പാലാ ബ്രില്ല്യന്റ് സ്റ്റഡി സെന്ററിലെ വിദ്യാര്‍ത്ഥിനി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നു. ഐജ മഹേഷിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ത്തി ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയതിലും പരീക്ഷ റദ്ദാക്കിയതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ആത്മഹത്യചെയ്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടുമായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം. ഐജയുടെ നാടായ കാസര്‍കോട് ശക്തമായ പ്രതിഷേധമായിരുന്നു അരങ്ങേറിയത്. കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കിയും ലാത്തിച്ചാര്‍ജും നടത്തി.
ഇനിയൊരു ഐജ ആവര്‍ത്തിക്കരുത് എന്ന മുദ്രാവാക്യമായിരുന്നു നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിനൊപ്പം ഇടത് വിദ്യാര്‍ഥി സംഘടന ഉയര്‍ത്തിയത്. ജൂണ്‍ രണ്ടിനാണ് നീറ്റ് പരീക്ഷ റദ്ദാക്കിയതിനെതുടര്‍ന്നുള്ള മാനസികസംഘര്‍ഷത്തിപെട്ട് കാഞ്ഞങ്ങാട് സ്വദേശിയായ ഐജ മഹേഷ് (19) ആണ് പാലയിലെ ബ്രില്യന്‍സ് കോച്ചിങ് കേന്ദ്രത്തില്‍ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ക്കിക്കരുത് എന്നും 'നീറ്റ് ഇൗസ് നോട്ട് നീറ്റ്', 'ഇനിയൊരു ഐജ ആവര്‍ത്തിക്കരുത്', 'മരണത്തില്‍ സമഗ്ര അന്വേഷണം' നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്.
വിദ്യാര്‍ഥിനിയുടെ മരണത്തില്‍ കോച്ചിങ് സ്ഥാപനത്തിന് എതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തിയിരുന്നു. സ്ഥാപനത്തില്‍ നിന്നുള്ള കടുത്ത മാനസിക പീഡനമാണ് ഐജയുടെ ആത്മഹത്യയ്ക്ക് കാരണമെന്നാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. മരണവിവരം അറിയിക്കുന്നതില്‍ വരുത്തിയ കാലതാമസവും ബന്ധുക്കള്‍ എത്തുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതും വലിയ രീതിയിലുള്ള സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
ജൂണ്‍ രണ്ടിന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഐജയെ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം ഉച്ചയ്ക്ക് 2 മണിയോടെ മാത്രമാണ് അധികൃതര്‍ മരണവിവരം മാതാപിതാക്കളെ അറിയിക്കുന്നത്. ഐജയുടേതായി ഒരു ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് വ്യക്തമായിട്ടും അത് മാതാപിതാക്കളെ കാണിച്ചിട്ടില്ല. കൂടാതെ സംഭവം നടന്ന ഹോസ്റ്റല്‍ മുറി കാണാന്‍ ബന്ധുക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ അതിന് അനുവാദം നല്‍കിയിട്ടില്ല.
'എനിക്കിവിടെ പേടിയാണ്...'
ആദ്യതവണ നീറ്റ് പരീക്ഷ എഴുതിയ ഐജ, ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയ പശ്ചാത്തലത്തിലാണ് ജൂണ്‍ 21-ലെ പുനപ്പരീക്ഷയ്ക്കായി വീണ്ടും ക്യാമ്പസിലെത്തിയത്. രണ്ടാമത് എത്തിയ ശേഷമാണ് കുട്ടിയുടെ മേല്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടായതെന്ന് കുടുംബം പറയുന്നു. 'എനിക്കിവിടെ പഠിക്കാനാകുന്നില്ല, വലിയ പേടിയാണ്' എന്ന് ഐജ മാതാപിതാക്കളെ വിളിച്ച് പറഞ്ഞിരുന്നു. പഠിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ തിരിച്ചുപോരാന്‍ മാതാപിതാക്കള്‍ നിര്‍ദേശിച്ചതുമാണ്. എന്നാല്‍ പിന്നീട് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മൊബൈല്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക പീഡനം നേരിടേണ്ടി വന്നിരുന്നതായി മറ്റ് വിദ്യാര്‍ത്ഥികളും സാക്ഷ്യപ്പെടുത്തിയിരുന്നു.
English Summary: Protests are intensifying across Kerala following the death of a student from Brilliant Study Centre in Pala, who was found dead in her hostel room. Student organizations, including the Students' Federation of India (SFI), have demanded a comprehensive investigation into the death of Aija Mahesh. Protesters have also raised concerns over the alleged NEET question paper leak and the uncertainty faced by thousands of students after the examination was cancelled. In Kasaragod, the student's hometown, large-scale demonstrations were held. A march organized by the SFI district committee to the Head Post Office turned tense when police used water cannons and conducted a lathi charge to disperse the protesters.