Kerala

ബേക്കറിയിലെ ഫോർട്ടി വൈൻ വിൽപ്പന; തീരുമാനം മരവിപ്പിച്ച് സർക്കാർ, അബ്കാരി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണറെ മാറ്റി

ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിനാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത്.

Madism Desk

സംസ്ഥാനത്ത് ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ കർശന നടപടി സ്വീകരിച്ച് എക്സൈസ് വകുപ്പ്. സർക്കാരിനെയോ വകുപ്പ് മന്ത്രിയയോ അറിയിക്കാതെ ബേക്കറിക്ക് ലൈസൻസ് അനുവദിച്ച എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ സി കെ അനിൽ കുമാറിനെ അടിയന്തരമായി സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. അനിൽ കുമാറിന് പുതിയ പദവികളൊന്നും നിലവിൽ നൽകിയിട്ടില്ല. സംഭവം വിവാദമായതോടെ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി എം ലിജു വ്യക്തമാക്കിയിരുന്നു.

ചാലക്കുടിയിലെ എം ആർ സി സ്റ്റോർസ് ആൻഡ് ബേക്കറി എന്ന സ്ഥാപനത്തിനാണ് ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകിയത്. ഹോർട്ടി വൈൻ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ തുടർ നടപടികളും മദ്യനയം വരുംവരെ നിർത്തിവെക്കാനാണ് എക്സൈസ് കമ്മിഷണർക്ക് നിർദ്ദേശം.

15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള, പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്ന ഹോർട്ടി വൈൻ ബേക്കറികളിലും സൂപ്പർമാർക്കറ്റുകളിലും വിൽക്കാൻ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തിയതെന്ന് മന്ത്രി എം ലിജു പറഞ്ഞിരുന്നു. എന്നാൽ ഇത്രയും പ്രധാനപ്പെട്ടതും നയപരവുമായ കാര്യങ്ങളിൽ തീരുമാനമെടുക്കുമ്പോൾ നിലവിലെ എക്സൈസ് മന്ത്രി എം ലിജുവിനെയോ സർക്കാരിനെയോ അറിയിക്കാതിരുന്നത് വലിയ വീഴ്ചയാണെന്ന് വിലയിരുത്തിയാണ് നടപടിയെടുത്തത്.

ബേക്കറി വഴി വൈൻ വിൽക്കാൻ ലൈസൻസ് നൽകിയ വിവരം വാർത്തകളിലൂടെ മാത്രം അറിയേണ്ടി വന്നതിൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും കടുത്ത അമർഷമുണ്ടായിരുന്നു. സർക്കാരുമായി കൂടിയാലോചന നടത്താതെ ഉദ്യോഗസ്ഥതലത്തിൽ ലൈസൻസ് അനുവദിച്ചതിൽ മന്ത്രി അതൃപ്തി രേഖപ്പെടുത്തി. എക്‌സൈസ് കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞിരുന്നു. വിഷയത്തിൽ എക്സൈസ് കമ്മിഷണറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. സർക്കാരിനെ അറിയിക്കാതെ തീരുമാനമെടുത്തതിൽ പങ്കുള്ള ഉദ്യോഗസ്ഥർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. 

2024 ജനുവരിയിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി വരുത്തി 15.5 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിച്ച് ഹൈപ്പര്‍മാര്‍ക്കറ്റ്, സൂപ്പര്‍മാര്‍ക്കറ്റ്, ഷോപ്പിങ് മാള്‍, ബേക്കറി എന്നിവകളില്‍ വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത്. 2022 - 23 ലെ മദ്യ നയ പ്രകാരമായിരുന്നു നടപടികള്‍. ഈ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, 2025 നവംബര്‍ 20 ന് ലഭിച്ച അപേക്ഷയില്‍ ഈ വര്‍ഷം ജൂണ്‍ 21ന് എക്‌സൈസ് കമ്മിഷണറേറ്റില്‍ നിന്ന് ഒരു ബേക്കറിക്ക് ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് അനുവദിക്കുകയായിരുന്നു.

The Kerala government has transferred Excise Deputy Commissioner C.K. Anil Kumar for granting a license to a bakery in Chalakudy to sell Horti wine containing up to 15.5% alcohol without consulting the current government or Excise Minister M. Liju. V. Subhash has been appointed as the new Deputy Commissioner. The government has also decided to revoke the controversial license and has sought an immediate report from the Excise Commissioner regarding the administrative lapse.