

യുക്രെയ്ൻ യുദ്ധത്തിൽ ഇതുവരെ പതിനായിരത്തിലധികം സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. റഷ്യയിൽ മാത്രം പത്ത് ലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെടുകയോ, പരിക്ക് പറ്റുകയോ ചെയ്തു. എന്നിട്ടും പുടിനോ പുടിന്റെ യുണൈറ്റഡ് റഷ്യ പാർട്ടിക്കോ വോട്ട് കുറയാൻ ഇതൊന്നും കാരണമായിട്ടില്ല, അല്ലെങ്കിൽ അങ്ങനെയാണ് പൊതുതിരഞ്ഞെടുപ്പ് സൂചിപ്പിക്കുന്നത്. 57.5 ശതമാനം വോട്ടുമായി പ്രാഥമിക ഫലങ്ങളിൽ വ്യക്തമായ മുന്നേറ്റം തുടരുകയാണ് പാർട്ടി. പാർട്ടി ലിസ്റ്റ് വോട്ടുകളിലും ഒറ്റ അംഗ മണ്ഡലങ്ങളിലും ഒരുപോലെ മുന്നിട്ടുനിൽക്കുന്നത് റഷ്യയുടെ നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ യുണൈറ്റഡ് റഷ്യയ്ക്കുള്ള സംഘടനാ ശക്തിയും ഭരണകൂട പിന്തുണയും വ്യക്തമാക്കുന്നുണ്ട്.
യുണൈറ്റഡ് റഷ്യ പാർട്ടി തിരഞ്ഞെടുപ്പിൽ മുന്നിട്ട് നിൽക്കുന്നുവെന്ന പ്രാഥമിക ഫലങ്ങൾ പുറത്തുവന്നതോടെ, യുദ്ധകാല രാഷ്ട്രീയത്തിൽ ജനപിന്തുണയും അധികാര കേന്ദ്രീകരണവും എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചോദ്യവും വീണ്ടും ഉയർന്നിരിക്കുകയാണ്. 2022ൽ യുക്രെയ്‌നിൽ റഷ്യ പൂർണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. 450 അംഗ സ്റ്റേറ്റ് ഡ്യൂമയിലേക്കാണ് വോട്ടെടുപ്പ്.
ഏകദേശം 58 ശതമാനം ബൂത്തുകളിലെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ, പാർട്ടി ലിസ്റ്റ് അടിസ്ഥാനത്തിൽ അനുവദിച്ച 225 സ്റ്റേറ്റ് ഡ്യൂമ സീറ്റുകളിൽ 'യുണൈറ്റഡ് റഷ്യ' പാർട്ടിക്ക് 58 ശതമാനത്തോളം വോട്ട് ലഭിച്ചതായി റഷ്യയുടെ സെൻട്രൽ ഇലക്ഷൻ കമ്മീഷനെ ഉദ്ധരിച്ച് എപി റിപ്പോർട്ട് ചെയ്തു.
ബാക്കിയുള്ള 225 ഒറ്റയാൾ മണ്ഡലങ്ങളിൽ വലിയൊരു വിഭാഗത്തിലും ഈ പാർട്ടി തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
1999-ൽ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അധികാരത്തിൽ വന്നത് മുതൽ റഷ്യൻ പാർലമെന്റിൽ ആധിപത്യം പുലർത്തുന്ന യുണൈറ്റഡ് റഷ്യയ്ക്ക് അനുകൂലമായ ഫലങ്ങൾ തന്നെയാണ് പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
സെപ്റ്റംബർ 18 മുതൽ 20 വരെയാണ് തിരഞ്ഞെടുപ്പ്. യുണൈറ്റഡ് റഷ്യയെ കൂടാതെ, കമ്യൂണിസ്റ്റ് പാർട്ടി, ലിബറൽ ഡെമോക്രാറ്റിക് പാർട്ടി, എ ജസ്റ്റ് റഷ്യ, ന്യൂ പീപ്പിൾ എന്നിവയാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ച മറ്റ് പാർട്ടികൾ.
യുദ്ധവിരുദ്ധ വിഭാഗങ്ങൾക്കും ഉദാരമനസ്കരായ പ്രതിപക്ഷ ഗ്രൂപ്പുകൾക്കും മേൽ കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയിൽ തിരഞ്ഞെടുപ്പ് നടന്നത്.
യുദ്ധത്തെ എതിർത്ത ലിബറൽ പാർട്ടിയായ 'യാബ്ലോക്കോ'യെ ഓഗസ്റ്റിൽ റഷ്യൻ സുപ്രീം കോടതി രാജ്യവ്യാപകമായ ബാലറ്റിൽ നിന്ന് നീക്കം ചെയ്തിരുന്നു. നിരവധി യുദ്ധവിരുദ്ധ രാഷ്ട്രീയക്കാർ ജയിലിലടക്കപ്പെടുകയോ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കപ്പെടുകയോ രാജ്യത്തുനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാവുകയോ ചെയ്തു.
സംഘർഷത്തെക്കുറിച്ചുള്ള പരാമർശങ്ങളുടെ പേരിൽ രണ്ട് മുതിർന്ന പാർട്ടി നേതാക്കൾക്ക് കോടതി ദീർഘകാല തടവുശിക്ഷ വിധിച്ചതോടെ തങ്ങളുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് ആശങ്കയുണ്ടെന്ന് യാബ്ലോക്കോയിൽ നിന്നുള്ള സ്ഥാനാർത്ഥികൾ റോയിട്ടേഴ്സിനോട് പറഞ്ഞിരുന്നു. പ്രതിഷേധ സൂചകമായി, യാബ്ലോക്കോ നേതാവ് നിക്കോളായ് റൈബക്കോവ് ബാലറ്റ് പേപ്പറിൽ പാർട്ടിയുടെ പേരും For peace എന്ന മുദ്രാവാക്യവും എഴുതി തന്റെ വോട്ട് പാഴാക്കി.
സൈന്യത്തെ "അപകീർത്തിപ്പെടുത്തുന്നതിനും" സായുധ സേനയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനുമെതിരായ നിയമങ്ങളാണ് വിമർശകരെ വേട്ടയാടാൻ റഷ്യൻ അധികൃതർ ഉപയോഗിക്കുന്നത്. ഇതിന്റെ ലംഘനങ്ങൾക്ക് ദീർഘകാല തടവുശിക്ഷയാണ് ലഭിക്കുക.
അതേസമയം , യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നത് റഷ്യൻ ഭരണകൂടത്തിന് രാഷ്ട്രീയമായും പ്രതീകാത്മകമായും പ്രാധാന്യമുള്ളതാണ്. വോട്ടെടുപ്പിന് മുമ്പ് വലിയ രീതിയിലുള്ള പ്രചാരണങ്ങളാണ് പുടിൻ നടത്തിയത്. സൈനിക നടപടികളിൽ പങ്കെടുക്കുന്നവരെ ജനങ്ങൾ പിന്തുണയ്ക്കുന്നുവെന്നും പൊതുവായ മൂല്യങ്ങളും രാജ്യസ്നേഹവും റഷ്യൻ ജനങ്ങളെ ഒന്നിപ്പിക്കുന്നുവെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഇതിലൂടെ തിരഞ്ഞെടുപ്പിനെ സാധാരണ ഭരണപരമായ നടപടിയായി മാത്രം അവതരിപ്പിക്കാതെ, രാജ്യത്തിന്റെ യുദ്ധകാല ഐക്യത്തിന്റെയും രാഷ്ട്രീയ സ്ഥിരതയുടെയും പ്രകടനമായി ചിത്രീകരിക്കാനുള്ള ശ്രമം കാണാം. എന്നാൽ ഭരണകൂടത്തിന്റെ സന്ദേശവും ഓരോ വോട്ടറുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായവും ഒരേ കാര്യമാണെന്ന് കരുതാൻ കഴിയില്ല.
തള്ളി യുക്രെയ്ൻ
തങ്ങളുടേതാക്കി മാറ്റിയെന്ന് അവകാശപ്പെടുന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ റഷ്യ നടത്തിയ പാർലമെന്റ് തിരഞ്ഞെടുപ്പിനെ യുക്രെയ്ൻ തള്ളിയിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ വോട്ടെടുപ്പ് അനധികൃതമാണൊണ് യുക്രെയ്ൻ അപലപിക്കുന്നത്. അതേസമയം, അവിടെയുള്ള റഷ്യൻ നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ യൂണിയൻ വിശേഷിപ്പിച്ചു.
Tens of thousands of soldiers are estimated to have been killed in the Ukraine war so far. In Russia alone, around one million people have been killed or injured. Yet the latest parliamentary election results indicate that support for President Vladimir Putin and his United Russia party has not declined significantly. United Russia is maintaining a clear lead in the preliminary results, securing around 57.5% of the vote.