ബിജെപി വിട്ട് കോണ്‍ഗ്രസിലേക്ക് മടങ്ങുന്ന പത്മജ വേണുഗോപാലും പത്മിനി തോമസുമാണ് ഇന്ന് കേരളത്തിലെ പ്രധാന രാഷ്ട്രീയ സംഭവ വികാസം. സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിട്ട സമയത്തായിരുന്നു ഇരുവരുടേയും ബിജെപി പ്രവേശം. ലോക്സഭാ തെരഞ്ഞെടുപ്പിലും പിന്നീട് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെയും ഹോട്ട് ടോപ്പിക്കുകളില്‍ ഒന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായിരുന്ന കെ കരുണാകരന്റെ മകളുടെ ബിജെപി പ്രവേശം. ദേശീയ തലത്തില്‍ ബിജെപി ഈ കൂറുമാറ്റം വലിയ ആഘോഷമാക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് രാഷ്ട്രീയ കാറ്റ് മാറ്റി വീശുകയും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുഡിഎഫ് അധികാരം പിടിക്കുകയും ചെയ്ത് ആറുമാസം പിന്നിടുമ്പോഴാണ് പത്മജയും, പത്മനിയും കോണ്‍ഗ്രസിലേക്ക് മടങ്ങുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സ്വാഗതം ചെയ്തുകഴിഞ്ഞു. പോഷക സംഘടനകളും യുവ നേതാക്കളും ഈ ഘര്‍വാപ്പസിയെ ഇതിനോടകം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു കഴിഞ്ഞു. അതായത് ഇരുനേതാക്കളുടെയും മടക്കം തുടര്‍ ദിവസങ്ങളിലും ചൂടുള്ള ചര്‍ച്ചയ്ക്ക് വഴി തുറക്കുമെന്ന് വ്യക്തം.
2024 മാർച്ചിലാണ് പത്മജ വേണുഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. എന്നാൽ ബിജെപിയിൽ ചേർന്നത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ പത്മജ. താൻ ജനിച്ചുവീണത് കോൺഗ്രസിലാണെന്നും ബിജെപിയിൽ ചേരാനുള്ള തീരുമാനം ഒരുദിവസം കൊണ്ട് എടുത്തതായിരുന്നുവെന്നും അവർ പറഞ്ഞു.
ബിജെപിയിലെത്തിയപ്പോൾ മീനിനെ പിടിച്ച് കരയിൽ ഇട്ടതുപോലെയായിരുന്നു അനുഭവമെന്നും പത്മജ വ്യക്തമാക്കി. പാർട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വേണ്ടത്ര പഠിക്കാതെയാണ് ബിജെപിയിൽ ചേർന്നതെന്നും ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് പാർട്ടി വിടാനുള്ള കാരണമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പത്മജയെ കോൺഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലും പത്മജ വേണുഗോപാലിന്റെ കോൺഗ്രസ് തിരിച്ചുവരവുമായി ബന്ധപ്പെട്ട് വിമർശനങ്ങളും പ്രതികരണങ്ങളും ഉയരുന്നുണ്ട്. സാധാരണ കോൺഗ്രസ് പ്രവർത്തകർക്ക് ലഭിക്കുന്ന പരിഗണന മാത്രമേ പത്മജയ്ക്കും നൽകാവൂ എന്നാണ് ഒരു വിഭാഗം കോൺഗ്രസ് അനുഭാവികളുടെ അഭിപ്രായം. പാർട്ടിയിലേക്ക് മടങ്ങിയെത്തുന്നവർ ബൂത്ത് തലം മുതൽ പ്രവർത്തിച്ചുവരണമെന്നും അധികാര സ്ഥാനങ്ങൾ നൽകുന്നതിന് പകരം വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുന്ന സാധാരണ പ്രവർത്തകർക്ക് മുൻഗണന നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.
പത്മജയുടെ തിരിച്ചുവരവുമായി രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പാർട്ടി നടപടിയും താരതമ്യം ചെയ്തുള്ള പ്രതികരണങ്ങളും സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. ആരോപണങ്ങൾ ഉയർന്നതിനെത്തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട രാഹുലിന്റെ കാര്യത്തിലും സമാനമായ പരിഗണന നൽകണമെന്നാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ചിലരുടെ ആവശ്യം.
പത്മജ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നപ്പോൾ പാർട്ടിക്കും നേതാക്കൾക്കുമെതിരെ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇവർ നിലപാട് വ്യക്തമാക്കുന്നത്. അതേസമയം, രാഹുലിനെ തിരിച്ചെടുക്കരുതെന്ന അഭിപ്രായമുള്ളവരും സാമൂഹിക മാധ്യമങ്ങളിൽ പ്രതികരിക്കുന്നുണ്ട്.
'കോൺഗ്രസ് പാർട്ടിക്ക് ഇത് ഘർവാപ്പസികളുടെ (തിരിച്ചുവരവുകളുടെ) കാലം' എന്ന് പറഞ്ഞുകൊണ്ടാണ് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. കോൺഗ്രസിലേക്ക് മടങ്ങിവരുന്ന പത്മജ വേണുഗോപാലിന് പ്രത്യേക പരിഗണന നൽകുന്നതിനെ അദ്ദേഹം വിമർശിച്ചു. ബിജെപിയിൽ ചേർന്ന സമയത്ത് കോൺഗ്രസിനും പാർട്ടിയുടെ മതേതര നിലപാടിനുമെതിരെ നടത്തിയ പരാമർശങ്ങളിൽ പത്മജ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന് പകരം ബൂത്ത് തലം മുതലുള്ള സാധാരണ പ്രവർത്തനങ്ങളിലൂടെ മാത്രമേ അവർക്ക് പരിഗണന നൽകാവൂ എന്നും കുറിപ്പിൽ വ്യക്തമാക്കി. പത്മജയ്ക്കും പദ്മിനി തോമസിനും പ്രത്യേക പരിഗണന നൽകുന്നതിന് പകരം വർഷങ്ങളായി പാർട്ടിക്കായി പ്രവർത്തിക്കുന്ന സാധാരണ കോൺഗ്രസ് പ്രവർത്തകരെ അധികാര സ്ഥാനങ്ങളിലേക്ക് പരിഗണിക്കണമെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.