ഇൻഷുറൻസ് ഇല്ലെന്ന് കാണിച്ച് പൊലീസ് ജീപ്പിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതിനെ ചുറ്റിപ്പറ്റി കേരള പൊലീസും മോട്ടോർ വാഹന വകുപ്പും ചേരി തിരിഞ്ഞുള്ള ചക്കളത്തിൽ പോരാണ് തൃശൂർ വടക്കാഞ്ചേരിയിൽനിന്ന് ദിവസങ്ങളായി പുറത്തുവരുന്നത്. വിഷയം വാഹനത്തിന്റെ പിഴയിൽനിന്ന് തുടങ്ങി പ്രതികാരനടപടിയിലേക്കും തുടർന്ന് എംവിഐ ഉദ്യോഗസ്ഥൻ ഒളിവിൽ പോകുന്നതുവരെയുള്ള സംഭവ വികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
വടക്കാഞ്ചേരിയിൽ രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസ് ജീപ്പ്, എംവിഡി പരിശോധിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വാഹനത്തിന് ഇൻഷുറൻസ് ഇല്ലെന്നും മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞെന്നുമുള്ള കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പൊലീസ് ജീപ്പിനെതിരെ എംവിഐ പിവി ബിജു 4,000 പിഴ ചുമത്തി. ശേഷം വാർത്താ കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു.
എന്നാൽ വാഹനത്തിന് 2027 മാർച്ച് വരെ ഇൻഷുറൻസ് നിലവിലുണ്ടായിരുന്നുവെന്നും അത് പിന്നീട് രേഖകൾ സഹിതം തെളിയിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ഇൻഷുറൻസ് വിവരങ്ങൾ പരിശോധനാ സമയത്ത് ഓൺലൈൻ സംവിധാനത്തിൽ പുതുക്കപ്പെട്ടിരുന്നില്ലെന്ന വാദവും ഉയർന്നു. തുടർന്ന് പിഴയിൽ ഭേദഗതി വരുത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ സംഭവം മറ്റൊരു തലത്തിലേക്ക് കടന്നു.
പട്രോളിങ് ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് എംവിഐ പിവി ബിജുവിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ശേഷം എംവിഡിയുടെ ഔദ്യോഗിക വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ സംഭവമാണ് രണ്ട് വകുപ്പുകളും തമ്മിലുള്ള തർക്കത്തെ വലിയ വിവാദമാക്കിയത്. ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനുള്ള നടപടികളുടെ ഭാഗമായി കേസെടുത്തതിനെ തുടർന്ന് പിവി ബിജു നിലവിൽ ഒളിവിലാണ്.
എംവിഐ പിവി ബിജുവിന്റെ സ്വകാര്യ വാഹനത്തിന് പൊലൂഷ്യൻ സർട്ടിഫിക്കറ്റ് ഇല്ല എന്നത് കണ്ടെത്തി ഇത് പൊലീസ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. നിയമം നടപ്പാക്കുന്ന രണ്ട് സർക്കാർ സ്ഥാപനങ്ങൾ പരസ്പരം കേസും വാഹന കസ്റ്റഡിയും പ്രതികാര നടപടികളും സ്വീകരിക്കുന്ന കാഴ്ച പൊതുജനങ്ങളിൽ ആശയക്കുഴപ്പവും ഇരട്ടനീതിയെക്കുറിച്ചുള്ള സംശയവും സൃഷ്ടിക്കുമെന്ന് സോഷ്യൽ മീഡിയ പറയുന്നുണ്ട്.
കേരളത്തിൽ ഇതാദ്യമായല്ല ഇത്തരമൊരു വകുപ്പുതർക്കം വാർത്തയാകുന്നത്. മുമ്പ് കെഎസ്ഇബി വാഹനത്തിന് എംവിഡി പിഴ ചുമത്തിയതിന് പിന്നാലെ എംവിഡി ഓഫീസിന്റെ വൈദ്യുതി വിച്ഛേദിച്ച സംഭവവും വലിയ വിവാദമായിരുന്നു. ഇത്തരം സംഭവങ്ങൾ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും അധികാരപരിധിയിലെ സംഘർഷവും തുറന്നുകാട്ടുന്നതാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഡിപ്പാർട്ട്മെന്റുകൾ തമ്മിലുള്ള ഈഗോ ക്ലാഷുകൾ വെച്ചുപൊറുപ്പിക്കരുതെന്ന് മറ്റൊരു കൂട്ടർ പറയുന്നുണ്ട്.
2022ൽ ആലപ്പുഴയിൽ കെഎസ്ഇബിയുടെ ഔദ്യോഗിക വാഹനത്തിന് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തിയതിന് പിന്നാലെ എംവിഡി ഓഫീസിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലായിരുന്നു അന്ന് കെഎസ്ഇബി വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. നിയമലംഘനം കണ്ടെത്തിയതിനാലാണ് നടപടിയെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം. എന്നാൽ ഇത് പ്രതികാര നടപടിയാണെന്ന വിമർശനവും ശക്തമായി ഉയർന്നു. ഒടുവിൽ സർക്കാർ ഇടപെട്ട് വിഷയം വകുപ്പ് തലത്തിൽ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
A dispute between the Kerala Police and the Motor Vehicles Department (MVD) in Wadakkanchery has escalated from a traffic fine to a full-blown departmental conflict. The MVD fined a police jeep for allegedly lacking valid insurance and a pollution certificate, while police claimed the insurance was valid but not updated online. Police later registered a case against the Motor Vehicle Inspector and seized an MVD vehicle, triggering criticism over alleged retaliatory actions and raising concerns about inter-departmental ego clashes and public trust in law enforcement.