

ആവേശവും അക്ഷമയും ഇടയ്ക്കുണ്ടാകുന്ന അതിരുകടന്ന പ്രതികരണങ്ങളും എത്രയോ ദശാബ്ദങ്ങളായി കാമ്പസ് അനുഭവങ്ങളുടെ, വിദ്യാര്‍ഥി ജീവിതത്തിന്റെ ഭാഗമാണ്. ക്ഷണിച്ചുവരുത്തിയ മുഖ്യാതിഥിയെ നിര്‍ത്താതെ കൂവുന്നതുപോലും ക്യാമ്പസുകളില്‍ അപൂര്‍വമായ കാര്യമല്ല. അത്തരം പെരുമാറ്റം മര്യാദകേടായിരിക്കാം. എന്നാല്‍ അതിനോട് സാഹചര്യത്തിനൊത്തും നര്‍മ്മബോധത്തോടെയും ക്ഷമിക്കാനുള്ള സന്നദ്ധതയോടെയും പ്രതികരിക്കാനുള്ള പക്വത വ്യക്തികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കുമുണ്ടാകണം.
ഒരിക്കല്‍ ഞാന്‍ പഠിച്ച കോളേജില്‍ ആരെയും ഉദ്ഘാടനത്തിന് കിട്ടാതെ വന്നപ്പോള്‍ പാരലല്‍ കോളേജുകള്‍ നടത്തിയിരുന്ന പ്രാദേശിക റോട്ടറി ക്ലബ് പ്രസിഡന്റിനെയാണ് യൂണിയന്കാര് കൊണ്ടുവന്നത്. കക്ഷിഭേദമന്യേ ആ മാന്യനെ വിദ്യാര്‍ഥികള്‍ കൂവി. അപ്പോഴാണ് ആ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ താനും പ്രസംഗകരെ കൂവിയിട്ടുണ്ടെന്ന്. പക്ഷേ തനിക്ക് വി.കെ കൃഷ്ണമേനോനെ കൂവാനുള്ള അവസരം ലഭിച്ചിരുന്നു, നിങ്ങള്‍ക്കാകട്ടെ എന്നെപ്പോലൊരാളെക്കൊണ്ട് തൃപ്തിപ്പെടേണ്ടിവരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നര്‍മം.
വിദ്യാര്‍ഥികള്‍ കൂവിയപ്പോള്‍ ചലച്ചിത്രകാരന് ജോണ്‍ എബ്രഹാം തിരിച്ചു കൂവുകയായിരുന്നു. എങ്ങനെയാണ് ശരിയായി കൂവേണ്ടതെന്ന് കാണിച്ചു കൊടുക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ഒടുവില്‍ വിദ്യാര്‍ഥികള്‍ അദ്ദേഹത്തെ തോളിലേറ്റി ഘോഷയാത്ര നടത്തി. തനിക്കെതിരെ വേദിയില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുക്കാന്‍ പോലും ഇഎംഎസ് സമ്മതിച്ചില്ലെന്ന് ഇന്നലെ സ്പീക്കര്‍ പറഞ്ഞിട്ടുണ്ട്. മഹാരാജാസ് കോളേജില്‍ ഉണ്ടായ സംഭവവും അത്തരത്തില്‍ കേരളത്തില്‍ മുമ്പ് ഉണ്ടായിട്ടുള്ള നിരവധി സംഭവങ്ങള്‍പോലെ ഒന്ന് മാത്രമാണ്. അതിനും ശിക്ഷണനടപടികള്‍ ആവശ്യമില്ല.
ശിക്ഷാനടപടികളില്‍ മാത്രം അഭിരമിക്കുന്ന ഭരണാധികാരികള്‍ വീണ്ടെടുക്കേണ്ട ഒരു രാഷ്ട്രീയ ബോധമുണ്ട്. അത് യുവാക്കളോട് വൈരനിര്യാതനബുദ്ധി കാട്ടാതിരിക്കുക എന്നതാണ്. കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ സസ്പെന്‍ഷനിലായ വിദ്യാര്‍ഥികളോടുള്ള സമീപനം ഈ പശ്ചാത്തലത്തില്‍ പുനപ്പരിശോധിക്കപ്പെടണം. 16 വിദ്യാര്‍ഥികള്‍ രണ്ടുമാസത്തിലേറെയായി സസ്പെന്‍ഷനിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി ഇടക്കാല അനുമതി നല്‍കിയിട്ടും സര്‍വകലാശാല അതിനെതിരെ അപ്പീല്‍ നല്കിയതും അതിനു ഡിവിഷന് ബഞ്ച് അനുകൂലവിധി പുറപ്പെടുവിച്ചതും ഞെട്ടിക്കുന്ന കാര്യങ്ങളാണ്.
വൈസ് ചാന്‍സലറെ കൈയേറ്റം ചെയ്തതും അവരുടെ വാഹനം കേടുവരുത്താന്‍ ശ്രമിച്ചതുമുള്‍പ്പെടെയുള്ള അച്ചടക്കലംഘനങ്ങളാണ് അധികൃതര്‍ ആരോപിക്കുന്നത്. വിദ്യാര്‍ഥികള്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുന്നു. കുറ്റക്കാരാണെന്ന മുന്‍വിധിയോടെയല്ല, നീതിപൂര്‍വമായ അന്വേഷണത്തിലൂടെയാണ് ഇത്തരം വിഷയങ്ങള്‍ തീര്‍പ്പാക്കേണ്ടത്.
മുദ്രാവാക്യം മുഴക്കുന്നതിനെയോ പ്രതീകാത്മക പ്രതിഷേധത്തെയോ ഒന്നും ശാരീരികാക്രമണവുമായി സമീകരിക്കരുത്. തെളിയിക്കപ്പെടുന്ന ഏതൊരു അച്ചടക്കലംഘനത്തിനുമുള്ള നടപടിയും അതിന്റെ ഗൗരവത്തിന് ആനുപാതികമായിരിക്കണം. സസ്പെന്‍ഷനും നഷ്ടപ്പെട്ട ക്ലാസുകളും നീണ്ടുനില്‍ക്കുന്ന അനിശ്ചിതത്വവും ഇതിനകംതന്നെ വിദ്യാര്‍ഥികള്‍ക്കുമേല്‍ വലിയ ഭാരം ചുമത്തിയിട്ടുണ്ട്. സസ്പെന്ഷന് തന്നെയാണ് ഹാജര്‍ കുറയാന്‍ കാരണമായതെങ്കില്‍, ആ ഹാജര്‍ കുറവ് ചൂണ്ടിക്കാട്ടി പരീക്ഷ നിഷേധിക്കുന്നത് അനീതിയെ ഇരട്ടിപ്പിക്കുകയാണ്. വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠനഭാവി സംരക്ഷിക്കാനുള്ള അവസരം അനുവദിച്ചുകൊണ്ടുതന്നെ അന്വേഷണം തുടരാവുന്നതേയുള്ളൂ.
സ്വന്തം വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ അനുമതി നല്കുന്ന കോടതി ഉത്തരവ് റദ്ദാക്കിക്കിട്ടാന്‍ ഒരു സര്‍വകലാശാല നിയമപോരാട്ടം നടത്തുന്നത് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയാണ്. സമരങ്ങള്‍ വിദ്യാര്‍ഥി ജീവിതത്തിന്റെ ഭാഗമാണ്. അതില്‍ പ്രകോപനങ്ങള്‍ ഉണ്ടായാല്‍ ഉചിതമായ സാഹചര്യങ്ങളില്‍ ക്ഷമിക്കപ്പെടുകയാണ് വേണ്ടത്. മുറിവേറ്റ സ്ഥാപനാഭിമാനത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് അധ്യയനവര്‍ഷം നഷ്ടപ്പെടുത്തുന്നത് അതിരുകടന്ന ശിക്ഷയാണ്. ഈ സാഹചര്യത്തില്‍ അവരെ പരീക്ഷയെഴുതാന്‍ അനുവദിക്കാതിരിക്കുന്നത് ഗുരുതരമായ വിദ്യാഭ്യാസ അനീതിയായിരിക്കും. സര്‍വകലാശാല അപ്പീല്‍ പിന്‍വലിച്ച്, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കുകയും സംവാദത്തിലൂടെ നീതിപൂര്‍വവും സമയബന്ധിതവുമായ പരിഹാരത്തിന് ശ്രമിക്കുകയും വേണം.
ഏറ്റവും പ്രധാനമായി, 'The balance of convenience' എന്നൊന്നുണ്ട് ജൂറിസ്പ്രുഡന്സി(നിയമശാസ്ത്രം)ല്‍. ഇടക്കാല ആശ്വാസം അനുവദിക്കുന്നതോ നിഷേധിക്കുന്നതോ, ഏതാണ് പിന്നീട് പരിഹരിക്കാനാവാത്ത കൂടുതല്‍ ദോഷം വരുത്തിവെക്കുക എന്ന താരതമ്യ പരിശോധനയാണത്. അതിന്റെ അടിസ്ഥാനത്തില്‍ കോടതി ചില താല്‍ക്കാലിക തീരുമാനങ്ങള്‍ എടുക്കും. അങ്ങനെ ഒന്നാണു കുട്ടികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണം എന്ന ഉത്തരവ്. അത് പാലിക്കപ്പെടുകയാണ് സാമാന്യ നീതി. നാളെ കുട്ടികള്‍ ആരോപിക്കപ്പെടുന്ന ഈ കുറ്റങ്ങള്‍ ചെയ്തില്ല എന്ന് തെളിഞ്ഞാല്‍ അവരുടെ നഷ്ടപ്പെട്ട അധ്യയന വര്‍ഷം സര്‍വകലാശാലയ്ക്ക് തിരിച്ചു കൊടുക്കാന്‍ കഴിയില്ല. ഇത് തീര്‍ച്ചയായും വിദ്യാര്‍ഥികള്‍ അപ്പീല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടണം. സുപ്രീം കോടതിയില്‍ നിന്നെങ്കിലും അര്‍ഹമായ നീതി ലഭിക്കുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.
ഈ വിഷയത്തില്‍ ഡിവിഷന് ബെഞ്ച് പുറപ്പെടുവിച്ച വിധി നീതിപൂര്‍വകമാണ് എന്ന് തോന്നുന്നില്ല. കാരണം, ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുമ്പോള്‍ കോടതികള്‍ സാധാരണയായി പരിഗണിക്കാറുള്ള 'പരിഹരിക്കാനാവാത്ത നഷ്ടം' (irreparable injury) എന്ന നിയമതത്ത്വത്തിന് വിരുദ്ധമായി, ഈ വിധി ഒരു കക്ഷിക്ക് പരിഹരിക്കാനാവാത്ത ദോഷം വരുത്തുമ്പോള്‍ മറുകക്ഷിക്ക് അനുകൂലമായ തീരുമാനം ഉണ്ടായാലും കാര്യമായ ഒരു നഷ്ടവും സംഭവിക്കാനിടയില്ല.
വിദ്യാര്‍ഥികള്‍ക്കെതിരായ ആരോപണങ്ങള്‍ ഒടുവില്‍ തെളിയിക്കപ്പെടുന്നില്ലെങ്കില്‍ സസ്പെന്ഷന് പിന്‍വലിക്കാനും അതുമൂലമുണ്ടായ ഹാജര്‍ സംബന്ധമായ പ്രശ്നങ്ങള്‍ ക്രമീകരിക്കാനും കഴിയും. എന്നാല്‍, വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള അവസരം നിഷേധിക്കുന്നത് പിന്നീട് പരിഹരിക്കാനാവാത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. അവര്‍ക്ക് അനുകൂലമായി പിന്നീട് കോടതി വിധിയുണ്ടായാല്പ്പോലും നഷ്ടപ്പെട്ട അക്കാദമിക അവസരങ്ങള്‍ക്ക് പൂര്‍ണമായ പരിഹാരം നല്കാന് അതിനു കഴിയില്ല. യഥാര്‍ത്ഥ നീതി അന്തിമവിധിയില്‍ മാത്രം കുടികൊള്ളുന്നതല്ല, നീതിനിര്ണയപ്രക്രിയയുടെ നീതിപൂര്വകതയിലും ആനുപാതികതയിലും വിവേകപൂര്ണതയിലും കൂടിയാണ് അത് നിലകൊള്ളുന്നത്.
In an opinion article titled Where Should Students Learn to Shout and Protest?, T.T. Sreekumar questions the disciplinary action taken against students of Sree Sankaracharya University of Sanskrit, Kalady, following protests on campus. He argues that student protests, slogans and occasional unruly behaviour have historically been part of campus life and should be addressed with maturity rather than excessive punishment. Drawing on incidents involving filmmaker John Abraham and former Chief Minister EMS Namboodiripad, the writer highlights how earlier generations of public figures and political leaders responded to student protests with patience and understanding. He argues that authorities should avoid treating young protesters with hostility or seeking retaliation through disciplinary measures.