Kerala

ആര് ഭരിക്കുമെന്ന് നാളെ അറിയാം; ഒന്നും പുറത്തേക്കു കാട്ടാതെ ഇടതുമുന്നണി, മുഖ്യമന്ത്രിപ്പോര് കടുപ്പിച്ച് കോണ്‍ഗ്രസ്

മന്ത്രിമാരെ തീരുമാനിക്കാനുള്ള തിടുക്കത്തിലാണ് യുഡിഎഫ്

Madism Desk

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് നാളെ അറിയാം. രാവിലെ എട്ട് മണി മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ആദ്യഘട്ടത്തില്‍ തപാല്‍ വോട്ടുകളാവും എണ്ണിത്തുടങ്ങുക. ഇരുമുന്നണികളും വിജയപ്രതീക്ഷയിലാണ്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ അട്ടിമറിച്ച് നേരിയ ഭൂരിപക്ഷത്തിന് അധികാരത്തില്‍ തുടരുമെന്ന പ്രതീക്ഷയാണ് ഇടതുമുന്നണിക്കുള്ളത്. മറുവശത്ത് ചുരുങ്ങിയത് 85 സീറ്റെങ്കിലും നേടാനാവുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. 79–84 സീറ്റ് യുഡിഎഫ് നേടുമെന്നാണ് മുസ്‍ലിം ലീഗിന്റെ കണക്ക്. മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോഴിക്കോട്, കോട്ടയം, വയനാട് ജില്ലകളിലാണ് മുന്നണിക്ക് കൂടുതൽ ആത്മവിശ്വാസം. 2 സീറ്റിലെങ്കിലും വിജയിക്കാമെന്ന കണക്കുകൂട്ടല്‍ എന്‍ഡിഎ ക്യാംപിലുമുണ്ട്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ കേരളത്തില്‍ ഭരണവിരുദ്ധ തരംഗമുണ്ടാവില്ലെന്ന് പ്രവചിച്ചിരുന്നു. തരംഗമുണ്ടായാല്‍ 100 സീറ്റിന് മുകളില്‍ യുഡിഎഫിന് ലഭിക്കും. അങ്ങനെ വന്നാല്‍ സമീപകാലത്ത് എല്‍ഡിഎഫ് നേരിടുന്ന ഏറ്റവും വലിയ തോല്‍വികളിലൊന്നായി ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് രേഖപ്പെടുത്തപ്പെടും. അതേസമയം 75 സീറ്റുകളെങ്കിലും ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. എക്‌സിറ്റ് പോളില്‍ പിണറായി വിജയന് ലഭിച്ച സ്വീകാര്യത വോട്ടായി മാറിയിട്ടുണ്ടെന്നാണ് ഇടത് കണക്കുകള്‍. നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളിലാണ് ബിജെപി വിജയ പ്രതീക്ഷ വെച്ചിരിക്കുന്നത്. പാലക്കാട്, മഞ്ചേശ്വരം എന്നിവിടങ്ങളിലും എന്‍ഡിഎ ശക്തമായ സാന്നിധ്യമാവുമെന്നും വിലയിരുത്തലുകളുണ്ട്.

അതേസമയം പ്രവചനങ്ങളും വിലയിരുത്തലുകളും അനുകൂലമായതോടെ കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹവും മൂര്‍ച്ഛിക്കുകയാണ്. കെ.സി വേണുഗോപാല്‍ മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടി കരുക്കള്‍ നീക്കുന്നതായിട്ടാണ് സൈബര്‍ കോണ്‍ഗ്രസില്‍നിന്ന് ലഭ്യമാകുന്ന വിവരം. കെ.സി, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്ക് വേണ്ടി സൈബറിടത്തില്‍ അതിശക്തമായ ക്യാംപെയ്‌നുകളും നടക്കുന്നുണ്ട്. മൂവരും മുഖ്യമന്ത്രി സ്ഥാനത്തിന് അര്‍ഹരാണെന്നും അല്ലെന്നും വ്യക്തമാക്കുന്ന വിമത പോസ്റ്ററുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമീപ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

എക്സിറ്റ് പോളുകള്‍ കൂടെ പ്രതികൂലമായതോടെ പൂർണമായും പിന്‍വലിയുന്ന നിലപാടിലാണ് ഇടതുമുന്നണി. പരസ്യ പ്രസ്താവനകളും അവകാശവാദങ്ങളും വോട്ടെടുപ്പിന് ശേഷം ഇടതുപാളയത്തില്‍നിന്നുണ്ടായിട്ടില്ല. മന്ത്രിമാർ ഉള്‍പ്പെടെ തോല്‍ക്കുമെന്ന വിലയിരുത്തലിനോട് പോലും പ്രതികരിക്കാന്‍ സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഉള്‍പ്പെടെ പാർട്ടി തള്ളുന്നുണ്ടെങ്കിലും പല മണ്ഡലങ്ങളിലും പ്രതീക്ഷ വെച്ചുപുലർത്തുന്നില്ല. കുന്നത്തുനാട്ടില്‍ തോല്‍ക്കുമെന്നാണ് പാർട്ടി വിലയിരുത്തലെന്ന് നേരത്തെ പിവി ശ്രീനിജന്‍ പരസ്യമായി തുറന്നുപറഞ്ഞിരുന്നു.

English Summary: Kerala awaits its election results with counting set to begin tomorrow. While the Left Democratic Front remains confident, the United Democratic Front is intensifying its chief ministerial race. Leaders like V. D. Satheesan, K. C. Venugopal, and Ramesh Chennithala are at the center of the leadership battle.