മഴക്കാലം തീരുംമുൻപേ കേരളത്തിൽ വേനൽച്ചൂടിന് സമാനമായ അസാധാരണ കാലാവസ്ഥ രൂപപ്പെടുന്നു. സാധാരണയായി കാലവർഷം സജീവമായി നിൽക്കേണ്ട സെപ്റ്റംബർ മാസത്തിൽ മഴയ്ക്ക് പകരം കടുത്ത ചൂടാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. തെക്കുപടിഞ്ഞാറൻ കാലവർഷം ദുർബലമായതോടെ ആകാശം മേഘാവൃതമല്ലാതെ തെളിഞ്ഞുനിൽക്കുന്നതാണ് നേരിട്ട് സൂര്യപ്രകാശം പതിക്കാനും താപനില ക്രമാതീതമായി ഉയരാനും കാരണമാകുന്നത്.
പല ജില്ലകളിലും ശരാശരി താപനിലയേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി വരെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില ഉയർന്നിട്ടുണ്ട്. സംസ്ഥാനത്തെ ഭൂരിഭാഗം ഇടങ്ങളിലും ഇപ്പോൾ താപനില 32 ഡിഗ്രിക്ക് മുകളിലാണ്.
ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പവും വർധിക്കുന്നത് കാലാവസ്ഥ കൂടുതൽ അസഹനീയമാക്കുകയാണ്. കേരളം ഒരു തീരദേശ സംസ്ഥാനമായതിനാൽ അറബിക്കടലിൽ നിന്നുള്ള ഈർപ്പമുള്ള കാറ്റ് അന്തരീക്ഷത്തിൽ ധാരാളമായി തങ്ങിനിൽക്കുന്നുണ്ട്. 75 മുതൽ 90 ശതമാനം വരെയുള്ള ഉയർന്ന ഈർപ്പവും ചൂടും കൂടിച്ചേരുമ്പോൾ യഥാർത്ഥ താപനിലയേക്കാൾ കൂടുതൽ ചൂട് ശരീരത്തിന് അനുഭവപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇതുകാരണം പലർക്കും 38 മുതൽ 40 ഡിഗ്രി വരെ ചൂട് അനുഭവപ്പെടുന്നു.
ഈർപ്പം കൂടുതലാകുമ്പോൾ ശരീരത്തിലെ വിയർപ്പ് വേഗത്തിൽ ബാഷ്പീകരിക്കപ്പെടാത്തതാണ് വിയർത്തൊലിക്കാനും കടുത്ത ക്ഷീണം അനുഭവപ്പെടാനും പ്രധാന കാരണം. ഇതിന് പുറമെ നഗരവൽക്കരണവും കോൺക്രീറ്റ് കെട്ടിടങ്ങളുടെ വർധനവും നഗരങ്ങളിൽ ചൂട് തങ്ങിനിൽക്കുന്നതിനും കാരണമാകുന്നു. സെപ്റ്റംബർ 23-ഓടെ സൂര്യൻ ഭൂമധ്യരേഖയ്ക്ക് നേർമുകളിലെത്തുമെന്നതിനാൽ നേരിട്ടുള്ള സൂര്യരശ്മികൾ കാരണം വരും ദിവസങ്ങളിലും ചൂടിന്റെ കാഠിന്യം കുറയാൻ സാധ്യതയില്ല.
കാലവർഷത്തിൽ ഇത്തവണ ലഭിച്ച മഴയിലെ വലിയ കുറവാണ് ഈ പ്രതിസന്ധിയുടെ അടിസ്ഥാന കാരണം. ഇതുവരെ 1806 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് വെറും 1371 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. എൽനിനോ പ്രതിഭാസത്തിന്റെ സ്വാധീനവും കാലാവസ്ഥാ വ്യതിയാനവുമാണ് ഈ മാറ്റങ്ങൾക്ക് പിന്നിലെന്ന് കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴക്കാലത്ത് തന്നെ ചൂട് മുന്നറിയിപ്പ് നൽകേണ്ടി വരുന്നത് സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അസാധാരണമായ ഒരു സാഹചര്യമാണ്. രാത്രി താപനിലയിൽ പോലും വലിയ വർധനവാണ് വടക്കൻ കേരളത്തിലുൾപ്പെടെ രേഖപ്പെടുത്തുന്നത്. ചൂട് കൂടിയതോടെ സംസ്ഥാനത്ത് പകൽ സമയങ്ങളിൽ പുറത്തിറങ്ങുന്നതിന് കാലാവസ്ഥാ വകുപ്പും ദുരന്ത നിവാരണ അതോറിറ്റിയും മഞ്ഞ അലർട്ടും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
കടുത്ത ചൂട് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെയും പ്രതിസന്ധിയിലാക്കുകയാണ്. ചൂട് കൂടിയതോടെ വീടുകളിലും സ്ഥാപനങ്ങളിലും എസി, ഫാൻ തുടങ്ങിയവയുടെ ഉപയോഗം കൂടിയത് വൈദ്യുതി ഉപഭോഗം കുതിച്ചുയരാൻ കാരണമായി. പ്രതിദിന വൈദ്യുതി ഉപയോഗം 5000 മെഗാവാട്ട് കടക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇത് പ്രതിദിന ഉപഭോഗത്തിൽ 500 മുതൽ 600 മെഗാവാട്ടിന്റെ വരെ വർധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ആവശ്യമായ വൈദ്യുതി പൂർണ്ണമായി ഉത്പ്പാദിപ്പിക്കാൻ കഴിയാത്തതിനാൽ ദേശീയ പവർ എക്സ്ചേഞ്ചിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കെഎസ്ഇബി.
എന്നാൽ രാജ്യവ്യാപകമായി വൈദ്യുതി ക്ഷാമം നേരിടുന്നതിനാൽ ആവശ്യത്തിന് വൈദ്യുതി പുറത്തുനിന്ന് ലഭിക്കാത്തത് പ്രതിസന്ധി ഇരട്ടിയാക്കുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാത്രികാലങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരേണ്ടി വരുമെന്ന സൂചനയാണ് കെഎസ്ഇബി നൽകുന്നത്. മഴക്കാലത്ത് തന്നെ കൊടുംചൂടും ഒപ്പം വൈദ്യുതി നിയന്ത്രണവും ഒരുമിച്ച് നേരിടേണ്ട സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നുപോകുന്നത്.
ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്കായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുട ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
Kerala is experiencing an unusual heatwave in September before the monsoon season ends, with temperatures rising 2 to 4 degrees Celsius above normal across various districts. High humidity levels (75-90%) are pushing the heat index up, making it feel like 38-40°C. Deficient rainfall and the El Nino effect are the primary causes for this extreme weather. Consequently, the soaring heat has drastically increased daily power consumption to over 5000 MW. Facing a national power shortage, the Kerala State Electricity Board has indicated the possibility of continuing night-time power cuts.