Kerala

20 വര്‍ഷം പഴക്കമുള്ള കേസ്, ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് കേരളം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ കുരുക്കുന്ന പതിബെല്‍ കരാര്‍ എന്താണ്?

2006-ല്‍ അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് വികസനത്തിന്റെ കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ 'പതിബെല്‍' നേരിട്ട പ്രതിസന്ധികളാണ് കേസിന് ആധാരം

Madism Desk

കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ പഴയ വിജിലന്‍സ് കേസില്‍ പുനരന്വേഷണത്തിന് കേരള സര്‍ക്കാര്‍. അദ്ദേഹം കേരളത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിലെ അഴിമതി ആരോപണങ്ങളിലും മലേഷ്യന്‍ എന്‍ജിനീയര്‍ ലീ സീ ബീനിന്റെ ആത്മഹത്യയിലുമാണ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അന്നത്തെ അഴിമതിക്കേസ് വീണ്ടും അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.

കേസിന്റെ പശ്ചാത്തലവും അഴിമതി ആരോപണവും

2006-ല്‍ അങ്കമാലി-തിരുവനന്തപുരം എം.സി റോഡ് വികസനത്തിന്റെ കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ 'പതിബെല്‍' നേരിട്ട പ്രതിസന്ധികളാണ് കേസിന് ആധാരം. റോഡ് നിര്‍മാണം വൈകിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കമ്പനിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുകയും ബില്ലുകള്‍ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കമ്പനിയുടെ എന്‍ജിനീയറായ ലീ സീ ബീന്‍ ക്വാലാലംപുരില്‍ വെച്ച് ആത്മഹത്യ ചെയ്തു. കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ അഴിമതിയാണ് പദ്ധതി വൈകാന്‍ കാരണമെന്ന് ലീ സീ ബീന്‍ ആരോപിച്ചിരുന്നു.

അദ്ദേഹത്തിന്റെ ആത്മഹത്യാക്കുറിപ്പിലും സര്‍ക്കാരിന് അയച്ച കത്തുകളിലും അന്നത്തെ പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ഗ്യാനേഷ് കുമാറിന്റെ അവിഹിത ഇടപെടലുകളെക്കുറിച്ച് വ്യക്തമായി പരാമര്‍ശിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം. അന്ന് ഈ ആരോപണങ്ങളെ തുടര്‍ന്ന് ഗ്യാനേഷ് കുമാറിനെ പൊതുമരാമത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. എന്നാല്‍ മറ്റ് കടുത്ത ശിക്ഷാനടപടികളിലേക്ക് പോകാതെ, പ്രാഥമിക വിജിലന്‍സ്-ക്രൈംബ്രാഞ്ച് അന്വേഷണങ്ങളില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയാണുണ്ടായത്. തുടര്‍ന്ന് അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു.

പതിബെല്‍ കരാര്‍ എന്താണ്?

ലോകബാങ്കിന്റെ സഹായത്തോടെ എംസി റോഡ് വികസിപ്പിക്കാനുള്ള കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ കരാര്‍ മലേഷ്യന്‍ കമ്പനിയായ പതിയും കൊച്ചി ആസ്ഥാനമായുള്ള ഭഗീരഥ എന്‍ജിനീയറിങ് ലിമിറ്റഡും ചേര്‍ന്നുള്ള പതിബെല്‍ എന്ന കണ്‍സോര്‍ഷ്യത്തിനായിരുന്നു. 127 കിലോമീറ്റര്‍ റോഡ് പണിയാന്‍ 215 കോടി രൂപയുടെ കരാര്‍ ആയിരുന്നു. പദ്ധതി 2005 ഡിസംബറില്‍ പൂര്‍ത്തിയാക്കണം എന്നായിരുന്നു കരാര്‍. എന്നാല്‍, സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ വൈകിയതിനാല്‍ പണി പൂര്‍ത്തിയായില്ല. കാലാവധി 2006 മേയ് വരെ നീട്ടിയിട്ടും പണി തീരാത്തതിനാല്‍ 17 കോടി രൂപയുടെ ബില്ലുകള്‍ സര്‍ക്കാര്‍ തടഞ്ഞു.

12 കോടി രൂപ കരാര്‍ കമ്പനി വിവിധ ഏജന്‍സികള്‍ക്ക് നല്‍കാനുണ്ടായിരുന്നു. സര്‍ക്കാരില്‍നിന്നു പണം കിട്ടാതെ വന്നതോടെ കമ്പനിയുടെ കേരള പ്രോജക്ട് മാനേജറായിരുന്ന ലീ ബിന്‍ സീന്‍ കടുത്ത സമ്മര്‍ദ്ദത്തിലായി. എല്ലാ രാഷ്ട്രീയ, ഉദ്യോഗസ്ഥ വഴികളും നോക്കിയിട്ടും പണം കിട്ടാതെ വന്നതോടെ ലീ ക്വാലലംപൂരിലേക്ക് മടങ്ങി. അവിടെവെച്ച് ആത്മഹത്യ ചെയ്തു. ഭാര്യയ്ക്കും കമ്പനി മേധാവി റോസ് ലീക്കിനും കത്തുകള്‍ എഴുതി വെച്ചായിരുന്നു ആത്മഹത്യ. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അഴിമതിയെക്കുറിച്ച് രണ്ട് കത്തിലും ലീ വിശദീകരിച്ചിരുന്നു എന്നായിരുന്നു അന്നത്തെ വാര്‍ത്തകള്‍.

പുതിയ നീക്കവും രാഷ്ട്രീയ പശ്ചാത്തലവും

എസ്.ഐ.ആറിലൂടെ 13 കോടിയോളം വോട്ടര്‍മാരെ വോട്ടര്‍പ്പട്ടികയില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അഖിലേന്ത്യാതലത്തില്‍ വലിയ പ്രക്ഷോഭം നടത്തുന്നതിനിടയിലാണ് ഈ നിര്‍ണായക നീക്കം. കെ.പി.സി.സി നിര്‍വാഹകസമിതി അംഗം മലയിന്‍കീഴ് വേണുഗോപാല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 2007-ല്‍ നടന്ന അന്വേഷണം തൃപ്തികരമല്ലെന്നും ലീ സീ ബീനിന്റെ കത്തുകളിലെ പരാമര്‍ശങ്ങള്‍ കൂടുതല്‍ അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം.

നിയമതടസ്സങ്ങളില്ലെന്ന് വിലയിരുത്തല്‍

നിലവില്‍ ഭരണഘടനാ പദവിയായ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനത്താണ് ഗ്യാനേഷ് കുമാര്‍ ഇരിക്കുന്നത്. എങ്കിലും ഈ പദവിയില്‍ എത്തുന്നതിന് മുന്‍പുള്ള കാലയളവില്‍ നടന്ന സംഭവങ്ങളായതിനാല്‍ കേസ് അന്വേഷിക്കുന്നതില്‍ നിയമതടസ്സങ്ങളില്ലെന്നാണ് സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും വിലയിരുത്തല്‍. മന്ത്രിയുടെ നിര്‍ദേശപ്രകാരം അന്നത്തെ വിജിലന്‍സ് ഫയലുകളുടെ പ്രാഥമിക പരിശോധന നിലവില്‍ ആരംഭിച്ചുകഴിഞ്ഞു. പഴയ ഫയലുകള്‍ വീണ്ടും തുറക്കുന്നത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണെന്ന ചര്‍ച്ചകളും ശക്തമാണ്.