സംസ്ഥാനത്ത് സൗന്ദര്യവർധക വസ്തുക്കളുടെ തോന്നുംപടിയുള്ള വിൽപ്പനയും വിതരണവും നിയന്ത്രിക്കാൻ കർശന നടപടികളുമായി ആരോഗ്യവകുപ്പ്. നിലവിൽ കേരളത്തിൽ സൗന്ദര്യവർധക ഉത്പ്പന്നങ്ങളുടെ നിർമ്മാണത്തിന് മാത്രമാണ് ലൈസൻസ് ആവശ്യമുള്ളത്. എന്നാൽ ഇനി മുതൽ ഇവ വിൽക്കുന്നതിനും വിതരണം ചെയ്യുന്നതിനും ലൈസൻസും രജിസ്ട്രേഷനും നിർബന്ധമാക്കാനാണ് സർക്കാരിന്റെ പുതിയ നീക്കം. ഫെയർനസ് ക്രീമുകൾ ഉൾപ്പെടെയുള്ള വ്യാജവും നിലവാരമില്ലാത്തതുമായ ഉത്പ്പന്നങ്ങൾ ഗുരുതരമായ വൃക്കരോഗങ്ങൾക്കും ചർമ്മരോഗങ്ങൾക്കും കാരണമാകുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ ഈ നിർണായക ഇടപെടൽ.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയും സോഷ്യൽ മീഡിയ വഴിയും നടക്കുന്ന അനധികൃത വിൽപ്പന തടയാൻ പ്രത്യേക മാർഗരേഖ തയ്യാറാക്കും. ഇതുസംബന്ധിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി കെ മുരളീധരൻ ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓൺലൈൻ വഴി വാങ്ങിയ ഫെയർനസ് ക്രീം ഉപയോഗിച്ച മലപ്പുറം സ്വദേശിയായ 17 വയസ്സുകാരിക്ക് അമിതമായ അളവിൽ മെർക്കുറി ഉള്ളിൽച്ചെന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ച സംഭവവും സമാനമായ മറ്റ് വെളിപ്പെടുത്തലുകളും വലിയ ചർച്ചയായതോടെയാണ് സർക്കാർ നടപടികൾ വേഗത്തിലാക്കിയത്.
വ്യാജ ഉത്പ്പന്നങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തെ ബ്യൂട്ടി പാർലറുകൾ, കോസ്മെറ്റിക് സെന്ററുകൾ, കടകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്താൻ നിർദേശം നൽകിയിട്ടുണ്ട്. നിയമവിരുദ്ധവും അംഗീകാരമില്ലാത്തതുമായ ഉത്പ്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുകയും ഉടമകൾക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കുകയും ചെയ്യും. സൗന്ദര്യവർധക വസ്തുക്കൾക്ക് പുറമെ ജിമ്മുകളിലും വെൽനസ് സെന്ററുകളിലും വിൽക്കുന്ന പ്രോട്ടീൻ പൗഡറുകളും മറ്റ് പോഷക സപ്ലിമെന്റുകളും ഭക്ഷ്യസുരക്ഷാ വകുപ്പും ഡ്രഗ്സ് കൺട്രോൾ വകുപ്പും സംയുക്തമായി പരിശോധിക്കും. ജില്ലാതലത്തിൽ ഏകോപിപ്പിച്ച് നടത്തുന്ന ഈ പരിശോധനകളുടെ പ്രതിവാര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇതിനോടൊപ്പം തന്നെ മരുന്നുകളുടെ പാർശ്വഫലങ്ങൾ കൃത്യമായി നിരീക്ഷിക്കാനും റിപ്പോർട്ട് ചെയ്യാനും ആരോഗ്യവകുപ്പ് പുതിയ സംവിധാനം ഒരുക്കുന്നുണ്ട്. ഇതിനായി കേന്ദ്ര നിരീക്ഷണ കേന്ദ്രങ്ങളെയും സംസ്ഥാനത്തെ സർക്കാർ ആശുപത്രികളെയും ഏകോപിപ്പിക്കുകയും വിദഗ്ധർ അടങ്ങുന്ന പ്രത്യേക ഉപദേശക സമിതി രൂപീകരിക്കുകയും ചെയ്യും. ആന്റിബയോട്ടിക്കുകൾ, പ്രമേഹം, കാൻസർ എന്നിവയ്ക്കുള്ള മരുന്നുകൾ, കുട്ടികൾക്കുള്ള മരുന്നുകൾ എന്നിവയ്ക്ക് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവർക്ക് പുറമെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മരുന്നുകളുടെ പാർശ്വഫലങ്ങൾ നേരിട്ട് അറിയിക്കാൻ സാധിക്കുന്ന പ്രത്യേക ഓൺലൈൻ പരാതി പരിഹാര സംവിധാനവും ആരോഗ്യവകുപ്പ് സജ്ജമാക്കും.
വിപണിയിലെത്തുന്ന ഓരോ ഉത്പ്പന്നവും ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ഉത്പ്പന്നങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജ പരസ്യങ്ങൾക്കും സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കുമെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. സൗന്ദര്യവർധക വസ്തുക്കൾ അംഗീകൃത ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ എന്നും കുട്ടികളും മുതിർന്നവരും ഇക്കാര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.
The Kerala Health Department is moving to make licenses and registration mandatory for the sale and distribution of cosmetics across the state, expanding regulations that previously applied only to manufacturing. The decision follows findings that fairness creams and other cosmetic products can cause severe health issues. Special guidelines will also be introduced to regulate online sales, and the Additional Chief Secretary of Health has been directed to submit an urgent report.