Kerala

കോവളം സ്പാ പീഡനക്കേസ്; പതിനാറുകാരിയെ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക്, ഹെൽത്ത് ഇൻസ്പെക്ടറുടെ വീട്ടിൽ എസ്ഐടി റെയ്ഡ്

സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രതികളുടെ ബാങ്ക് രേഖകളിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Madism Desk

കോവളത്തെ വിവിധ സ്പാകളിൽ 16 വയസ്സുകാരിയെ ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജ്ജിതമാക്കി. ആന്ധ്രാപ്രദേശ് സ്വദേശിയായ പെൺകുട്ടിയെ സ്വന്തം ഇളയമ്മയും ഭർത്താവും ചേർന്ന് അഞ്ച് ലക്ഷം രൂപയ്ക്ക് സ്പാ നടത്തിപ്പുകാർക്ക് വിൽക്കുകയായിരുന്നു. ഈ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച നിർണായക വിവരങ്ങൾ പ്രതികളുടെ ബാങ്ക് രേഖകളിൽ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കേസിലെ അഞ്ചാം പ്രതിയും തിരുവനന്തപുരം കോർപ്പറേഷൻ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറുമായിരുന്ന അനുരൂപിന്റെ പൂവാർ അരുമാനൂരിലെ വീട്ടിൽ എസ്ഐടി അടുത്തിടെ റെയ്ഡ് നടത്തി നിർണായക രേഖകൾ പിടിച്ചെടുത്തു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ കോവളം ബീച്ച് റോഡിലുള്ള ഹീലിങ് ഹാൻഡ്‌സ് എന്ന ആയുർവേദ സ്പായിലും ഇയാൾക്ക് പങ്കുണ്ടെന്ന് കണ്ടെത്തി അവിടെയും പൊലീസ് റെയ്ഡ് നടത്തി. ഇത്തരം സ്പാകളിൽ നിന്ന് പ്രതിമാസം ലക്ഷങ്ങളുടെ വരുമാനമാണ് പ്രതികൾക്ക് ലഭിച്ചിരുന്നതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.

അനുരൂപിന് പുറമെ, നഗരൂർ ഗ്രാമപഞ്ചായത്തിലെ താൽക്കാലിക ഹെൽത്ത് ഇൻസ്പെക്ടറും ഡ്രീംസ് സ്പാ നടത്തിപ്പുകാരിയുമായ വി സി മായയെയും അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു. സ്പായിൽ നിന്നുള്ള വരുമാനം ദിവസവും അനുരൂപിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഗൂഗിൾ പേ വഴി മായ അയച്ചിരുന്നതായി സാമ്പത്തിക ഇടപാടുകളിൽ നിന്നും വാട്സാപ്പ് ചാറ്റുകളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സ്പാ നടത്തിപ്പുകാരായ നിഷാന്ത്, സജിത്ത്, പെൺകുട്ടിയുടെ ഇളയമ്മ, ഭർത്താവ് ജെല്ല ഗോപി എന്നിവരുൾപ്പെടെ ഏഴ് പേരാണ് ഇതുവരെ കേസിൽ പിടിയിലായിട്ടുള്ളത്.

കുട്ടി അതിക്രൂരമായ പീഡനത്തിനാണ് ഇരയായത്. ഒരു ദിവസത്തിൽ പതിനഞ്ചോളം പേർ വരെ കുട്ടിയെ പീഡിപ്പിച്ചതായും, എതിർത്താൽ ഇളയമ്മ ദേഹത്ത് തീവെച്ച് പൊള്ളലേൽപ്പിച്ചിരുന്നതായും വിവരമുണ്ട്. പ്രതികൾക്കെതിരെ പോക്‌സോ, മനുഷ്യക്കടത്ത് എന്നീ ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കോവളത്തെ സ്പാകളിൽ എത്തിച്ച് കൂടുതൽ തെളിവെടുക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

The Special Investigation Team (SIT) has intensified its probe into the Kovalam spa abuse case, where a 16-year-old girl from Andhra Pradesh was sold to spa operators for Rs 5 lakh by her relatives. Recent raids at the residence of the fifth accused, Health Inspector Anuroop, uncovered his financial and operational ties to multiple spas. Seven individuals, including the girl's relatives and spa operators, have been arrested and booked under POCSO and human trafficking charges.