കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകള്‍ അന്തിമ ധാരണയിലേക്ക്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍, കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ പങ്കെടുത്ത് നടന്ന വ്യത്യസ്ത ചര്‍ച്ചകളിലാണ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകളില്‍ ഏകദേശ ധാരണയിലെത്തിയത്. ആഭ്യന്തര വകുപ്പ് വേണമെന്ന രമേശ് ചെന്നിത്തലയുടെ ആവശ്യത്തില്‍ തത്വത്തില്‍ ധാരണയിലെത്തിയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മന്ത്രിസഭയില്‍ രമേശ് ചെന്നിത്തല ഉണ്ടാകണം എന്ന് വിഡി സതീശന്‍ തന്നെ നിലപാട് എടുക്കുകയായിരുന്നു. വകുപ്പ് പ്രശ്‌നമില്ലെന്നും അദ്ദേഹം അറിയിച്ചതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഉയര്‍ന്ന അതൃപ്തി മറന്ന് രമേശ് ചെന്നിത്തലയെ മന്ത്രിസഭയോട് അടുപ്പിച്ചത്. സംസ്ഥാനത്തെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളായ ചെന്നിത്തല മന്ത്രിസഭയില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ദോഷം ചെയ്യുമെന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കമാന്‍ഡ് പ്രതിനിധിയായി എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ തന്റെ പക്ഷത്തുള്ള രണ്ട് എംഎല്‍എമാര്‍ക്കു താന്‍ ആവശ്യപ്പെടുന്ന വകുപ്പ് നല്‍കണമെന്ന ചെന്നിത്തലയുടെ ആവശ്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നാണ് വിവരംം. അന്‍വര്‍ സാദത്ത്, ഐ.സി.ബാലകൃഷ്ണന്‍ എന്നിവരെ മന്ത്രിയാക്കണമെന്നാണ് ചെന്നിത്തലയുടെ ആവശ്യം.
അതേസമയം, രമേശ് ചെന്നിത്തലയ്ക്ക് പുറമെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, മുതിര്‍ന്ന നേതാക്കളായ എ പി അനില്‍കുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ മുരളീധരന്‍, പി സി വിഷ്ണുനാഥ്, ചാണ്ടി ഉമ്മന്‍ എന്നിവരും മന്ത്രിസഭയില്‍ എത്തുമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ, കേരളത്തിലെത്തിയ കെ സി വേണുഗോപാലും മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകളില്‍ ഇന്ന് സജീവമായിരുന്നു. ജില്ല, സമുദായം എന്നിവയുടെ പ്രാതിനിധ്യം ഉറപ്പിക്കുന്നതിലൂടെ കെ സി വേണുഗോപാല്‍ പക്ഷത്തുള്ളവരെയും പരമാവധി മന്ത്രി സഭയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമങ്ങളും സജീവമാണ്.
ക്യാബിനറ്റ് രൂപീകരണ ചര്‍ച്ചകള്‍ അവസാന ലാപ്പിലേക്ക് കടക്കുമ്പോള്‍ ആര്‍എസ് പി, സിഎംപി എന്നി കക്ഷികള്‍ക്കുള്ള മന്ത്രി സ്ഥാനങ്ങളില്‍ തീരുമാനമായെന്നാണ് നേതാക്കള്‍ നല്‍കുന്ന പ്രതികരണം. ആര്‍എസ്പി ഹാപ്പിയാണെന്നാണ് ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ഷിബു ബേബി ജോണ്‍ പറഞ്ഞത്. മന്ത്രി സ്ഥാനത്തില്‍ ധാരണയായെന്നും വകുപ്പുകളുടെ കാര്യം രാത്രിയോടെ തീരുമനമാകും എന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
എന്നാല്‍ അഞ്ചാം മന്ത്രിയില്‍ തടഞ്ഞു നില്‍ക്കുകയാണ് മുസ്ലീം ലീഗ് - കോണ്‍ഗ്രസ് ചര്‍ച്ച. മന്ത്രിസ്ഥാനം സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചകള്‍ അവസാനിച്ചതായി പി.കെ.കുഞ്ഞാലിക്കുട്ടി. നാളെയും ചര്‍ച്ച നടക്കും. എല്ലാ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തിയശേഷമേ യുഡിഎഫിന് തീരുമാനമെടുക്കാനാകൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ആകെ 21 മന്ത്രിമാര്‍, അതില്‍ 13 മന്ത്രിമാര്‍ കോണ്‍ഗ്രസിന്. വിദ്യാഭ്യാസ വകുപ്പ് ലീഗിനു തന്നെ ലഭിക്കും. പി.കെ.ബഷീര്‍, എന്‍.ഷംസുദ്ദീന്‍ എന്നിവര്‍ ലീഗില്‍ നിന്ന് മന്ത്രിമാരാകും. പാറക്കല്‍ അബ്ദുള്ള, റസാഖ് മാസ്റ്റര്‍ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ ഉണ്ട്. ആര്‍എംപിക്കു ഒരു മന്ത്രിസ്ഥാനം ലഭിച്ചേക്കും.
കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം രണ്ട് മന്ത്രിസ്ഥാനം ആവശ്യപ്പെടും. എന്നാല്‍ ഒരു മന്ത്രിസ്ഥാനം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിഎംപി നേതാവ് സി.പി ജോണിന് മന്ത്രിസഭയില്‍ മുഴുവന്‍ ടേമും നല്‍കാന്‍ ധാരണയായപ്പോള്‍ അനൂപ് ജേക്കബും മാണി സി കാപ്പനും രണ്ടര വര്‍ഷം എന്ന ടേം വ്യവസ്ഥയില്‍ മന്ത്രി പദവി പങ്കിടണമെന്നാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശം. മന്ത്രിസ്ഥാനം ടേം വ്യവസ്ഥയില്‍ മറ്റൊരു ഘടകകക്ഷിയുമായി വീതംവയ്ക്കാന്‍ പറ്റില്ലെന്ന നിലപാട് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
English Summery: Discussions within the Congress party over Kerala’s chief ministership are reportedly nearing a final consensus. In a series of meetings attended by Chief Minister-designate V. D. Satheesan, Congress General Secretary (Organisation) K. C. Venugopal, and senior leader Ramesh Chennithala, broad agreement was reached on the leaders likely to be included in the new cabinet. The discussions are seen as a key step toward finalising the party’s power-sharing and governance structure in Kerala.