Kerala

കൊച്ചി എടയാറിലെ വ്യവസായ സ്ഥാപനത്തിൽ വൻ തീപിടിത്തം; തൊഴിലാളി മരിച്ചു

തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടായതായി പ്രദേശവാസികൾ

Madism Desk

കൊച്ചി: പാതാളം എടയാർ വ്യവസായ മേഖലയിലുണ്ടായ തീപിടിത്തത്തിൽ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. പി.ജി. ലൂബ്രിക്കൻസ് എന്ന ഓയിൽക്കമ്പനിയിലാണ് രാവിലെ തീപിടിത്തമുണ്ടായത്. ബിഹാർ സ്വദേശി ശുത്രു മുഖ്യ (45) എന്ന തൊഴിലാളിയാണ് മരിച്ചതെന്നാണ് വിവരം. ആറു പേർക്ക് സാരമായ പൊള്ളലേറ്റിട്ടുണ്ട്.

തീ പിടിത്തത്തിന് പിന്നാലെ വലിയ പൊട്ടിത്തെറിയുണ്ടായതായി പ്രദേശവാസികൾ പറഞ്ഞു. ഫയർഫോഴ്സിന്റെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ഊർജിത ശ്രമങ്ങള്‍ തുടരുകയാണ്.

അപകട സ്ഥലത്തേക്ക് കൂടുതൽ ഫയർ യൂണിറ്റുകൾ ഉടൻ എത്തിച്ചേരും. തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സമയത്തായിരുന്നു തീപിടിത്തമുണ്ടായതെന്നാണ് വിവരം. അപകട സ്ഥലത്തു നിന്നും മുഴുവൻ ജീവനക്കാരെയും ഉടൻ തന്നെ മാറ്റാൻ ശ്രമിച്ചുവെങ്കിലും ഒരു തൊഴിലാളി സ്ഥാപനത്തിന് അകത്ത് കുടുങ്ങുകയായിരുന്നു.

കമ്പനിക്കുള്ളിലെ ബോയിലറിന് തീപിടിച്ചതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഗൗരവമായ സുരക്ഷാവീഴ്ചകൾ സംഭവിച്ചതായും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. തീ പടരാൻ സാധ്യതയുള്ള സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ പൂർണമായും ഒഴിപ്പിച്ചിട്ടുണ്ട്.

English Summary: A migrant worker died in a fire accident at an oil company in the Edayar industrial area in Kochi. Several others were injured, and fire force units are working to control the blaze following a reported explosion.