കഴിയുന്നതല്ല. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, ആളുകള്‍ ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ കൊല്ലപ്പെടുന്ന നിലയുണ്ടായത് പകല്‍ പോലെ നമ്മുടെ കണ്‍വെട്ടത്തുണ്ട്.

ദാദ്രി അടക്കമുള്ളവ നമ്മുടെ രാജ്യത്തിന്റെ ഹൃദയത്തിലേല്‍പ്പിച്ച മുറിവ് ഇന്നുമിവിടെ അവശേഷിക്കുന്നുണ്ട്. ഭക്ഷണത്തെ മുന്‍നിര്‍ത്തി ഇങ്ങനെ പലയിടങ്ങളിലും സംഘപരിവാര്‍ നടത്തുന്ന തീവ്രവര്‍ഗീയപ്രചരണവും അപരവിദ്വേഷ പ്രകടനവും അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കൂടിയാണ് കടക്കുന്നത്. സംഘപരിവാര്‍ നടപ്പിലാക്കുന്ന ഈ നയങ്ങള്‍ ലോക്ഭവനില്‍ നിന്ന് ഓരോ കേന്ദ്രങ്ങളിലേക്ക് വ്യാപിക്കുകയും, ക്രമേണ അതൊരു ആധിപത്യമായി മാറി നമ്മുടെ സ്വാഭാവികത നമുക്ക് നഷ്ടപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയും ചെയ്യുമെന്നതില്‍ സംശയമില്ല.

ഭക്ഷണ സ്വാതന്ത്ര്യം ഓരോ വ്യക്തിയുടെയും അവകാശമാണ്. അതിന് തടയിടുന്ന പ്രവൃത്തിയില്‍ നിന്ന് കേരളത്തിന്റെ ഗവര്‍ണര്‍ പിന്മാറണം. ഇഷ്ടമുള്ളത് പാചകം ചെയ്യാനും ഇഷ്ടമുള്ളത് കഴിക്കാനും കഴിയുന്ന അവകാശങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന പരിരക്ഷ ഉറപ്പുവരുത്തേണ്ട പദവിയില്‍ക്കൂടിയാണ് ഇരിക്കുന്നതെന്ന് ഗവര്‍ണര്‍ക്ക് ഓര്‍മ വേണമെന്നും കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു.

AICC General Secretary and MP K. C. Venugopal has criticised Kerala Governor Om Prakash Mathur’s reported instruction to serve only vegetarian food at Lok Bhavan. In a statement issued after the Governor assumed office, Venugopal alleged that those accused of undermining citizens’ democratic rights were now attempting to curtail their freedom of food choices as well.