Kerala

'16 വയസ്സിൽ പക്വതയെത്തും'; ജുവനൈൽ പ്രായപരിധി കുറയ്ക്കാൻ നിയമനിർമ്മാണ സഭകൾ ആലോചിക്കണമെന്ന് ഹൈക്കോടതി

കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോ​ഗം വർധിക്കുന്നതിലും ഹൈക്കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി.

Madism Desk

കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്ന കുട്ടികളുടെ പ്രായപരിധി 18-ൽ നിന്ന് 16 വയസ്സായി കുറയ്ക്കുന്ന കാര്യം സർക്കാർ ഗൗരവമായി ആലോചിക്കണമെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് എം ബദറുദ്ദീന്റേതാണ് സുപ്രധാന നിരീക്ഷണം. ഇന്നത്തെ കാലത്ത് 16 വയസ്സാകുമ്പോൾ തന്നെ കുട്ടികൾക്ക് ശരിയും തെറ്റും തിരിച്ചറിയാനും സ്വന്തമായി തീരുമാനങ്ങൾ എടുക്കാനുമുള്ള പക്വത ലഭിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ജുവനൈൽ നിയമത്തിലെ ഈ പ്രായപരിധി കുറയ്ക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിനോദ് വിക്രമൻ പിള്ള എന്ന വ്യക്തി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ പരാമർശം.

സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന മാരകമായ വാഹനാപകടങ്ങളും മറ്റ് ​ഗുരുതര കുറ്റകൃത്യങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് കോടതിയുടെ നിർണായക നിരീക്ഷണം. അടുത്തിടെ എറണാകുളം ചേരാനെല്ലൂരിൽ 17 വയസുകാരൻ ഓടിച്ച മെഴ്സിഡൻസ് ബെൻസ് കാർ ഇടിച്ച് അൻപത്തിയഞ്ചുകാരനായ കാൽനടയാത്രക്കാരൻ മരിച്ച സംഭവവും, കൊച്ചിയിൽ അമിതമായി മദ്യപിച്ച പതിനെട്ടുകാരൻ ഓടിച്ച മിനി കൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവവും വലിയ വിവാദമായിരുന്നു.

ഇതിനുപുറമെ, കോഴിക്കോട് മേപ്പയൂരിൽ ലൈസൻസില്ലാത്ത 16-കാരൻ ഓടിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ട് കുട്ടി തന്നെ മരിച്ച സംഭവവും കോടതി ചൂണ്ടിക്കാട്ടി. മാരകമായ അപകടങ്ങൾക്ക് കാരണമാകുന്ന ഇത്തരം സംഭവങ്ങളിൽ പ്രായപൂർത്തിയാകാത്തവർക്ക് ജുവനൈൽ നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നതിലെ ആശങ്കകളും ഇതിലൂടെ ചർച്ചയാവുകയാണ്.

കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും ഉപയോ​ഗം വർധിക്കുന്നതിലും ഹൈക്കോടതി കടുത്ത ആശങ്ക രേഖപ്പെടുത്തി. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്നതിനും വിൽക്കുന്നതിനും ഏർപ്പെടുത്തിയിട്ടുള്ള നിയമപരമായ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഹൈക്കോടതി എക്സൈസ് കമ്മീൽണർക്ക് കർശന നിർദേശം നൽകി. ഇത് സംബന്ധച്ച് സംസ്ഥാനത്ത് ഇതുവരെ സ്വീകരിച്ച നടപടികൾ വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനും എക്സൈസ് വകുപ്പിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് നവംബർ 24-ലേക്ക് മാറ്റിയിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാരുടെ എണ്ണം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ ഹൈക്കോടതി നടത്തിയ ഈ നിരീക്ഷണങ്ങൾ ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്ന പൊതുസമൂഹത്തിന്റെ ആവശ്യത്തിന് കൂടുതൽ ബലം നൽകുന്നതാണ്.

The Kerala High Court has suggested that the legislature should seriously consider reducing the upper age limit under the Juvenile Justice Act from 18 to 16 years. Justice A. Badharudeen observed that modern children attain sufficient maturity to understand the consequences of their actions by age 16. The court made these remarks while expressing deep concern over the alarming rise in fatal road accidents, crimes, and substance abuse involving minors across the state.