Kerala

സാമ്പത്തിക പ്രതിസന്ധി ജനങ്ങൾക്ക് മാത്രം; മന്ത്രിമാർക്ക് സഞ്ചരിക്കാൻ 9.60 കോടിയുടെ ആഡംബര കാറുകൾ, സർക്കാർ ഉത്തരവ്

വിനോദസഞ്ചാര വകുപ്പിനാണ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

Madism Desk

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും ഔദ്യോഗിക യാത്രകൾക്കായി 24 പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് കാറുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. 9.60 കോടി രൂപ ചെലവഴിച്ചാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്. ഇതുസംബന്ധിച്ച് പൊതുഭരണ വകുപ്പിന്റെ പ്രോട്ടോക്കോൾ വിഭാഗം ഉത്തരവിറക്കി.

അനുവദിച്ച 24 വാഹനങ്ങളിൽ 22 എണ്ണം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർക്കും ചീഫ് സെക്രട്ടറിക്കുമായിരിക്കും നൽകുക. ബാക്കിയുള്ള രണ്ട് വാഹനങ്ങൾ സംസ്ഥാനത്തെത്തുന്ന വിഐപികളുടെയും വിദേശ അതിഥികളുടെയും സന്ദർശനങ്ങളുമായി ബന്ധപ്പെട്ട പ്രോട്ടോക്കോൾ ആവശ്യങ്ങൾക്കായി ഉപയോഗിക്കും. ഇന്നോവ ഹൈക്രോസിന്റെ സ്ട്രോങ് ഹൈബ്രിഡ് ടോപ്പ് മോഡൽ കാറുകളാണ് വാങ്ങുന്നത്. വിനോദസഞ്ചാര വകുപ്പിനാണ് വാഹനങ്ങൾ വാങ്ങുന്നതിനുള്ള ചുമതല നൽകിയിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമപദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മന്ത്രിമാർക്കായി 9.60 കോടി രൂപ മുടക്കി പുതിയ വാഹനങ്ങൾ വാങ്ങുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.

പ്രതിപക്ഷത്തിരുന്നപ്പോൾ മുൻ സർക്കാരിന്റെ വാഹന പർച്ചേസുകളെയും ചെലവുകളെയും ധൂർത്ത് എന്ന് വിമർശിച്ചിരുന്ന യുഡിഎഫ്, അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിൽ ഇതേ പാത പിന്തുടരുന്നത് ഇരട്ടത്താപ്പാണെന്നാണ് പ്രധാന ആക്ഷേപം. ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ ഏറ്റവും ഉയർന്ന മോഡലായ സ്ട്രോങ് ഹൈബ്രിഡ് (ZX(O)) വാഹനങ്ങൾ തന്നെ തിരഞ്ഞെടുത്തതും വിമർശനത്തിന്റെ ആക്കം കൂട്ടുന്നുണ്ട്.

നിലവിൽ മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങൾ കാലപ്പഴക്കം കാരണം തകരാറിലാകുന്നതും അറ്റകുറ്റപ്പണികൾക്കായി വലിയ തുക ചെലവാകുന്നതും കണക്കിലെടുത്താണ് പുതിയ വാഹനങ്ങൾ വാങ്ങാൻ തീരുമാനിച്ചതെന്നാണ് സർക്കാർ വിശദീകരണം. വി ഡി സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലേറിയ ശേഷം മുൻ സർക്കാരിന്റെ കാലത്തുള്ള വാഹനങ്ങളായിരുന്നു മന്ത്രിമാർ ഉപയോഗിച്ചിരുന്നത്. പുതിയ വാഹനങ്ങൾ വാങ്ങുന്നത് ധൂർത്താണെന്ന സന്ദേശം നൽകുമെന്ന് നേരത്തെ മുഖ്യമന്ത്രി നിലപാടെടുത്തിരുന്നെങ്കിലും, വാഹനങ്ങൾ വഴിയിൽ കിടക്കുന്നതിനെതിരെ മന്ത്രിമാർ പരാതി ഉന്നയിച്ചതോടെയാണ് തീരുമാനം മാറ്റിയത്. വാഹനങ്ങളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി കെ എം ഷാജി ഉൾപ്പെടെയുള്ള ചില മന്ത്രിമാർ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചതും നേരത്തെ വലിയ വിവാദമായിരുന്നു.

Amid an ongoing financial crisis, the Kerala government has sanctioned ₹9.60 crore to purchase 24 new Toyota Innova Hycross top-end hybrid cars for ministers, the Chief Secretary, and VIP protocol duties. While the government justifies the purchase citing frequent breakdowns and high maintenance costs of old vehicles, the move has sparked sharp criticism over alleged extravagance and double standards, especially given budget cuts to local bodies and welfare schemes.