Kerala

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്, ആറ് ഡാമുകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതയില്‍ കേരളം

പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ ഷട്ടറുകള്‍ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാന്‍ ഇടയാക്കും.

Madism Desk

സംസ്ഥാനത്ത് കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ നദികളിലും ഡാമുകളിലും ജലനിരപ്പ് ഉയര്‍ന്നു. മഴക്കെടുതികളില്‍പ്പെട്ട് ഇതുവരെ 11 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 30 വീടുകള്‍ പൂര്‍ണമായും 293 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകള്‍ ശക്തമായ സാഹചര്യത്തില്‍ പൊതുജനങ്ങളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച സംസ്ഥാനത്തെ 12 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണ്.

സംസ്ഥാനത്തെ ആറ് പ്രധാന ഡാമുകളില്‍ നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂഴിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത്, കുറ്റ്യാടി എന്നീ ഡാമുകളിലാണ് റെഡ് അലര്‍ട്ട്. ഇതില്‍ പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്നതിനാല്‍ ഷട്ടറുകള്‍ ഏതുസമയവും തുറന്നേക്കാം. ഇത് കക്കാട്ടാറിലും പമ്പാനദിയിലും ജലനിരപ്പ് ഉയരാന്‍ ഇടയാക്കുമെന്നതിനാല്‍ റാന്നി, കോഴഞ്ചേരി, ആറന്മുള, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്. അതിനാല്‍ തീരത്തുള്ളവരോട് മാറി താമസിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നതിനെ തുടര്‍ന്ന് കുറ്റ്യാടി പുഴയില്‍ 150 സെന്റീമീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നും മുന്നറിയിപ്പുണ്ട്. കല്ലാര്‍കുട്ടി, പാമ്പള, കല്ലാര്‍ ഡാമുകള്‍ നിലവില്‍ തുറന്നിരിക്കുകയാണ്.

പത്തനംതിട്ടയില്‍ മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശവും മിന്നല്‍പ്രളയ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പമ്പ ത്രിവേണിയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന്, നിറപുത്തരിക്കായി നട തുറന്ന ശബരിമലയിലേക്ക് ഇന്ന് തീര്‍ത്ഥാടകര്‍ക്ക് പ്രവേശനമില്ല. ഇടുക്കി ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും മണ്ണിടിച്ചില്‍ ഉണ്ടാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. കട്ടപ്പന-കുമളി, വണ്ണപ്പുറം-ചേലച്ചുവട് പാതകളില്‍ ഗതാഗതം ഭാഗികമാണ്. അപകടസാധ്യത കണക്കിലെടുത്ത് നേര്യമംഗലം-അടിമാലി പാതയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ താത്കാലികമായി അടച്ചുപൂട്ടി. കോട്ടയം നഗരത്തില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുമ്പോള്‍, എറണാകുളത്ത് മൂവാറ്റുപുഴയിലെ താഴ്ന്ന പ്രദേശങ്ങളിലും ആലുവ ശിവക്ഷേത്രത്തിലും വെള്ളം കയറിയിട്ടുണ്ട്. കോഴിക്കോട്ട് മഴയുടെ ശക്തി കുറഞ്ഞെങ്കിലും 30 ദുരിതാശ്വാസ ക്യാമ്പുകളിലായി 826 പേര്‍ കഴിയുന്നുണ്ട്. പൊതുജനങ്ങള്‍ അനാവശ്യ യാത്രകളും നദികളിലും കടലിലും ഇറങ്ങുന്നതും ഒഴിവാക്കണമെന്ന് അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Heavy rainfall and strong winds continue to batter Kerala, causing widespread flooding, rising river levels, and increasing water storage in major dams. Eleven people have died in rain-related incidents, while 30 houses have been completely destroyed and 293 partially damaged. A total of 7,674 people have been shifted to 273 relief camps across the state. The India Meteorological Department (IMD) has issued a Yellow Alert for all 14 districts. Holiday has been declared for educational institutions in 12 districts. Red Alert has been issued for six major dams.