Kerala

84 ദിവസത്തെ സസ്പെൻഷൻ റദ്ദാക്കി; കാലടി സർവകലാശാല വിദ്യാർഥികൾക്ക് ആശ്വാസമായി ഹൈക്കോടതി വിധി

വിദ്യാർഥികളുടെ ഭാഗം കൂടി പരിഗണിച്ച് സുതാര്യമായ പുതിയ അന്വേഷണം നടത്തണമെന്നും കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകി

Madism Desk

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടി റദ്ദാക്കി ഹൈക്കോടതി. സർവകലാശാലയുടെ അച്ചടക്ക സമിതി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ വിദ്യാർഥികളോട് മാപ്പ് പറയാൻ ആവശ്യപ്പെട്ട തീരുമാനവും കോടതി റദ്ദാക്കി. വിദ്യാർഥികളുടെ ഭാഗം കൂടി പരിഗണിച്ച് സുതാര്യമായ പുതിയ അന്വേഷണം നടത്തണമെന്നും കോടതി സർവകലാശാലയ്ക്ക് നിർദേശം നൽകി.

84 ദിവസമായി സസ്പെൻഷനിലായിരുന്ന വിദ്യാർഥികൾക്ക് അനുകൂലമായാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ. ഇതോടെ 22 ദിവസമായി തുടരുന്ന വിദ്യാർഥികളുടെ നിരാഹാര സമരത്തിനും അവസാനമാകുമെന്നാണ് പ്രതീക്ഷ. വിദ്യാർഥികളെ അന്നുതന്നെ ക്യാമ്പസിൽ തിരിച്ചുപ്രവേശിപ്പിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

സസ്പെൻഷനിലായ 16 വിദ്യാർത്ഥികളുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലൈ മുതൽ വിദ്യാർഥികൾ സമരത്തിലായിരുന്നു. ഇതിനിടയിൽ ഓഗസ്റ്റ് 13ന് സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധമാണ് പിന്നീട് വിവാദങ്ങൾക്ക് വഴിവെച്ചത്.

വൈസ് ചാൻസലർ സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാര ഘോഷയാത്ര നടത്തിയെന്നും വൈസ് ചാൻസലറെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നുമായിരുന്നു സർവകലാശാലയുടെ ആരോപണം. സംഭവത്തിൽ കാലടി പൊലീസ് രണ്ട് കേസുകളും രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനാണ് 16 വിദ്യാർഥികളെ സർവകലാശാല സസ്പെൻഡ് ചെയ്തത്. അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 12 വിദ്യാർഥികളുടെ സസ്പെൻഷൻ മാപ്പപേക്ഷ നൽകണമെന്ന വ്യവസ്ഥയോടെ പിൻവലിക്കാനും മറ്റ് നാല് പേരുടെ സസ്പെൻഷൻ രണ്ട് മാസത്തേക്ക് കൂടി നീട്ടാനും സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.

എന്നാൽ മാപ്പ് എഴുതി നൽകണമെന്ന സർവകലാശാലയുടെ നിർദേശത്തിനെതിരെ വിദ്യാർഥികൾ നിലപാടെടുക്കുകയും സമരം ശക്തമാക്കുകയും ചെയ്തു. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവർത്തകർ ക്യാമ്പസിൽ അനിശ്ചിതകാല നിരാഹാര സമരവും ആരംഭിച്ചു. വിദ്യാർത്ഥികളുടെ ഹർജിയിൽ സുപ്രീംകോടതിയും നേരത്തെ ഇടപെട്ടിരുന്നു. അനുകൂല വിധിയുണ്ടായാൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താമെന്ന് സർവകലാശാല സുപ്രീംകോടതിയിൽ ഉറപ്പുനൽകിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് വേഗത്തിൽ പരിഗണിക്കാൻ ഹൈക്കോടതിക്ക് നിർദേശം ലഭിച്ചത്. ഇപ്പോഴത്തെ വിധിയോടെ വിദ്യാർത്ഥികളുടെ ക്യാമ്പസ് പ്രവേശനത്തിനും തുടർപഠനത്തിനും വഴിതുറന്നിരിക്കുകയാണ്. പുതിയ അന്വേഷണത്തിൽ വിദ്യാർഥികൾക്കെതിരായ ആരോപണങ്ങൾ വ്യക്തമായി പരിശോധിക്കണമെന്നും സസ്പെൻഷൻ കാലയളവ് 84 ദിവസവും കണക്കിലെടുക്കണമെന്നും കോടതി വ്യക്തമാക്കി. സസ്പെൻഷൻ കാലയളവ് വിദ്യാർഥികളുടെ പഠനത്തെയും പരീക്ഷാ അവസരങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന രീതിയിലാകരുതെന്നും നിർദേശമുണ്ട്. പുതിയ അന്വേഷണം വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് ഒഴിവാക്കാനുള്ള മാർഗമായി ഉപയോഗിക്കരുതെന്നും കോടതി ഉത്തരവിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

The Kerala High Court has revoked the 84-day suspension of 16 students at Kalady University. The court directed the university to conduct a fresh and transparent inquiry, taking the students' side into consideration. The ruling is expected to bring an end to the students' hunger strike. The court also ordered that the students be allowed to return to campus.