Kerala

'മരുന്ന് വിവരങ്ങൾ മാധ്യമങ്ങളോട് പറയരുത്'; മരുന്ന് ക്ഷാമം മറച്ചുവെക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം

മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ഡയറക്ടർ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

Madism Desk

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ശബ്ദസന്ദേശം പുറത്ത്. ആശുപത്രി സൂപ്രണ്ടുമാർ എത്രയും വേഗം മരുന്നുകൾ സംഭരിച്ചില്ലെങ്കിൽ വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി ഡിഎംഒമാരുടെ ഗ്രൂപ്പിൽ അയച്ച സന്ദേശത്തിൽ പറയുന്നു. ജില്ലാ മെഡിക്കൽ ഓഫീസർമാരുടെയും ജില്ലാ പ്രോഗ്രാം മാനേജർമാരുടെയും ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലാണ് ഈ സന്ദേശം നൽകിയത്.

ആശുപത്രി വികസന സമിതിയുടെ ഫണ്ടിൽ പണമുണ്ടെങ്കിൽ അത് ഉപയോഗിച്ച് സൂപ്രണ്ടുമാർ പ്രാദേശികമായി അടിയന്തരമായി മരുന്നുകൾ വാങ്ങാനാണ് നൽകിയിരിക്കുന്ന പ്രധാന നിർദ്ദേശം. അതേസമയം, മരുന്ന് ക്ഷാമത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരു കാരണവശാലും പുറത്തുപോകരുതെന്ന് ഡയറക്ടർ കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. ആശുപത്രികളിൽ ഏതൊക്കെ മരുന്നുകളാണ് ഇല്ലാത്തതെന്നോ, എത്ര മരുന്നുകൾ ലോക്കൽ പർച്ചേസ് വഴി പുറത്തുനിന്ന് വാങ്ങുന്നുണ്ടെന്നോ മാധ്യമങ്ങളെ അറിയിക്കാൻ പാടില്ല. ആശുപത്രി സൂപ്രണ്ടുമാർ മാധ്യമങ്ങളോട് യാതൊന്നും സംസാരിക്കുന്നില്ല എന്ന് ഡിഎംഒമാർ ഉറപ്പുവരുത്തണമെന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. മരുന്ന് പ്രതിസന്ധി ജനങ്ങളും മാധ്യമങ്ങളും അറിയാതിരിക്കാൻ ആരോഗ്യവകുപ്പ് ഇരുമ്പുമറ സൃഷ്ടിക്കുകയാണെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ആശുപത്രികളിൽ അവശ്യമരുന്നുകൾ പോലും കിട്ടാനില്ലെന്ന് നേരത്തെ തന്നെ ചികിത്സയ്ക്ക് എത്തുന്ന രോഗികളും മാധ്യമങ്ങളും ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ആരോഗ്യമന്ത്രി ഉൾപ്പെടെ ഇത് നിഷേധിക്കുകയായിരുന്നു. എന്നാൽ ഡയറക്ടറുടെ പുതിയ സന്ദേശം ഈ പരാതികൾ ഔദ്യോഗികമായി ശരിവെക്കുന്നു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി മരുന്ന് സംഭരിച്ച് വിതരണം ചെയ്യുന്നതിൽ സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടുവെന്നും, മാധ്യമ വിലക്ക് ഏർപ്പെടുത്തി ഈ വൻ പ്രതിസന്ധി മറച്ചുവെക്കാനല്ല മറിച്ച് ജനങ്ങൾക്ക് എത്രയും വേഗം മരുന്ന് എത്തിക്കാനാണ് സർക്കാർ തയ്യാറാകേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

A leaked audio message from Kerala's Director of Health Services (DHS), Dr. V Meenakshi, has confirmed a severe medicine shortage in government hospitals across the state. In the message sent to district medical officers, she instructed hospital superintendents to urgently procure medicines locally using Hospital Management Committee (HMC) funds. Controversially, the DHS also issued a strict gag order, directing officials to hide the crisis and not to disclose any details regarding the scarcity or local purchases to the media.