Kerala

'മമ്മൂട്ടി ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും, അത് ക്രിയാത്മകമായി കാണുന്നു'; പ്രതിരോധിച്ച് സിപിഎം, വിവാദം അവസാനിപ്പിക്കാൻ നീക്കം

മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ല

Madism Desk

നടന്‍ മമ്മൂട്ടിയെ സന്ദര്‍ശിച്ച ഡിവൈഎഫ്‌ഐ - എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ തള്ളി സിപിഎം സംസ്ഥാന നേതൃത്വം. മമ്മൂട്ടി വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച സമയത്ത് ജില്ലാ സെക്രട്ടറി കെ റഫീഖുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച എം വിജിന്‍ എംഎല്‍എ, ചിന്ത ജെറോം, എം ശിവപ്രസാദ് എന്നിവരുടെ പേജുകളിലായിരുന്നു രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വിഷയം സജീവ ചര്‍ച്ചയായതോടെ മമ്മൂട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചും വിമര്‍ശകരെ തള്ളിപ്പറഞ്ഞും സിപിഎം സംസ്ഥാന നേതൃത്വം തന്നെ രംഗത്തെത്തുകയായിരുന്നു. പി ജയരാജന്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവരുള്‍പ്പെടെയാണ് പ്രതികരിച്ചത്.

മമ്മൂട്ടിക്കെതിരായ ഓൺലൈൻ ആക്രമണങ്ങളുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കി. ലോകമറിയുന്ന മഹാനടനാണ് മമ്മൂട്ടി. മമ്മൂട്ടിയെപ്പോലെയുള്ള ഒരാൾ ചിലപ്പോൾ വിമർശിച്ചിട്ടുണ്ടാകും. അതു ക്രിയാത്മകമായിട്ടാണു കാണുന്നത്. യോജിപ്പുള്ളവരോടും ഇല്ലാത്തവരോടും നല്ല രീതിയിൽ സംവദിക്കണം എന്നു കരുതുന്ന പാർട്ടിയാണ്. വളഞ്ഞിട്ടാക്രമണത്തിന് ഞങ്ങളില്ല. അദ്ദേഹത്തെപ്പോലെയുള്ളവരുമായി നേരിൽകണ്ട് ആശയവിനിമയം നടത്തുന്നതിൽ തെറ്റില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിവിധ മേഖലകളിലുള്ളവരെ കണ്ട് സംസാരിക്കാനാണ് പാർട്ടി തീരുമാനിച്ചിരിക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് സിപിഎം നേതാവ് പി. ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. വയനാട്ടിലെ ദുരന്തബാധിതർക്കായി നിർമിച്ച മോഡൽ ടൗൺഷിപ്പ് സന്ദർശനവുമായി ബന്ധപ്പെട്ട് നേരത്തെയുണ്ടായ വിവാദം അന്നുതന്നെ ചർച്ചയിലൂടെ പരിഹരിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വിഷയം വീണ്ടും ഉയർത്തിക്കാട്ടി മമ്മൂട്ടിയെ അധിക്ഷേപിക്കാൻ ശ്രമിക്കുന്നത് നിക്ഷിപ്ത താൽപര്യങ്ങളോടെയാണ്. മമ്മൂട്ടി ഒരു രാഷ്ട്രീയ പാർട്ടിയുടെയും ചട്ടക്കൂടിൽ ഒതുങ്ങുന്ന വ്യക്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടൻ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണങ്ങളിലും വയനാട് സന്ദർശനവുമായി ബന്ധപ്പെട്ട പഴയ വിവാദത്തിലും പ്രതികരണവുമായി സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖും എത്തിയിരുന്നു. പഴയ വിഷയം വീണ്ടും ചർച്ചയാക്കുന്നത് അവസാനിപ്പിക്കണമെന്നാണ് റഫീഖ് ആവശ്യപ്പെട്ടത്.

മമ്മൂട്ടിയുടെ വ്യക്തിപരമായ ക്ഷണം സ്വീകരിച്ചാണ് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതാക്കൾ അദ്ദേഹത്തെ സന്ദർശിച്ചതെന്ന് കല്ല്യാശ്ശേരി എംഎൽഎ എം. വിജിനും നേരത്തെ വ്യക്തമാക്കിയിരുന്നു. സൗഹൃദപരവും ജനാധിപത്യപരവുമായ ചർച്ചയാണ് നടന്നതെന്നും വിജിൻ പറഞ്ഞു.

വയനാട് മോഡൽ ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മാറിനിൽക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന പഴയ വീഡിയോയാണ് പുതിയ വിവാദത്തിന് വീണ്ടും കാരണമായത്. മമ്മൂട്ടിയുടെ സന്ദർശനം ഒരു രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയായി ചിത്രീകരിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് അദ്ദേഹം കെ. റഫീഖിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടത്. ഈ സംഭവത്തിന് ശേഷം മമ്മൂട്ടി നേരിട്ട് കെ. റഫീഖിനെ ഫോണിൽ വിളിച്ച് തന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയും ആ വിഷയം അന്ന് തന്നെ സൗഹാർദ്ദപരമായി പരിഹരിക്കപ്പെടുകയും ചെയ്തിരുന്നു.

The CPM leadership has condemned the cyberattacks against actor Mammootty following his meeting with DYFI and SFI leaders. CPM leaders P. Jayarajan and state secretary M.V. Govindan said the attacks were unacceptable and that the party does not support such abuse. Wayanad district secretary K. Rafeeq also urged people to stop reviving the previously resolved controversy surrounding Mammootty's visit to the Wayanad model township. MLA M. Vijin clarified that the meeting with the actor was friendly and democratic, and took place at Mammootty's personal invitation.