സമരകാലടികള്‍ക്കൊപ്പമെന്ന് പിണറായി; കാലടി വിഷയം തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍

നെഹ്റുവിന്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നല്‍കിയ ജോസഫ് ഗീബല്‍സിന്റെ ആശയങ്ങളാണ് യുഡിഎഫ് സര്‍ക്കാറിനെ നയിക്കുന്നത്
സമരകാലടികള്‍ക്കൊപ്പമെന്ന് പിണറായി;  കാലടി വിഷയം തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍
Published on: 

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ നടത്തിവരുന്ന നിരാഹാര സമരം 12 - ദിവസങ്ങള്‍ പിന്നിടുമ്പോള്‍ സര്‍ക്കാരിനും വൈസ് ചാന്‍സര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിനായി യാഥാര്‍ത്ഥ്യത്തെ എത്ര മോശമായി വേണമെങ്കിലും വക്രീകരിക്കാമെന്ന സര്‍ക്കാരിന്റെ കാപട്യത്തിന്റെ ഇരകളാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെന്ന് പിണറായി ആരോപിച്ചു. വെള്ളിയാഴ്ച രാവിലെ സര്‍വകലാശാലയ്ക്കു മുന്നില്‍ നിരാഹാര സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ സമരപ്പന്തലിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഞാനും സമരകാലടികള്‍ക്കൊപ്പം! കാലടിയിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ ഐക്യദാര്‍ഢ്യം എന്ന് വ്യക്തമാക്കുന്ന ഫെയ്‌സ്ബുക്ക് കുറിപ്പും പിണറായി പങ്കുവച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തെരുവുനാടകത്തെക്കുറിച്ച് അസത്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി തന്നെ നേതൃത്വം നല്‍കി. റീച്ച്സ്റ്റാഗിന് തീയിട്ടത് കമ്മ്യൂണിസ്റ്റുകാരാണെന്ന ഗീബല്‍സിയന്‍ നുണകള്‍ പോലെ വിദ്യാര്‍ഥികള്‍ വിസിയെ ആക്രമിച്ചെന്ന് സര്‍വ്വകലാശാല അധികൃതരും സര്‍ക്കാരും യാതൊരു തെളിവുമില്ലാതെ, ദുഷ്ടലാക്കോടെ പ്രചരിപ്പിച്ചു. നെഹ്റുവിന്റെയല്ല, പകരം നാസികളുടെ രാഷ്ട്രീയ പ്രചരണത്തിന് നേതൃത്വം നല്‍കിയ ജോസഫ് ഗീബല്‍സിന്റെ ആശയങ്ങളാണ് യുഡിഎഫ് സര്‍ക്കാറിനെ നയിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിസിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും യുഡിഎഫ് സര്‍ക്കാരും ചേര്‍ന്ന് ഈ വിദ്യാര്‍ത്ഥികളുടെ ഭാവിയെത്തന്നെ കുരുതി കൊടുക്കുകയാണ്. പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയിട്ടും അതിന് തടസ്സം സൃഷ്ടിക്കാന്‍ വീണ്ടും കോടതിയെ സമീപിച്ച വിസിയെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തന്നെയാണ് രൂക്ഷമായി വിമര്‍ശിച്ചത്.

സമരകാലടികള്‍ക്കൊപ്പമെന്ന് പിണറായി;  കാലടി വിഷയം തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍
'ഇവിടെയുള്ളത് മനുസ്മൃതിയല്ല, ഭരണഘടന, മാപ്പെഴുതാൻ വിദ്യാർഥികൾ സവർക്കറല്ല'; കാലടിയിൽ ഐക്യദാർഢ്യവുമായി പ്രകാശ് രാജ്

എന്നിട്ടും, സര്‍ക്കാരും സര്‍വ്വകലാശാലയും തെറ്റൊന്നും ചെയ്യാത്ത വിദ്യാര്‍ത്ഥികളോട് മാപ്പപേക്ഷ എഴുതി നല്‍കണമെന്നാണ് ആജ്ഞാപിക്കുന്നത്. സര്‍ക്കാരിന്റേയും വിസിയുടേയും മാതൃക സ്വാതന്ത്ര്യ സമരത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പപേക്ഷകള്‍ നല്‍കിയ വിഡി സവര്‍ക്കറായിരിക്കും. പക്ഷേ, ആത്മാഭിമാനവും സ്വാതന്ത്ര്യബോധവുമുള്ള കാലടിയിലെ വിദ്യാര്‍ത്ഥികളുടെ രാഷ്ട്രീയം അതല്ല .

അവരുടെ നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇതൊരു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരം മാത്രമല്ല. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ സംഘപരിവാര്‍ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി മാറ്റാനുള്ള നീക്കങ്ങള്‍ക്കും അതിന് ഒത്താശ ചെയ്യുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാടുകള്‍ക്കുമെതിരായ പോരാട്ടം കൂടിയാണിത്. അനീതിക്ക് മുന്നില്‍ തലകുനിക്കാതെ സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കണം. അവരുടെ സമരം വിജയിക്കേണ്ടത് കേരളത്തിന്റെ ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും ഭാവിക്ക് കൂടി അനിവാര്യമാണ്. എന്നും പിണറായി പ്രസ്താവനയില്‍ അറിയിച്ചു.

അതിനിടെ, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. സിന്‍ഡിക്കറ്റ് തീരുമാനം അറിയിച്ച സാഹചര്യത്തില്‍ ഹര്‍ജി ഭേദഗതി വരുത്തിയാണ് പരിഗണിക്കുക. സസ്‌പെന്‍ഷന്‍ കാര്യമടക്കം തങ്ങളുടെ തീരുമാനം ചൂണ്ടിക്കാട്ടി സര്‍വകലാശാല നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ക്കു താല്‍പര്യമുണ്ടെങ്കില്‍ മാപ്പപേക്ഷ നല്‍കിയാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന സര്‍വകലാശാല തീരുമാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളും ചോദ്യം ചെയ്യാം. ഭേദഗതി വരുത്തിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.

സമരകാലടികള്‍ക്കൊപ്പമെന്ന് പിണറായി;  കാലടി വിഷയം തിങ്കളാഴ്ച വീണ്ടും ഹൈക്കോടതിയില്‍
കൂവാനും സമരം ചെയ്യാനും കുട്ടികള്‍ എവിടെ നിന്നാണ് പഠിക്കേണ്ടത്?

എന്നാല്‍, എന്തുവന്നാലും സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് എസ്എഫ്‌ഐ അറിയിച്ചു. നിരാഹാര സമരം നടത്തുന്ന വിദ്യാര്‍ഥികളെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. നിരാഹാരസമരം തുടരുന്ന വിദ്യാര്‍ഥികളെ വൈദ്യപരിശോധനയ്ക്കായി ആദ്യം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്കും തുടര്‍ന്ന് ലിറ്റില്‍ ഫ്‌ളവര്‍ അശുപത്രിയിലേക്കും മാറ്റും. സര്‍വകലാശാലയ്ക്ക് മുന്നില്‍ നിരാഹാരം കിടന്ന പി എം അശ്വന്ത്, കെ വി അഭിജിത്ത്, പി എസ് അര്‍ച്ചന എന്നീ വിദ്യാര്‍ഥികളെയാണ് മാറ്റുന്നത്. ഇവര്‍ക്ക് പകരമായി ശിവകുമാര്‍, ശ്രദ്ധ, അതുല്യ എന്നീ മൂന്ന് വിദ്യാര്‍ഥികള്‍ നിരാഹാര സമരം തുടരും.

Summary

Opposition leader Pinarayi Vijayan has strongly criticised the Kerala government and the Vice-Chancellor of Sree Sankaracharya University of Sanskrit, Kalady, over the ongoing student hunger strike, which has entered its 12th day. He alleged that the students have become victims of the government's hypocrisy and its attempts to distort facts for political gains. Vijayan made the remarks after visiting the protesting students at their hunger strike venue outside the university on Friday morning.