Kerala

ടിപ്പർ ഡ്രൈവർക്ക് ലൈസൻസില്ല, മനപ്പൂർവം ജിപിഎസും ഒഴിവാക്കി; 17 വർഷത്തെ പഴക്കവും തകരാറുകളുമുള്ള വണ്ടിക്ക് ഫിറ്റ്നസ് ലഭിച്ചതെങ്ങനെ?

ഗൾഫിലായിരുന്ന നിസാം ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്

Madism Desk

കൊട്ടാരക്കര നീലേശ്വരത്ത് 3 പേരുടെ ജീവനെടുത്ത ടിപ്പർ ലോറി അപകടത്തിൽ കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മിഷണർ. വണ്ടിയുടെ ഡ്രൈവർ നിസാമിന് ഹെവി ലൈസൻസില്ലെന്ന് തെളിഞ്ഞിട്ടുണ്ട്. കൂടാതെ, അപകടസമയത്ത് വാഹനത്തിന്റെ ജിപിഎസ് സംവിധാനം ഓഫാക്കിയ നിലയിലുമായിരുന്നു.

ഗൾഫിലായിരുന്ന നിസാം ഒരുമാസം മുമ്പാണ് നാട്ടിലെത്തിയത്. നാട്ടിലെത്തി ഇയാൾ ആദ്യമായാണ് വണ്ടി ഓടിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അപകടത്തിൽ സാരമായി പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. അമിതവേഗത്തിലായിരുന്നതിനാൽ ഇറക്കവും വളവും ഒന്നിച്ചുവരുന്ന റോഡിൽ വെച്ച് നിസാമിന് ലോറിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മുന്നിലുണ്ടായിരുന്ന ബുള്ളറ്റിനെയടക്കം മുന്നോട്ട് ഓടിച്ചുകയറ്റി സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.

അമിതവേഗതയിലാണ് ടിപ്പറുണ്ടായിരുന്നത് എന്ന ദൃക്സാക്ഷികളുടെ മൊഴി ശരിവയ്ക്കുന്നതാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തലും. അപകടമുണ്ടാക്കിയ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. മുമ്പും പല തവണ ഈ വണ്ടി നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ടിട്ടുള്ളതാണ്.

അപകടത്തിന് പിന്നാലെ വാഹനത്തിന്റെ ഫിറ്റ്നസ് ആർടിഒ റദ്ദാക്കിയിട്ടുണ്ട്. ഈ വാഹനത്തിന് കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നാൽ, നിലവിൽ ഫിറ്റ്നസിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉള്ളതായി കാണുന്നുണ്ടെന്നും ശരിയായ രീതിയിലാണോ ഫിറ്റ്നസ് അനുവദിച്ചത് എന്ന് വിശദമായി പരിശോധിക്കുമെന്നും ആർടിഒ വ്യക്തമാക്കി. ഇതിനായി വിശദമായ പരിശോധന വേണ്ടി വരുമെന്നാണ് ട്രാൻസ്പോര്‍ട്ട് കമ്മീഷണറുടെ പ്രതികരണം.

ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. സ്കൂളിലേക്കും മറ്റുമായി ബസ് കാത്തുനിന്ന ആളുകൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. സ്റ്റോപ്പിരുന്ന സ്ഥലത്തെ മതിലും ഇടിച്ചാണ് ലോറി നിന്നത്. അതുകൊണ്ടു തന്നെ കോൺക്രീറ്റ് കഷണങ്ങൾക്കും മണ്ണിനുമടിയിലായി ആളുകൾ കുടുങ്ങി. ഒരു വിദ്യാർഥിയുൾപ്പടെ മൂന്ന് പേരാണ് അപകടത്തിൽ മരിച്ചത്.

രാവിലെ 7.10ന് എത്തേണ്ടിയിരുന്ന ബസ് കാത്തുനിന്നവരായിരുന്നു കൂടുതലും. എന്നാൽ ഈ ബസ് വരാൻ രണ്ട് മിനിറ്റ് വൈകി. ഈ സമയം കൊണ്ട് മൂന്ന് പേരുടെ ജീവനെടുത്ത്, ടിപ്പർ താണ്ഡവമാടിയിരുന്നു. സ്കൂളിലേക്ക് പോകേണ്ടവർ, മക്കളെ ബസ് കയറ്റിവിടാൻ വന്നവർ എന്നിങ്ങനെ സ്റ്റോപ്പിൽ വിദ്യാർഥികളും മുതിർന്നവരുമായി പത്തിലധികം ആളുകളുണ്ടായിരുന്നതായാണ് വിവരം. ലോറി പാഞ്ഞുവന്ന് ബുള്ളറ്റിനെ ഇടിച്ചുതെറിപ്പിക്കുന്നത് കണ്ട് കുറച്ചുപേർ പെട്ടെന്ന് ഓടിമാറിയെങ്കിലും ബാക്കിയുള്ളവർക്ക് ഇതിനും സാധിച്ചില്ല. മണ്ണ് മുകളിലേക്ക് വീണതിനാൽ രക്ഷാപ്രവർത്തനവും ദുഷ്കരമായിരുന്നു.

കുടവട്ടൂർ സ്വദേശിയായ ഹരിലാൽ (54), കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിപ്, നീലേശ്വരം മുക്കോണിമുക്ക് സ്വദേശിയായ അജയകുമാർ എന്നിവർ അപകടത്തിൽ മരണപ്പെട്ടു. ബസ് സ്റ്റോപ്പിലുണ്ടായിരുന്ന വിദ്യാർത്ഥികളായ കുശാൽ (15), ഋഷഭ് ബോബൻ (15), നവനീത് (13), ജിബി മോൾ (15) എന്നിവർക്കും ടിപ്പർ ഡ്രൈവർ ചവറ സ്വദേശിയായ നിസാമിനും അപകടത്തിൽ പരിക്കേറ്റു.

പരിക്കേറ്റവരിൽ രണ്ട് പേർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ഒരാൾ ഗോകുലം മെഡിക്കൽ കോളജ് ആശുപത്രിയിലും രണ്ടു പേർ മെഡിസിറ്റിയിലുമായി ചികിത്സയിലാണ്. മെഡിസിറ്റിയിൽ ചികിത്സയിലുള്ള ഋഷഭ്, കൗശൽ എന്നിവരിൽ ഒരാൾ വെന്റിലേറ്ററിലാണ്. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് സൂചന. പരിക്കേറ്റവരുടെ ചികിത്സയ്ക്ക് വേണ്ട സജ്ജീകരണങ്ങളൊരുക്കാൻ ആരോഗ്യമന്ത്രി കെ.മുരളീധരൻ അധികൃതർക്ക് നിർദേശം നൽകി.

Summary: The Transport Commissioner has stated that severe legal violations occurred in the tipper lorry accident that claimed three lives in Nileshwaram, Kottarakkara. It has been revealed that the vehicle's driver, Nizam, did not possess a heavy vehicle driving license. Furthermore, the vehicle's GPS system was switched off at the time of the accident.

Nizam, who was previously in the Gulf, returned home just a month ago. There are unconfirmed reports that this was his first time driving a vehicle since his return. Nizam, who was seriously injured in the crash, is currently undergoing treatment at a hospital. As the lorry was speeding, Nizam lost control at a section of the road where a slope and a curve meet, ramming into a Bullet motorcycle in front of it and plowing forward into a bus stop