Kerala

അപ്രതീക്ഷിത മഴ മേഘവിസ്‌ഫോടനമല്ല, കുറഞ്ഞ സമയത്ത് കൂടുതല്‍ മഴ ലഭിക്കുന്ന പ്രവണത; കേരളത്തില്‍ മരണം 9 ആയി

ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്തതാണ് നിലവിലെ പ്രതിഭാസത്തിന് വഴിവച്ചതെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം നിത കെ ഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Madism Desk

സംസ്ഥാനത്ത് പെയ്തിറങ്ങിയ അപ്രതീക്ഷിത മഴ ഇന്നലെ കവര്‍ന്നത് 9 ജീവനുകള്‍. ഇടുക്കി, കോട്ടയം, മലപ്പുറം ജില്ലകളിയാണ് മഴ വലിയ നാശനഷ്ടങ്ങള്‍ വിതച്ചത്. മലപ്പുറത്ത് അഞ്ചും, കോട്ടയം, ഇടുക്കി ജില്ലകളിലായി രണ്ട് വീതം പേരുടെയും മരണത്തിന് ഇടയാക്കിയ കനത്ത മഴയ്ക്ക് പിന്നില്‍ മേഘവിസ്‌ഫോടനം അല്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ വിശദീകരിക്കുന്നകത്.

ചെറിയ പ്രദേശത്ത് കുറഞ്ഞ സമയത്തിനുള്ളില്‍ അതിശക്തമായ മഴ പെയ്തതാണ് നിലവിലെ പ്രതിഭാസത്തിന് വഴിവച്ചതെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം നിത കെ ഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മേഘവിസ്‌ഫോടനം എന്ന് വര്‍ഗ്ഗീകരിക്കാവുന്ന അളവില്‍ മഴ രേഖപ്പെടുത്തിയിട്ടില്ല. പരിമിതമായ സ്ഥലങ്ങളില്‍ കുറഞ്ഞ സമയത്തിനിടയില്‍ കൂടുതല്‍ മഴ ലഭിക്കുന്ന പ്രവണതയാണ്. ഇത്തരം സാഹചര്യങ്ങള്‍ കേരളത്തില്‍ ഇപ്പോള്‍ പതിവായി മാറിക്കൊണ്ടിരിക്കുകയാണ്.

അന്തരീക്ഷ താപനില വര്‍ദ്ധിച്ചു നില്‍ക്കുന്നതും ബംഗാള്‍ ഉള്‍ക്കടലിലെയും അറബിക്കടലിലെയും ന്യൂനമര്‍ദ്ദ സാന്നിധ്യവുമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും സമാന രീതിയില്‍ ചെറിയ പ്രദേശങ്ങളില്‍ പെട്ടെന്ന് ശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ കേന്ദ്രം ഉദ്യോഗസ്ഥര്‍ പറയുന്നു.

നിലവിലെ സാഹചര്യം അനുസരിച്ച് വെള്ളിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പുകള്‍ പറയുന്നത്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചേക്കും.

പിന്നീടുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്‌തെക്കന്‍ ഒഡിഷ തീരങ്ങള്‍ക്ക് സമീപം എത്തുമെന്നാണ് വിലയിരുത്തല്‍.

ഇതിന് പുറമെ, മധ്യ തമിഴ്‌നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 4.5 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ന്യൂനമര്‍ദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പില്‍ നിന്ന് 5.8 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നതിനാല്‍

കേരളത്തില്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.

അതിനിടെ, സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ദുരന്തബാധിതരോട് സര്‍ക്കാര്‍ അവഗണനയും മനുഷ്യത്വരഹിതമായ സമീപനവുമാണ് സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഓഗസ്റ്റ് ആദ്യവാരമുണ്ടായ പ്രളയം കഴിഞ്ഞ് ഇത്രകാലമായിട്ടും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രളയബാധിതര്‍ക്കായി പ്രഖ്യാപിച്ച അടിയന്തര ധനസഹായം പോലും സര്‍ക്കാര്‍ ഇതുവരെ നല്‍കിയിട്ടില്ല. അടിയന്തര സഹായത്തിനു പോലും ഇത്രയും കാലതാമസം വരുത്തുന്നത് ജനങ്ങളോട് പുലര്‍ത്തുന്ന കടുത്ത നിസ്സംഗതയാണ് വ്യക്തമാക്കുന്നത്.

പ്രളയദുരിതാശ്വാസമായി 10,000 രൂപ നല്‍കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രഖ്യാപനം. എന്നാല്‍ ആലപ്പുഴ ജില്ലയില്‍ 40,000-ത്തിലധികം പേര്‍ അപേക്ഷ നല്‍കിയതില്‍ വെറും 83 പേര്‍ക്ക് മാത്രമാണ് പകുതി തുകയായ 5,000 രൂപയെങ്കിലും വിതരണം ചെയ്തത്. കോട്ടയത്താകട്ടെ, ദുരന്തബാധിതരുടെ വിവരശേഖരണം പോലും ഇതുവരെ പൂര്‍ത്തിയായിട്ടില്ല എന്നത് ഞെട്ടിക്കുന്ന കാര്യമാണ്. മഴക്കെടുതി മൂലം തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് 300 രൂപ ധനസഹായം നല്‍കുമെന്ന് പറഞ്ഞിട്ട് ഒന്നര മാസം പിന്നിട്ടിട്ടും അതിനുള്ള അപേക്ഷകള്‍ പോലും സ്വീകരിച്ചു തുടങ്ങിയിട്ടില്ല എന്നത് സര്‍ക്കാരിന്റെ ജനവഞ്ചനയാണ് തുറന്നുകാട്ടുന്നത്. ദുരന്തമുഖത്ത് വെറും വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുന്ന രീതി സര്‍ക്കാര്‍ അടിയന്തരമായി അവസാനിപ്പിക്കണം. അര്‍ഹരായ മുഴുവന്‍ പ്രളയബാധിതര്‍ക്കും പ്രഖ്യാപിച്ച ധനസഹായം യാതൊരു കാലതാമസവുമില്ലാതെ വിതരണം ചെയ്യാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മലപ്പുറം നിലമ്പൂര്‍ അമരമ്പലം ടി.കെ. നഗറിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം അഞ്ചായി. കാണാതായവരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ തിങ്കളാഴ്ച രാവിലെ നടത്തിയ തിരച്ചിലില്‍ കണ്ടെത്തി. കരുവാരക്കുണ്ട് സ്വദേശി റഹീം, വണ്ടൂര്‍ കോട്ടക്കുന്ന് സ്വദേശികളായ റഫീഖ്, സജ്ജാദ് എന്നിവരുടെ മൃതദേഹങ്ങളാണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. ഒരു സ്ത്രീയെ കൂടി കണ്ടെത്താനുണ്ട്. കൂടുതല്‍ പേര്‍ ഒഴുക്കില്‍പ്പെട്ടിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. മങ്ങാടന്‍ ബസ് ഉടമ കോട്ടക്കല്‍ മങ്ങാടന്‍ ഹമീദിന്റെ മകന്‍ അനസ് (31), തിരൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (63) എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ടി.കെ. നഗര്‍ വെളുത്തേടത്ത് സഞ്ജയ്ദാസിന്റെ ഭാര്യ സജിതയെയാണ് കാണാതായത്. കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി വട്ടവടയില്‍ മണ്ണിടിഞ്ഞാണ് രണ്ട് പേര്‍ മരിച്ചത്. കൊട്ടക്കമ്പൂര്‍ അമ്മന്‍ കോവിലിന് സമീപമാണ് അപകടം ഉണ്ടായത്. കൊട്ടക്കമ്പൂര്‍ സ്വദേശിയായ ബാലകൃഷ്ണന്‍, സഹോദരി എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന്റെ ഷെഡിന് മുകളിലേയ്ക്ക് മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു.

Unexpected heavy rain in Kerala claimed nine lives yesterday, with Idukki, Kottayam and Malappuram among the worst-affected districts. Five people died in Malappuram and two each in Kottayam and Idukki. Weather officials said the rainfall was not caused by a cloudburst. According to the Thiruvananthapuram Meteorological Centre, intense rainfall occurred over limited areas within a short period, but the recorded rainfall did not meet the criteria for a cloudburst. Officials also noted that such short-duration, highly localised heavy rain events are becoming increasingly common in Kerala.