Kerala

സാമൂഹിക നീതിക്കും ജനക്ഷേമത്തിനും മുൻതൂക്കം; അവസാന ലാപ്പിൽ ജനപ്രിയ ബജറ്റുമായി കെഎൻ ബാല​ഗോപാൽ

'മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം,' എന്ന വാക്യമാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.

Anusha Andrews

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ആരോ​ഗ്യം, വിദ്യാഭ്യാസം, വാണിജ്യവികസനം, അടിസ്ഥാന വികസനം, ദാരിദ്ര നിർമ്മാർജനം, പട്ടികജാതി, പട്ടികവർ​ഗ വികസനം തുടങ്ങി നിർണായക മേഖലകളിൽ വൻ പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്. രാവിലെ ഒൻപത് മണിക്ക് ആരംഭിച്ച ബജറ്റ്, ഉച്ചക്ക് 12 മണിയോടെയാണ് അവസാനിച്ചത്. മുസ്ലിം ലീ​ഗ് നേതാവ് കെ എം ഷാജിയുടെ വിവാദ പരാമർശം ഓർമ്മിപ്പിച്ചായിരുന്നു സാമൂഹിക നീതിയിലൂന്നിയ ബജറ്റ് പ്രഖ്യാപനം. 'മതമല്ല മതമല്ല മതമല്ല പ്രശ്നം, എരിയുന്ന വയറിലെ തീയാണ് പ്രശ്നം,' എന്ന വാക്യമാണ് സർക്കാരിനെ നയിക്കുന്നതെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി പറഞ്ഞു.

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷനെ രൂപീകരിക്കും എന്നതാണ് ബജറ്റിലെ നിർണായക പ്രഖ്യാപനം. കൂടാതെ, സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ വിതരണം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറ്റുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ആശമാരേയും ഇത്തവണ ബജറ്റിൽ കൈവിട്ടിട്ടില്ല. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1,000 രൂപ വർധിപ്പിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയും, ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയും, വർധിപ്പിക്കും.

കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ ബജറ്റ്

അവസാന ബജറ്റ് പ്രസംഗത്തിൽ, കേരളത്തിന് എതിരായ കേന്ദ്ര അവഗണന എണ്ണിപ്പറഞ്ഞ് ധനമന്ത്രി കെഎൻ ബാലഗോപാൽ. കേരളത്തെ ശ്വാസംമുട്ടിക്കാൻ കേന്ദ്രം നിരന്തരം ശ്രമിക്കുന്നതായും, തൊടു ന്യായം പറഞ്ഞ് കേരളത്തിനുള്ള അർഹമായ വിഹിതം വെട്ടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. 'ഇന്ത്യയിൽ വോട്ട് ചോരി മാത്രമല്ല നോട്ട് ചോരിയും നടക്കുന്നു. ജിഎസ്ടി പരിഷ്‌കരണത്തിൽ 800 കോടി രൂപയുടെ നഷ്ടമുണ്ടായി. സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനം മാത്രമാണ് കേന്ദ്ര വിഹിതം. തൊഴിലുറപ്പ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ രണ്ടായിരം കോടി അധികം കണ്ടത്തേണ്ട സ്ഥിതിയാണ്. നികുതി വരുമാനവും, വായ്പാ പരിധിയും വെട്ടികുറയ്ക്കുന്നു. തനത് വരുമാനത്തിന്റെ പ്രധാന ശ്രോതസ്സായ ജിഎസ്ടിയിൽ പോലും കേന്ദ്രം കുറവ് വരുത്തി,' മന്ത്രി പറഞ്ഞു. ഫെഡറലിസം ഇന്ത്യയുടെ ആത്മാവ് ആണെന്നും, എന്നാൽ അത് തകർക്കാൻ കേന്ദ്രം ശ്രമം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു

സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനായി പുതിയ കമ്മീഷൻ. മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. ഇതോടെ സർക്കാർ ജീവനക്കാരുടെ ശമ്പളം വർധിക്കും. ഡിഎ കുടിശ്ശിക പൂർണമായും കൊടുത്തു തീർക്കും. ഏപ്രിൽ മുതൽ അഷ്വേർഡ് പെൻഷൻ രീതി. അവസാന അടിസ്ഥാന ശമ്പളത്തിൻറെ 50 ശതമാനം ഉറപ്പാക്കും.

സൗജന്യ ചികിൽസയും അപകട ഇൻഷുറൻസും

ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ ബജറ്റ് പ്രഖ്യാപിച്ചു. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവർക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ ചികിൽസാ സൗകര്യം ലഭ്യമാക്കും. 15 കോടി രൂപയാണ് ഈ പദ്ധതിക്കായി കേരളം ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

ക്ഷേമപെൻഷന് 14,500 കോടി, ആശമാർക്കും ആശ്വാസം.

ക്ഷേമപെൻഷന് 14,500 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാർ 5 വർഷം കൊണ്ട് I0,100 കോടി നൽകിയപ്പോൾ, പിണറായി സർക്കാർ 10 വർഷം കൊണ്ട് ക്ഷേമ പെൻഷനായി നൽകിയത് 90,000 കോടി രൂപയാണെന്ന് ധനമന്ത്രി പറഞ്ഞു. ഒരു മാസത്തെ പോലും കുടിശിക ഇല്ലാതെയാണ് തുക നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ഇത്തവണ ബജറ്റിൽ സ്ത്രീ സുരക്ഷ പദ്ധതിക്കായി 3820 കോടി വകയിരുത്തിയിട്ടുണ്ട്. 31 ലക്ഷം പേർക്കാണ് ഇത് ലഭിക്കുക. ആശാ വർക്കർമാരുടെ ഓണറേറിയത്തിൽ 1,000 രൂപ വർധിപ്പിക്കും. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനത്തിൽ 1,000 രൂപയും, ഹെൽപ്പർമാരുടെ പ്രതിമാസ വേതനത്തിൽ 500 രൂപയും, വർധിപ്പിക്കും. സ്കൂൾ പാചക തൊഴിലാളികളുടെ പ്രതിദിന വേതനത്തിലും 25 രൂപ വർധിപ്പിച്ചു.

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിന് നാല് കോടി

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനുള്ള സ്കോളർഷിപ്പ് തുകയായി നാലു കോടി രൂപ ധനമന്ത്രി ബജറ്റിൽ അനുവദിച്ചു. ന്യൂനപക്ഷ ധനകാര്യ കമ്മീഷന് 12 കോടി രൂപയും, മുന്നോക്ക ക്ഷേമവികസന കോർപ്പറേഷന് 39.77 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പായ മാർഗ്ഗ ദീപം സ്കോളർഷിപ്പിന് 22 കോടി രൂപ അനുവദിച്ചു. ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്കുള്ള അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഡിജിറ്റൽ സർവകലാശാലയ്ക്ക് 27.21 കോടി രൂപയും അനുവദിച്ചു.

കാർഷിക മേഖലയ്ക്ക് 2024 കോടി അനുവദിച്ചു

കാർഷിക മേഖലയ്ക്ക് 2,024 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. യുവതലമുറയെ കാർഷിക മേഖലയിലേക്ക് ആകർഷിക്കാൻ പ്രത്യേക പദ്ധതികൾ അവതരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. കേര പദ്ധതിക്ക് 100 കോടി, നെല്ല് സംയോജിത പദ്ധതിക്ക് 150 കോടി, കാർഷിക സർവകലാശാലയ്ക്ക് 72 കോടി, സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 78. 45 കോടി, ഹൈടെക് കൃഷിക്ക് 10 കോടി, ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി 5. 25 കോടി രൂപ എന്നിവയാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ കാർഷിക രംഗം മെച്ചപ്പെട്ടുവെന്നും, കാർഷിക മേഖലയ്ക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും മന്ത്രി ബജറ്റിൽ പറഞ്ഞു.

ഗതാഗത മേഖലയിൽ വൻകിട പദ്ധതികൾ

* റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS): ഡൽഹി-മീററ്റ് അതിവേഗ റെയിൽപാതയുടെ മാതൃകയിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ അതിവേഗ യാത്രാ സൗകര്യം ഒരുക്കുന്ന പദ്ധതിയാണ് RRTS. നാല് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഇതിന്റെ ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശൂർ വരെയായിരിക്കും

* ദേശീയപാത 66 (NH 66) വികസനം

* എം.സി റോഡ് വികസനം: തിരുവനന്തപുരം മുതൽ അങ്കമാലി വരെയുള്ള എം.സി റോഡ് 24 മീറ്റർ വീതിയിൽ നാലുവരിപ്പാതയായി പുനർനിർമ്മിക്കും. പദ്ധതിയുടെ ഒന്നാം ഘട്ടത്തിനായി കിഫ്ബി (KIIFB) വഴി 5217 കോടി രൂപ നീക്കിവെച്ചു.

* വയനാട് തുരങ്കപാത: 8.73 കി.മീ നീളമുള്ള ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണം ആരംഭിച്ചു. 2134.5 കോടി രൂപയാണ് ചെലവ്.

* കട്ടപ്പന - തേനി തുരങ്കപാതയ്ക്കായി 10 കോടി രൂപ വകയിരുത്തി.

* മലയോര-തീരദേശ പാതകൾ: 2730 കോടി രൂപ ചെലവിൽ തീരദേശ പാതയുടെ നിർമ്മാണം പുരോഗമിക്കുന്നു.

സാമൂഹിക നീതിക്ക് പ്രധാന്യം

പഴയ പെട്രോൾ-ഡീസൽ ഓട്ടോറിക്ഷകൾ പൊളിച്ച് പകരം ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 40,000 രൂപ ഒറ്റത്തവണ സ്‌ക്രാപ്പേജ് ബോണസ് നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കൂടാതെ സ്മാർട്ട് ഓട്ടോ സ്റ്റാന്റിന് 20 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. സ്വയംപ്രഭ ഹോമുകൾക്ക് 14.5 കോടി, ട്രാൻസ് ജെൻഡർ പദ്ധതിക്ക് 6 കോടി, സ്ത്രീകളുടെയും കുട്ടികളുടെയും വികസനത്തിന് 454.81 കോടി, വയോജന കമ്മീഷന് 50 ലക്ഷം, എന്നിങ്ങനെ സാമൂഹിക നീതിക്ക് പ്രാധാന്യം നൽകുന്ന നിരവധി പ്രഖ്യാപനങ്ങളാണ് നടത്തിയിരിക്കുന്നത്.

വിഴിഞ്ഞത്തിന് 1000 കോടി, പത്രപ്രവർത്തകർക്കും ആനുകൂല്യം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസനത്തിന് സ്ഥലം ഏറ്റെടുക്കലിന് അടക്കം 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പ്രാരംഭ പ്രവർത്തനത്തിന് 100 കോടി വകയിരുത്തിയതായും ധനമന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാകുന്നതോടെ കേരളം ആ​ഗോള വ്യാപാര ഭൂപടത്തിൽ നിർണായക സ്ഥാനത്തെത്തുമെന്ന് ധനമന്ത്രി വ്യക്തമാക്കി. ഒപ്പം, സംസ്ഥാനത്തെ പത്ര പ്രവർത്തക പെൻഷൻ 13000 രൂപയാക്കി ഉയർത്തിയതായി മന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. 1500 രൂപയാണ് കൂട്ടിയത്. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. പ്രഖ്യാപനത്തിൽ ധനമന്ത്രിയെ അഭിനന്ദിച്ച് കേരള പത്രപ്രവർത്തക യൂണിയനും രം​ഗത്തെത്തി.

മെഡിസെപ്പ് 2.0

കേരളത്തിലെ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പ്രഖ്യാപിക്കപ്പെട്ട മെഡിസെപ്പ് നവീകരിച്ചാണ് 2.0 പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. പദ്ധതിയിൽ കൂടുതൽ ആശുപത്രികളും പാക്കേജുകളും ഉണ്ടായിരിക്കും. ഈ വർഷം ഫെബ്രുവരി ഒന്ന് മുതൽ മെഡിസെപ്പ് 2.0 പദ്ധതി നിലവിൽ വരും. പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്കും വിരമിച്ചവർക്കുമായും സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കുമായും മെഡിസെപ്പ് മാതൃകയിൽ ഇൻഷുറൻസ് പദ്ധതി ഉടൻ ആവിഷ്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

കെ ഫോണിന് 112 കോടി, കെ സ്പേസിന് 57 കോടി

കെ സ്പേസിന് 57 കോടി രൂപ, കെ ഫോണിന് 112.44 കോടി രൂപ, സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപ, സ്റ്റാർട്ടപ്പ് മിഷന് 99.5 കോടി രൂപയും നീക്കിവെച്ചതായി ധനമന്ത്രി ബജറ്റ് അവതരണത്തിൽ വ്യക്തമാക്കി. വർക്ക് ഹോം പദ്ധതി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി 150 കോടി വകയിരുത്തി. ഡെലിവറി വർക്കേഴ്സിന്റെ ക്ഷേമത്തിനായി 20 കോടിയും മാറ്റിവെച്ചിട്ടുണ്ട്. തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഗിഗ് ഹബ്ബുകളും സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ട്.

ബജറ്റ് നടപ്പിലാക്കില്ലെന്ന് പ്രതിപക്ഷ നേതാവ്

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഷ്‌ട്രീയം കലർത്തി അവതരിപ്പിച്ചിരിക്കുന്ന ബജറ്റ് ജനങ്ങൾ വിശ്വസിക്കില്ലെന്നും വിഡി സതീശൻ അഭിപ്രായപ്പെട്ടു. ഇപ്പോൾ സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായിരിക്കുന്നത് തെരഞ്ഞെടുപ്പിന് മുൻപ് ജനങ്ങളെ കബളിപ്പിക്കാനുള്ള നീക്കമാണ്, ഇത് ജനം വിശ്വസിക്കില്ല. പൂച്ച പെറ്റുകിടക്കുന്ന ഖജനാവുമായിട്ടാണ് സർക്കാർ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റിലൂടെ 'പൊളിറ്റിക്കൽ ഡൊക്യുമെന്റേഷനാണ്' കെഎൻ ബാല​ഗോപാൽ ശ്രമിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

English Summary: Finance Minister K.N. Balagopal presented the Kerala government’s final budget, prioritising social justice and welfare with major allocations for health, education, infrastructure, poverty eradication, and SC/ST development.