Kerala

ഇരുട്ടാകും മുൻപേ ഫോണിൽ സന്ദേശമെത്തും; പവർക്കട്ട് മുൻകൂട്ടി അറിയിക്കാൻ കെഎസ്ഇബിയുടെ പുതിയ സംവിധാനം

നാളെ ഉച്ചയോടെ ഈ സംവിധാനം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പൂർണ്ണമായും വ്യാപിപ്പിക്കും.

Madism Desk

സംസ്ഥാനത്ത് ഇനി മുതൽ പവർകട്ട് ഉണ്ടാകുന്നതിന് മുൻപായി ഉപഭോക്താക്കളുടെ മൊബൈൽ ഫോണിൽ മുന്നറിയിപ്പ് സന്ദേശം എത്തും. മുൻകൂട്ടി അറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങുന്നത് സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനാണ് കെഎസ്ഇബി പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.

വൈദ്യുതി മുടങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് തന്നെ കൺസ്യൂമർ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് എസ്എംഎസ് ആയി വിവരം ലഭിക്കും. കെഎസ്ഇബിയുടെ ആപ്പായ വിത് യു (With You), ഔട്ടേജ് മാനേജ്മെന്റ് സിസ്റ്റം എന്നിവയെ ഏകോപിപ്പിച്ചാണ് ഈ പുതിയ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ആദ്യഘട്ട പരീക്ഷണം തിരുവനന്തപുരത്ത് വിജയകരമായി പൂർത്തിയാക്കി. നാളെ ഉച്ചയോടെ ഈ സംവിധാനം കേരളത്തിലെ എല്ലാ ജില്ലകളിലേക്കും പൂർണ്ണമായും വ്യാപിപ്പിക്കും.

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ചിരിക്കുകയാണ്. ദേശീയ ​ഗ്രിഡിലുണ്ടായ വലിയ വൈദ്യുതി കുറവിനെ തുടർന്നാണ് കേരളത്തിൽ ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വൈകുന്നേരം 6.45നും രാത്രി 12.45നും ഇടയിലാണ് ഭാ​ഗികമായി വൈദ്യുതി മുടങ്ങുന്നത്. ഈ പ്രതിസന്ധി ഈ മാസം അവസാനം വരെ തുടർന്നേക്കാം എന്നാണ് അധികൃതർ നൽകുന്ന സൂചന. അതിനാൽ രാത്രികാലങ്ങളിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പലയിടത്തും അസാധാരണമായുണ്ടാകുന്ന പവര്‍കട്ടില്‍ വിമര്‍ശനം വ്യാപകമാണ്. മുന്നറിയിപ്പില്ലാതെ രാത്രി പല തവണയുണ്ടാകുന്ന വൈദ്യുതി നിയന്ത്രണമാണ് ജനങ്ങളെ വലച്ചത്. പ്രതിസന്ധി പരിഹരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി സണ്ണി ജോസഫിന്റെ വാദം.

സംസ്ഥാനത്ത് വൈദ്യതി പ്രതിസന്ധി ഈ മാസം പതിനഞ്ചിനുള്ളില്‍ പരിഹരിക്കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം തള്ളി കെഎസ്ഇബി രംഗത്തെത്തിയിരുന്നു. വൈദ്യുതി പ്രതിസന്ധി സെപ്റ്റംബര്‍ മാസത്തില്‍ രൂക്ഷമായി തുടരുമെന്നാണ് കെഎസ്ഇബി പറയുന്നത്. പതിനഞ്ചിനുള്ളില്‍ പരിഹാരം കണ്ടെത്താന്‍ കഴിയില്ല. വൈദ്യുതി ഉപയോഗം കൂടിയതോടെ ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടുന്നു.

The Kerala State Electricity Board (KSEB) has introduced an SMS alert system to notify consumers ahead of scheduled power cuts. Alerts detailing the exact time of the disruption will be sent to registered mobile numbers. The system will initially roll out in Thiruvananthapuram before expanding across all districts in the state.