'ഉച്ചക്ക് രണ്ടരയോടെയാണ് ഞങ്ങളുടെ വീടുകളിലേയ്ക്ക് പോലീസ് കയറുന്നത്. ഞങ്ങളാല്‍ കഴിയുന്ന രീതിയില്‍ പോലീസിനെ തടഞ്ഞു. ഇതോടെ ഞങ്ങള്‍ക്കെതിരെ ജലപീരങ്കി പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. എന്റെ അച്ഛന്‍ ഇപ്പോള്‍ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. പോലീസിന്റെ ചവിട്ടലില്‍ ചേച്ചിയുടെ മകളുടെ നഖം പൊളിഞ്ഞുപോന്നു. വനിതാ പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ആണ്‍ പോലീസുകാരാണ് വീടുകളില്‍ കയറിയതും ഞങ്ങളെ മര്‍ദ്ദിച്ചതും', മലയിടംതുരുത്ത് ഉന്നതി ദളിത് കോളനിയില്‍ താമസിക്കുന്ന മഞ്ജു മാഡിസം ഡിജിറ്റലിനോട് പറഞ്ഞു.
എറണാകുളം ജില്ലയിലെ കിഴക്കമ്പലം മലയിടംതുരുത്ത് പ്രദേശത്തെ ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കത്തിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. 58 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കാളുകുറുമ്പന്‍ എന്നയാള്‍ അന്യായമായി സ്ഥലം കൈവശപ്പെടുത്തി എന്ന് ആരോപിച്ച് മലയിടംതുരുത്ത് കണ്ണോത്ത് സ്വദേശി ശങ്കരന്‍ നായര്‍ നല്‍കിയ കേസാണ് ഈ തര്‍ക്കങ്ങളുടെ തുടക്കം. വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം ഒടുവില്‍ സുപ്രീംകോടതി വരെ എത്തി. എന്നാല്‍ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി മുതല്‍ സുപ്രീംകോടതി വരെ ശങ്കരന്‍ നായരുടെ പരാതി ശരിവെക്കുകയായിരുന്നു.
'ഞങ്ങള്‍ അഞ്ചു തലമുറകളായി ഈ ഭൂമിയിലാണ് താമസിക്കുന്നത്. എന്റെ വീട് പണിതിട്ട് 41 വര്‍ഷമായി. അന്ന് വീട് പണിയുമ്പോള്‍ ഇവര്‍ക്ക് തടയാമായിരുന്നില്ലേ. അവരുടെ ഭൂമി ആണെങ്കില്‍ അന്ന് തന്നെ പൊളിക്കാമായിരുന്നല്ലോ?. എന്റെ പൂര്‍വികര്‍ ജീവിച്ച് മരിച്ചത് ഈ ഭൂമിയിലാണ്. ഞാന്‍ ജനിക്കുന്നതിന് മുമ്പേ എന്റെ മുത്തച്ഛന്‍ കേസ് നടത്തുന്നുണ്ട്', മഞ്ജു പറഞ്ഞു.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ അഡ്വക്കേറ്റ് കമ്മീഷന്‍ ജയപാലിന്റെ നേതൃത്വത്തില്‍ താലൂക്ക് സര്‍വയര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ 2023 സെപ്റ്റംബര്‍ ഏഴിന് മലയിടംതുരുത്തുകാരെ കുടിയോഴിപ്പിക്കാന്‍ എത്തിയിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങുകയായിരുന്നു. പിന്നീട് 14 തവണ ഭൂമി അളന്ന് തിരിക്കുന്നതിനും വീടുകള്‍ പൊളിപ്പിക്കുന്നതിനുമായി കമ്മീഷന്‍ എത്തിയിരുന്നെങ്കിലും പലപ്പോഴും പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു.
'20-ാം തീയതി കുടിയൊഴിപ്പിക്കല്‍ ഉണ്ടാകുമെന്ന് ഞങ്ങളെ അറിയിച്ചിരുന്നു. ഇത്തവണ പക്ഷെ, പോലീസ് ഞങ്ങളുടെ വീടുകളിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. വീടുകളുടെ പുറകുവശം വഴിയും ഇടവഴികളിലൂടെ കയറിയുമൊക്കെയാണ് വക്കീലും പോലീസും വീടുകളില്‍ എത്തിയത്. വീടിന്റെ പുറകിലൂടെ കയറിയവരെ ഞങ്ങള്‍ തടഞ്ഞു. ഇതോടെ കുറച്ചുപേരെ പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോയി.', മഞ്ജു മാഡിസം ഡിജിറ്റലിനോട് പറഞ്ഞു. 300 റോളം പോലീസുകള്‍ ഉണ്ടായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
ലഭ്യമായ രേഖകള്‍ പ്രകാരം മലയിടംതുരുത്തുകാരും സ്വകാര്യ വ്യക്തിയും തമ്മിലുള്ള കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യുന്നത് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയിലാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം അംഗീകരിക്കണമെന്നും അതില്‍ മറ്റുള്ളവര്‍ ഇടപെടുന്നത് തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ശങ്കരന്‍ നായര്‍ ഹര്‍ജി നല്‍കിയത്. വിചാരണയ്ക്ക് ശേഷം മുന്‍സിഫ് കോടതി പരാതിക്കാര്‍ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചു. ഭൂമിയില്‍ അവകാശം പരാതിക്കാര്‍ക്കാണെന്ന് കോടതി അംഗീകരിക്കുകയും ഭൂമി തിരിച്ചുപിടിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
എന്നാല്‍ ഈ വിധിക്കെതിരെ മലയിടംതുരുത്തുകാര്‍ പെരുമ്പാവൂര്‍ സബ് കോടതിയില്‍ അപ്പീല്‍ നല്‍കി. 2009 ജൂണ്‍ 29-ന് സബ് കോടതി അപ്പീല്‍ തള്ളുകയും മുന്‍സിഫ് കോടതിയുടെ വിധി നിലനിര്‍ത്തുകയും ചെയ്തു. അതോടെ മുന്‍സിഫ് കോടതി വിധിക്ക് വീണ്ടും നിയമബലം ലഭിച്ചു. എന്നാല്‍ എതിര്‍കക്ഷികള്‍ വീണ്ടും പോരാട്ടം തുടര്‍ന്നു. തുടര്‍ന്ന് കേസ് ഹൈക്കോടതിയിലെത്തി. ഇതിനിടെ ശങ്കരന്‍ നായര്‍ മരണപ്പെടുകയും കേസ് കുടുംബാംഗങ്ങള്‍ ഏറ്റെടുക്കയും ചെയ്തു.
കേസ് പരിശോധിച്ച ശേഷം ഹൈക്കോടതിയും കീഴ് കോടതികളുടെ കണ്ടെത്തലുകളില്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് വിധിച്ചു. അതോടെ രണ്ടാം അപ്പീലും തള്ളപ്പെട്ടു. സ്വാഭാവികമായും പരാതിക്കാര്‍ക്ക് അനുകൂലമായി. ഇതിനുശേഷം മലയിടംതുരുത്തുകാര്‍ സുപ്രീംകോടതിയെ സമീപിച്ചു. എന്നാല്‍ 2023 ഫെബ്രുവരി 27-ന് സുപ്രീംകോടതി ഹര്‍ജി തള്ളിക്കളഞ്ഞു. കീഴ് കോടതികളും ഹൈക്കോടതിയും എടുത്ത നിലപാടുകളില്‍ ഇടപെടേണ്ട ആവശ്യമില്ലെന്നാണ് സുപ്രീംകോടതിയും പറഞ്ഞത്. ആ വിധി പ്രായോഗികമായി നടപ്പാക്കാന്‍ പരാതിക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലാണ് മലയിടംതുരുത്തുകാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
തങ്ങള്‍ ജീവിക്കുന്ന ഭൂമി വിട്ട് എവിടേക്കും പോകില്ല എന്നാണ് മലയിടംതുരുത്തുകാര്‍ പറയുന്നത്. 19 ഏക്കര്‍ 98 സെന്റ് പുറമ്പോക്ക് ഭൂമിയില്‍ ഉള്‍പ്പെട്ട രണ്ടര ഏക്കര്‍ ഭൂമിയിലാണ് 8 കുടുംബങ്ങളും താമസിക്കുന്നത് എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. '19 ഏക്കര്‍ 98 സെന്റ് ഭൂമിയും അളന്ന് തിട്ടപ്പെടുത്തിയിട്ട് മതി ഞങ്ങളെ കുടിയൊഴിപ്പിക്കല്‍. ഇക്കാര്യം ഞങ്ങള്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. എന്നാല്‍ ഇതുവരെ ഭൂമി മുഴുവന്‍ അളക്കാന്‍ ആരും തയ്യാറായിട്ടില്ല. ഈ പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ആര്‍ക്കും പട്ടയമില്ല. എട്ട് കുടുംബങ്ങള്‍ക്ക് രണ്ടര ഏക്കര്‍ ഭൂമി വീതിച്ചു തരണം എന്നാണ് ഞങ്ങളുടെ ആവശ്യം', മഞ്ജു പറഞ്ഞു.
'വീടുകളുടെ അറ്റകുറ്റപ്പണി, വൈദ്യുതി, വെള്ളം, പഞ്ചായത്തില്‍ നിന്നുള്ള മറ്റു ആനുകൂല്യങ്ങള്‍ എന്നിവയൊക്കെ ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. ഞങ്ങള്‍ നിയമപരമായി താമസിക്കുന്നത് കൊണ്ടല്ലേ ഈ ആനുകൂല്യങ്ങള്‍ കിട്ടിയത്. ഞങ്ങള്‍ ജീവിച്ച മണ്ണ് ഞങ്ങള്‍ക്ക് തരണം. ഇവിടുന്ന് കുടിയൊഴിപ്പിച്ചാല്‍ ഞങ്ങള്‍ എവിടെ പോകും. ഒരു സെന്റ് പോലും ഭൂമി താരമെന് ആരും പറഞ്ഞിട്ടില്ല.', മഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം, ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ കര്‍ശന നിര്‍ദേശം. ഉത്തരവ് നടപ്പാക്കി 23- ന് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉദ്യോഗസ്ഥര്‍ക്കും അഡ്വക്കേറ്റ് കമ്മിഷണര്‍ക്കും സുരക്ഷ ഉറപ്പാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആലുവ റൂറല്‍ പോലീസ് മേധാവി സുരക്ഷ ഉറപ്പാക്കണം. വീടുകള്‍ പൊളിച്ച് ഇവരെ കുടിയിറക്കുമെന്ന് പറയുമ്പോഴും ഇവരുടെ പുനരധിവാസത്തെ കുറിച്ച് വകുപ്പുകള്‍ മൗനത്തിലാണ്.
English Summary: Residents of Malayidamthuruthu in Ernakulam are protesting against eviction from land they say they have lived on for five generations. The dispute, which dates back nearly six decades, ended in favour of a private claimant through rulings by the Munsiff Court, Sub Court, High Court and later the Supreme Court in 2023. Authorities have now begun steps to implement the court order and clear the land. Residents allege police force was used during the eviction process and say they have nowhere else to go.