Kerala

'2018ലെ പ്രളയം മനുഷ്യനിർമിതം, പിന്നിൽ കരിമണൽ ലോബി'; മന്ത്രി കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ട് മാത്യു കുഴൽനാടൻ

തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രിക്കെതിരായ മാത്യു കുഴൽനാടന്റെ ആരോപണം

Madism Desk

കേരളത്തെ തകർത്ത 2018ലെ പ്രളയം കരിമണൽ ലോബിക്കുവേണ്ടി സൃഷ്ടിച്ചെടുത്ത മനുഷ്യനിർമിത ദുരന്തമാണെന്ന ഗുരുതര ആരോപണവുമായി മാത്യു കുഴൽനാടൻ എം.എൽ.എ. പ്രളയകാലത്തെ ഡാം മാനേജ്‌മെന്റിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നും ഇതിനുപിന്നിൽ കോടികളുടെ അഴിമതിയുണ്ടെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു. തെളിവായി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന് അവകാശപ്പെടുന്ന ശബ്ദരേഖയും അദ്ദേഹം പുറത്തുവിട്ടു.

ലോബിയെ സഹായിക്കാൻ പ്രളയം

തോട്ടപ്പള്ളി സ്പിൽവേയിലെ മണൽ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നുവെന്ന് കുഴൽനാടൻ ആരോപിക്കുന്നു. പ്രളയ ഭീഷണി നിലനിൽക്കെ തോട്ടപ്പള്ളി സ്പിൽവേ മനഃപൂർവ്വം തുറക്കാതിരുന്നത് കുട്ടനാട്ടിൽ വെള്ളപ്പൊക്കം രൂക്ഷമാക്കാൻ കാരണമായി. ഇത് ദുരന്തമായി പ്രഖ്യാപിച്ച ശേഷം, പ്രളയ നിയന്ത്രണമെന്ന വ്യാജേന വലിയ തോതിൽ കരിമണൽ കടത്താനാണ് സർക്കാർ സൗകര്യമൊരുക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മാത്യു ടി. തോമസിനും പങ്ക്

മുൻ ജലവിഭവ മന്ത്രി മാത്യു ടി. തോമസിനും ഈ ഇടപാടുകളിൽ നേരിട്ട് പങ്കുണ്ടെന്ന് കുഴൽനാടൻ ആരോപിച്ചു. കരിമണൽ ലോബിയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഡാം മാനേജ്‌മെന്റിൽ വരുത്തിയ മാറ്റങ്ങൾ പ്രളയത്തിന്റെ ആഘാതം വർദ്ധിപ്പിച്ചു. ഡാമുകൾ തുറന്നുവിട്ടതിലും നിയന്ത്രിച്ചതിലും ശാസ്ത്രീയമായ മാനദണ്ഡങ്ങളല്ല, മറിച്ച് ഖനന മാഫിയയുടെ താൽപ്പര്യങ്ങളാണ് നടപ്പിലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിർണായകമായി 'ശബ്ദരേഖ'

മന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ പുറത്തുവിട്ട ശബ്ദരേഖയിൽ ഡാം മാനേജ്‌മെന്റിലെ വീഴ്ചകളെക്കുറിച്ചുള്ള സൂചനകളുണ്ടെന്നാണ് കുഴൽനാടന്റെ വാദം.

English Summary: MLA Mathew Kuzhalnadan has raised explosive allegations against the Kerala government, claiming that the devastating floods were "man-made" and orchestrated to benefit the black sand mining lobby.