Kerala

മുൻ ആർഎസ്എസ് പ്രവർത്തകന്റെ ചിതയ്ക്ക് തീകൊളുത്തി ലീഗ് വനിതാ നേതാവ്, തിരിഞ്ഞുനോക്കാതെ ഉറ്റവർ; ഇത് മതത്തിനും മേലെ മനുഷ്യത്വം തിളങ്ങിയ കഥ

വായിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന നാരായണനെ ഒരു മാസം മുൻപ് കടവരാന്തയിൽ പട്ടിണി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്

Madism Desk

മനുഷ്യത്വത്തിന്റെയും ​മതസൗഹാർദത്തിന്റെയും ഉദാത്ത മാതൃകയെത്തുകയാണ് കാസർകോട് മഞ്ചേശ്വരത്ത് നിന്ന്. കാൻസർ ബാധിച്ച് മരിച്ച മുൻ ആർഎസ്എസ് പ്രവർത്തക​ന്റെ ചിതയ്ക്ക് തീകൊളുത്തി, ലീഗ് നേതാവായ ജില്ലാ പഞ്ചായത്ത് അംഗം. ഉറ്റവർ ഉപേക്ഷിച്ച ചിഗ്റുപദവ് സ്വദേശി നാരായണന്റെ മൃതദേഹമാണ് കാസർകോട് ജില്ലാ പഞ്ചായത്തിലെ ഇർഫാന ഇഖ്ബാൽ ഏറ്റെടുത്ത്, ഹൈന്ദവാചാരപ്രകാരം സംസ്കരിച്ചത്.

മഞ്ചേശ്വരം താലൂക്കിലെ മീഞ്ച പഞ്ചായത്തിലെ ചിഗ്റുപദവ് സ്വദേശിയായ നാരായണൻ (64) കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് വ്യാഴാഴ്ചയാണ് അന്തരിച്ചത്. വായിൽ ക്യാൻസർ ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇദ്ദേഹത്തെ ഒരു മാസം മുൻപ് കടവരാന്തയിൽ പട്ടിണി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇർഫാനയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറെയും മെഡിക്കൽ ഓഫീസറെയും വിവരമറിയിച്ച് ഷെയ്ഖ് സായിദ് ഫൌണ്ടേഷൻ പ്രവർത്തകരുടെ സഹായത്തോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്.

മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളോ ആർഎസ്എസ് പ്രവർത്തകരോ എത്തിയിരുന്നില്ല. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന്, മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ നാരായണന്റെ രണ്ട് ഭാര്യമാരും മക്കളും ഇർഫാനയ്ക്ക് അനുമതി നൽകി. പിന്നാലെ ഉപ്പളയിൽ എത്തിച്ച മൃതദേഹം ചെറുഗോളി പൊതു ശ്മാശാനത്തിൽ മകളുടെ സ്ഥാനത്തുനിന്ന് ഹൈന്ദവ ആചാര പ്രകാരം ഇർഫാന ഇഖ്ബാൽ ചിതക്ക് തീ കൊളുത്തി അന്ത്യ കർമങ്ങൾ നിർവഹിക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തകരായ റിയാസ് പിലാത്തറ, മെഹ്മൂദ് കൈകമ്പ തുടങ്ങിയവരും കർമങ്ങൾക്ക് നേതൃത്വം നൽകി.

നിലവിൽ ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ ഇർഫാന ഇഖ്ബാൽ, ഉറ്റവർ നഷ്ടപ്പെട്ട് തെരുവിൽ ഉപേക്ഷിക്കപ്പെടുന്ന അഗതികൾക്കായി ഉപ്പളയിൽ പ്രവർത്തിക്കുന്ന 'ഷെയ്ഖ് സായിദ് വൃദ്ധസദനം' എന്ന സ്ഥാപനത്തിന്റെ സ്ഥാപക കൂടിയാണ്. അമ്പതോളം അന്തേവാസികളാണ് നിലവിൽ ഈ സ്ഥാപനത്തിൽ സംരക്ഷണയിൽ കഴിയുന്നത്.

A remarkable example of humanity and communal harmony has emerged from Manjeshwar in Kasaragod. A Muslim League leader and district panchayat member performed the last rites of a former RSS worker who died of cancer after being abandoned by his family. The body of 64-year-old Narayanan, a native of Chigrupadavu, was taken over by Kasaragod District Panchayat member Irfana Iqbal, who ensured that he was cremated according to Hindu rituals. Narayanan, a resident of Chigrupadavu in Meenja Panchayat, Manjeshwar Taluk, passed away at Kozhikode Medical College on Thursday. He had been suffering from oral cancer and was found a month ago lying hungry and abandoned on a roadside veranda in critical condition. Acting on the situation, Irfana informed the District Collector and the Medical Officer, and with the help of volunteers from the Sheikh Zayed Foundation, arranged for Narayanan to be admitted to Kozhikode Medical College for treatment. Despite medical care, he succumbed to the illness on Thursday.