Kerala

എൻഎച്ച്എം, ആയുഷ് മിഷൻ ജീവനക്കാരോട് സർക്കാർ ക്രൂരത; രണ്ട് മാസത്തെ ‘ഔദാര്യം’ കൂട്ടപ്പിരിച്ചുവിടലിനുള്ള നീക്കമെന്ന് ആക്ഷേപം

നിലവിലെ ജീവനക്കാരുടെ കരാർ ഒരു സ്വാഭാവിക നടപടിയെന്ന നിലയിൽ ഇനി പുതുക്കി നൽകില്ല

Madism Desk

നാഷണൽ ഹെൽത്ത് മിഷനിലെയും ആയുഷ് മിഷനിലെയും ഇരുപതിനായിരത്തിലധികം വരുന്ന കരാ‍ർ ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വം തുലാസിലാക്കി സംസ്ഥാന സർക്കാർ. നിലവിലുള്ള ജീവനക്കാരുടെ സേവന കാലാവധി രണ്ട് മാസത്തേക്ക് മാത്രം നീട്ടി നൽകുകയും അപ്രായി​ഗകമായ കർശന നിബന്ധകൾ ഏർപ്പെടുത്തുകയും ചെയ്ത ആരോ​ഗ്യ വകുപ്പിന്റെ ഉത്തരവ് വൻ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്.

ആരോ​ഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ എൻഎച്ച്എം സ്റ്റേറ്റ് മിഷൻ ഡയറക്ടർ പുറത്തിറക്കിയ സർക്കുലർ പ്രകാരം, നിലവിലെ ജീവനക്കാരുടെ കരാർ ഒരു സ്വാഭാവിക നടപടിയെന്ന നിലയിൽ ഇനി പുതുക്കി നൽകില്ല. പകരം ഓരോ ജീവനക്കാരന്റേയും പ്രകടനം, നിലവിലെ ജോലിഭാരം, തസ്തികയുടെ ആവശ്യകത, ഫണ്ടിന്റെ ലഭ്യത എന്നിവ കർശനമായി വിലയിരുത്തിയ ശേഷം മാത്രമേ തുടർസേവനം അുനവദിക്കൂ.

ഇതിനായി ജില്ലാ പ്രോ​ഗ്രാം മാനേജർമാർ സെപ്റ്റംബർ 15നകം നൽകുന്ന ജീവനക്കാരുടെ റിപ്പോർട്ടുകൾ പരിശോധിച്ച്, മിഷൻ ഡയറക്ടറുടെ അധ്യക്ഷതയിലുള്ള പെർഫോമൻസ് ഇവാല്യുവേഷൻ കമ്മിറ്റിയായിരിക്കും അന്തിമ തീരുമാനം എടുക്കുക. എൻഎച്ച്എമ്മിലെ 17,193 ജീവനക്കാരും ആയുഷ് മിഷനിലെ 3,500-ഓളം ജീവനക്കാരും ഉൾപ്പെടെ താഴെത്തട്ടിൽ ആരോഗ്യമേഖലയെ താങ്ങിനിർത്തുന്ന ആയിരക്കണക്കിന് സാധാരണ ജീവനക്കാരുടെ തൊഴിൽ സുരക്ഷയാണ് ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

മിഷൻ ഡയറക്ടർ, സ്റ്റേറ്റ് പ്രോ​ഗ്രാം മാനേജർ, ജില്ലാ പ്രോ​ഗ്രാം മാനേജർമാർ തുടങ്ങിയ ഉന്നത് തസ്തികകളിൽ ഇരിക്കുന്നവർക്ക് സർക്കാരിന്റെ ഡെപ്യൂട്ടേഷൻ ആനുകൂല്യങ്ങളും സുരക്ഷിതത്വവും യഥേഷ്ടം ലഭിക്കുമ്പോഴാണ് താഴേത്തട്ടിലുള്ള സാധാരണ ജീവനക്കാരോട് ഈ ഇരട്ടത്താപ്പ്. വിവിധ പ്രോ​ഗ്രാം കൺസൾട്ടന്റുമാർ, അക്കൗണ്ട്സ് ഓഫീസർമാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർമാർ, പ്യൂൺമാർ തുടങ്ങിയ സാധാരണ കരാർ തസ്തികകളിൽ പരീക്ഷയും അഭിമുഖവും വഴി നിയമിതരായി വർഷങ്ങളോളം തുച്ഛമായ വേതനത്തിൽ പണിയെടുത്തു വരുന്നവരെയാണ് ഇപ്പോൾ അപ്രായി​ഗകമായ മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ കാട്ടി ഒഴിവാക്കാൻ ശ്രമിക്കുന്നത്.

ജീവനക്കാരെ സംശയത്തിന്റെ നിഴലിൽ നിർത്തി സ്റ്റാഫ് തിരിച്ചുള്ള പരിശോധന നടത്തുന്നത് പ്രായോഗികമല്ലെന്ന് ജീവനക്കാരുടെ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. മെറിറ്റ് അടിസ്ഥാനത്തിൽ പരീക്ഷയും അഭിമുഖവും പാസായി ജോലിയിൽ പ്രവേശിച്ചവരെ, ഫണ്ട് ലഭ്യതയുടെയും പുനർമൂല്യനിർണയത്തിന്റെയും പേരുപറഞ്ഞ് ഘട്ടംഘട്ടമായി ഒഴിവാക്കാനുള്ള ഗൂഢശ്രമമാണ് ഈ നീക്കത്തിന് പിന്നിലെന്ന് എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ ആരോപിച്ചു. കോവിഡ് ഉൾപ്പെടെയുള്ള അതീവ പ്രതിസന്ധി ഘട്ടങ്ങളിൽ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെ തോളിലേറ്റിയ മുൻനിര പ്രവർത്തകരോടാണ് സർക്കാർ ഈ കൊടും ക്രൂരത കാട്ടുന്നത്.

കേന്ദ്ര-സംസ്ഥാന ഫണ്ട് വിതരണത്തിലെ സാമ്പത്തിക ഞെരുക്കത്തിന്റെ ഭാരം താഴെത്തട്ടിലെ തൊഴിലാളികളുടെ തലയിൽ കെട്ടിവെക്കുന്ന ഇത്തരം ഭരണപരമായ കടുംവെട്ടുകൾ സംസ്ഥാനത്തെ പ്രാഥമികാരോഗ്യ സംവിധാനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളെപ്പോലും സാരമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഹ്രസ്വകാല കരാറുകളുടെയും മാനദണ്ഡ പരിശോധനകളുടെയും മറവിൽ ജീവനക്കാരെ അനിശ്ചിതത്വത്തിന്റെ മുൾമുനയിൽ നിർത്തുന്ന സർക്കാർ നയത്തിനെതിരെ എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്.

The Kerala government has issued a controversial order extending the service contracts of over 20,000 National Health Mission (NHM) and Ayush Mission employees for just two months. Unlike previous years, the extension is not automatic; it is now subject to strict conditions including performance evaluations, workload assessment, and fund availability. Employees and unions strongly criticize this move, alleging it is a deliberate tactic to initiate mass terminations of temporary healthcare workers who have served the state for years.