Kerala

പ്രിയദര്‍ശിനി, തൂഫാന്‍ നേട്ടങ്ങള്‍ എണ്ണിയെടുക്കാം; അടിയും വഴക്കും വിവാദങ്ങളും നിരവധി; വിഡി സതീശന്റ ആറ് മാസം

സര്‍ക്കാരിലും മുന്നണിയിലും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും വലിയ തോതില്‍ വാര്‍ത്താപ്രാധാന്യം നേടി

Madism Desk

പത്ത് വര്‍ഷം നീണ്ട എല്‍ഡിഎഫ് ഭരണം അവസാനിപ്പിച്ച് 102 സീറ്റുകള്‍ നേടി ചരിത്രവിജയം നേടി കേരളത്തില്‍ ഭരണത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ ഇന്ന് ആറ് മാസം പൂര്‍ത്തിയാക്കുന്നു. 'പുതുയുഗ കേരളം' എന്ന ലക്ഷ്യം പ്രഖ്യാപിച്ച് ഭരണം ഏറ്റെടുത്ത വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കയ്യടി നേടിയും അതിനേക്കാള്‍ ഉപരി വിമര്‍ശനങ്ങള്‍ നേടിയും മുന്നോട്ട് പോകുമ്പോള്‍, സര്‍ക്കാരിലും മുന്നണിയിലും അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും വലിയ തോതില്‍ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്തു.

പ്രിയദര്‍ശിനി പദ്ധതിയിലൂടെ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കായി സൗജന്യയാത്ര ഉറപ്പാക്കാനും, ആശ-അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചും സര്‍ക്കാര്‍ കയ്യടികള്‍ നേടി. ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളുമായി 'തൂഫാന്‍' പദ്ധതിയിലൂടെ ദേശീയ ശ്രദ്ധനേടാന്‍ സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കഴിഞ്ഞു. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങാതെ നല്‍കാന്‍ കഴിഞ്ഞതും കടലും കരയും ആകാശവും വികസനത്തിനായി ഒരേപോലെ പ്രയോജനപ്പെടുത്തുന്ന 'മിഷന്‍ സമുദ്ര' പദ്ധതിയും സര്‍ക്കാരിന്റെ സുപ്രധാന നേട്ടമായും ഉയര്‍ത്തിക്കാട്ടപ്പെട്ടു. 'സരള്‍ നിയമം' സംസ്ഥാനത്ത് നിക്ഷേപ സൗഹൃദ അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കി. 'മാരിടൈം ബോര്‍ഡ് നിയമവും' കൊണ്ടുവരികയും, ഭൂപരിഷ്‌കരണ നിയമം പരിഷ്‌കരിക്കാനുള്ള കരട് തയ്യാറാക്കുകയും ചെയ്തു.

വയോജന ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരംഭിക്കുകയെന്നത് സർക്കാരിന്റെ പ്രധാന കർമപദ്ധതികളിലൊന്നായിരുന്നു. ഇതിന്റെ ഭാഗമായി സാമൂഹിക നീതി വകുപ്പിൽ നിന്ന് വേർപെടുത്തി 'ഡിപ്പാർട്ട്‌മെന്റ് ഓഫ്  സീനിയർ സിറ്റിസൺസ്' (മുതിർന്ന പൗരന്മാർക്കുള്ള വകുപ്പ്) രൂപീകരിച്ചതും നേട്ടങ്ങളിലുൾപ്പെടുന്നു.

നിറം കെടുത്തുന്ന തര്‍ക്കങ്ങളും, വിവാദങ്ങളും

ആറ് മാസത്തിനിടെ കടുത്ത രാഷ്ട്രീയ തര്‍ക്കങ്ങള്‍ ആയിരുന്നു വിഡി സതീശന്‍ സര്‍ക്കാരിനെ വാര്‍ത്തകളില്‍ നിറച്ചത്. തൊട്ടതെല്ലാം വിവാദം. ബന്ധുനിയമനം, സ്‌പോര്‍സര്‍ഷിപ്പ് വിവാദം, വൈദ്യുതി കരാര്‍, പവര്‍കട്ട്, പിഎം ശ്രീ, കെപിഎസ്ടി റാങ്ക് ലിസ്റ്റ് സമരം, കോണ്‍ഗ്രസിലെ ഏകോപിക്കുറവ്, ബോര്‍ഡ് കോര്‍പറേഷന്‍ വിഭജനം പട്ടികകള്‍ നീണ്ടുപോകും എന്നതാണ് സര്‍ക്കാരിന്റെ പ്രതിശ്ചായയെ മങ്ങലേല്‍പ്പിച്ചത്.

പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ഏകോപനം വേണമെന്നും, സഹകരണം ഉറപ്പാക്കാന്‍ ഒരു സമിതി രൂപീകരിക്കണമെന്നും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) വ്യക്തമാകക്കിയിരുന്നു. എന്നാല്‍ മുന്നണിയില്‍ ഉള്‍പ്പെടെ കൂടിയാലോചനകള്‍ ഇല്ലെന്ന് ആദ്യം വെടിപൊട്ടിച്ചത് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശായിരുന്നു. മുഖ്യമന്ത്രി വി ഡി സതീശന് എതിരെ ഹൈക്കമാന്‍ഡിന് പരാതിനല്‍കാന്‍ പോലും അദ്ദേഹം മുതിര്‍ന്നതും ആദ്യ ആറുമാസത്തിനിടെ കേരളം കണ്ടു. തീരുമാനങ്ങള്‍ എടുക്കുന്ന അധികാരം മുഖ്യമന്ത്രിയില്‍ മാത്രം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും, മന്ത്രിമാരെയും മറ്റ് പാര്‍ട്ടി നേതാക്കളെയും വേണ്ടത്ര ഉള്‍പ്പെടുത്തുന്നില്ലെന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥി സമരങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടുകള്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി. കാലടിയിലെ വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ കഴിയാത്തതും ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കല്ലുകടിയായി. സ്വയം ഭരണസ്ഥാപനങ്ങളായ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുതിയ കോഴ്‌സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ എന്‍ഒസി വേണ്ടെന്ന തീരുമാനവും വിവാദം ക്ഷണിച്ചുവരുത്തി. വൈദ്യുതി വാങ്ങുന്നതിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ അംഗങ്ങളുടെ നിയമനത്തിലും, പിഎസ് സി അംഗങ്ങളുടെ നിയമനം ഉള്‍പ്പെടെ മന്ത്രിസഭായോഗത്തില്‍ പോലും അഭിപ്രായ ഭിന്നതകള്‍ രൂക്ഷമായി.

വി ഡി സതീശന്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങള്‍ ഉയര്‍ത്താന്‍ കഴിയുമ്പോഴും സര്‍ക്കാരിനെതിരെ കൂട്ടായ പ്രതിരോധം ശക്തമാക്കാന്‍ പ്രതിപക്ഷത്തിന് ആകുന്നില്ലെന്നതാണ് മറ്റൊരു വസ്തുത. മുന്നണിയെ പുനഃസംഘടിപ്പിക്കുന്നതിലും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും എല്‍ഡിഎഫ് പരാജയപ്പെടുന്ന കാഴ്ചയാണ് പലപ്പോഴും കാണുന്നത്. പേരിന് ആരോപണം ഉയര്‍ത്തുകയും പ്രസ്താവനകളിലും ചെറിയ പ്രതിഷേധങ്ങളിലും പ്രതിഷേധം ഒതുങ്ങിപ്പോകുന്നതുമാണ് പലപ്പോഴുമുള്ള കാഴ്ചകള്‍. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് മുന്‍ സര്‍ക്കാരിന്റെ വീഴ്ചകളെ ഉയര്‍ത്തിക്കാട്ടി പ്രതിരോധിക്കാന്‍ യുഡിഎഫ് ക്യാപിനാകുന്നു എന്നതാണ് സാഹചര്യം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരായ അന്വേഷണങ്ങളെ പ്രതിരോധിക്കുന്നതില്‍ പലപ്പോഴും പാര്‍ട്ടിയിലും മുന്നണിയിലും അഭിപ്രായ ഐക്യം ഉണ്ടാകാറില്ല.

The UDF government in Kerala, led by Chief Minister VD Satheesan, completes six months in office today after ending the decade-long LDF rule with a historic victory of 102 seats. Taking charge with the vision of building a “New Kerala”, the government has experienced both public appreciation and criticism during its initial months. Meanwhile, disagreements and differences of opinion within the government and the UDF alliance have increasingly dominated political discussions, raising questions about internal coordination and governance.