Kerala

'എക്‌സിറ്റ് പോളുകൾക്കും മുകളിൽ പോകും'; യുഡിഎഫ് ഭരണമുറപ്പിക്കുന്നത് ന്യൂനപക്ഷ വോട്ട് ഏകീകരണത്തിൽ

മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്കു അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്ന് വിലയിരുത്തലിൽ യുഡിഎഫ് ക്യാമ്പ്

Milan George

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മിന്നുംജയം, തദ്ദേശ തിരഞ്ഞെടുപ്പിലെ മേൽക്കൈ, ഉപതിരഞ്ഞെടുപ്പുകളിലെ ആധിപത്യം...വൻ ആധിപത്യവുമായി അധികാരത്തിൽ തിരിച്ചെത്തുമെന്ന് തറപ്പിച്ചുപറയാൻ യുഡിഎഫിനു കാരണങ്ങളേറെ. തിരഞ്ഞെടുപ്പിൽ ശക്തമായ ഭരണവിരുദ്ധവികാരം പ്രകടമാണെന്നാണ് വോട്ടെടുപ്പിനുശേഷം യുഡിഎഫ് വിലയിരുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് 100 പ്ലസ് യുഡിഎഫ് പ്രതീക്ഷിക്കുന്നതും.

ന്യൂനപക്ഷ ഏകീകരണം പ്രധാന പ്രതീക്ഷ

തദ്ദേശ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനു അനുകൂലമായി നടന്നിട്ടുണ്ട്. മലപ്പുറം ജില്ലയിൽ ക്ലീൻ സ്വീപ്പ്, എറണാകുളത്തെ ആധിപത്യം, കോഴിക്കോട് ഇടത് കോട്ടകൾ പോലും വിള്ളലേൽപ്പിക്കാൻ കഴിഞ്ഞത്...എന്നിങ്ങനെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ പാറ്റേൺ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചാൽ പ്രതീക്ഷിക്കും വിധം വമ്പൻ വിജയമുണ്ടാകുമെന്ന് യുഡിഎഫ് ഉറപ്പിക്കുന്നു.

മുസ്ലിം, ക്രിസ്ത്യൻ വോട്ടുകൾ തങ്ങൾക്കു അനുകൂലമായി ഏകീകരിക്കപ്പെട്ടിട്ടുണ്ടെന്ന് യുഡിഎഫ് ക്യാമ്പുകൾ വിലയിരുത്തുന്നു. എൽഡിഎഫിന് ആധിപത്യമുള്ള ജില്ലകളിൽ തങ്ങൾ പിന്നിലേക്കു പോയാലും ഇത്തരത്തിൽ ന്യൂനപക്ഷ ഏകീകരണം നടന്നിട്ടുള്ള ജില്ലകളിലെ ഫലംകൊണ്ട് അത് മറികടക്കാൻ സാധിക്കുമെന്നാണ് യുഡിഎഫ് കരുതുന്നത്.

വയനാട്, മലപ്പുറം, ഇടുക്കി, പത്തനംതിട്ട തൂത്തുവാരും

മലപ്പുറം ജില്ലയിലെ 16 സീറ്റുകളിലും യുഡിഎഫ് വിജയം പ്രതീക്ഷിക്കുന്നു. എറണാകുളം ജില്ലയിലെ 14 സീറ്റിൽ ഒന്നോ രണ്ടോ നഷ്ടമായാൽ പോലും 12 സീറ്റ് ഉറപ്പിക്കുന്നു. ഇത്തരത്തിൽ പത്തനംതിട്ട, വയനാട്, ഇടുക്കി ജില്ലകളിൽ ക്ലീൻ സ്വീപ്പിനു സമമായ ഫലം യുഡിഎഫ് പ്രതീക്ഷിക്കുന്നുണ്ട്. 90 സീറ്റ് ഉറപ്പെന്നും തരംഗമായാൽ അത് 100 കടക്കുമെന്നും യുഡിഎഫ് ഉറപ്പിച്ചുപറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

കോഴിക്കോട്, കൊല്ലം, ആലപ്പുഴ ജില്ലകളിൽ എൽഡിഎഫിനാണ് മേൽക്കൈയുള്ളത്. ഇത്തവണ ഈ ജില്ലകളിലെ ചില ഇടത് ശക്തികേന്ദ്രങ്ങൾ പോലും തങ്ങൾക്കൊപ്പം നിൽക്കുമെന്ന് യുഡിഎഫ് കരുതുന്നു. അങ്ങനെ വന്നാൽ തിരുവനന്തപുരം, പാലക്കാട്, തൃശൂർ ജില്ലകളിൽ പിന്നിലേക്കു പോയാലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് യുഡിഎഫ് വിലയിരുത്തൽ.

ഭരണവിരുദ്ധ വികാരം നേട്ടമാകും

യുഡിഎഫിനു ഇത്ര വലിയ ആത്മവിശ്വാസം നൽകുന്നതിനു മറ്റൊരു കാരണം ഭരണവിരുദ്ധ വികാരം ആണ്. തുടർച്ചയായി 10 വർഷം ഭരിച്ച സർക്കാരിനെതിരെ പുരുഷ വോട്ടർമാരിൽ ശക്തമായ ഭരണവിരുദ്ധവികാരം ഉണ്ടെന്നും ഇത് പൂർണമായി യുഡിഎഫ് അനുകൂല വോട്ടാകുമെന്നും അവർ പ്രതീക്ഷിക്കുന്നു. അതിനൊപ്പം യുവവോട്ടർമാർ യുഡിഎഫിനൊപ്പം നിൽക്കുമെന്നും ഇവർ പ്രതീക്ഷിക്കുന്നു. ഈ ഘടകങ്ങളെല്ലാം ശരിയായാൽ 90 നും 100 നും ഇടയിൽ സീറ്റുകളുമായി ഭരണത്തിലെത്താമെന്ന് യുഡിഎഫിനു ഉറപ്പുണ്ട്.

ആശങ്കപ്പെടുത്തുന്നത് ഈ കണക്ക്

അതേസമയം, യുഡിഎഫിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് 2021 ലെ തിരഞ്ഞെടുപ്പ് ഫലമാണ്. 99 സീറ്റാണ് അന്ന് എൽഡിഎഫ് നേടിയത്. ഇത്തവണ ഇതിൽ 29 സീറ്റുകളെങ്കിലും എൽഡിഎഫ് ഉറപ്പായും തോൽക്കണം. മാത്രമല്ല 2021 ൽ കിട്ടിയ സീറ്റുകളെല്ലാം യുഡിഎഫ് ഒന്നുപോലും നഷ്ടപ്പെടുത്താതെ നിലനിർത്തുകയും വേണം. ശക്തമായ ഭരണവിരുദ്ധ വികാരം ഉണ്ടെങ്കിൽ മാത്രമേ അത് നടക്കൂവെന്ന് യുഡിഎഫിന് അറിയാം. ഭരണവിരുദ്ധ വികാരം ഇല്ലാത്ത ഒരു സാഹചര്യമാണെങ്കിൽ മുകളിൽ പറഞ്ഞതൊന്നും നടക്കില്ലെന്നും 71 എന്ന മാജിക്ക് നമ്പർ തൊടാൻ സാധിക്കില്ലെന്നും യുഡിഎഫിന് ആശങ്കയുണ്ട്.

English summary: The UDF is confident of a strong victory in the Kerala Assembly Election 2026, expecting 90–100+ seats based on perceived minority vote consolidation, anti-incumbency against the LDF, and strong performances in recent Lok Sabha and local body elections. It believes Muslim and Christian voter alignment, along with youth support, will boost its prospects even in LDF strongholds. However, the party remains cautious, noting that replicating such a swing from the 2021 results is essential to achieve a majority.

It also acknowledges that without a strong anti-incumbency wave, crossing even the minimum threshold becomes difficult. The UDF therefore views voter sentiment in key districts as decisive for its final outcome.