ബിജെപി അംഗത്വം രാജിവെച്ച പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കുമെന്ന് പത്മജ വ്യക്തമാക്കി. തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ ഫോണില്‍ വിളിച്ച് അവര്‍ നന്ദി അറിയിച്ചു. 2024 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ വെച്ച് പ്രകാശ് ജാവദേക്കറില്‍ നിന്നാണ് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ മകളായ പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.
തെറ്റ് തിരുത്തുന്നുവെന്ന് പത്മജ
ഇ-മെയിലിലൂടെയാണ് ബിജെപി വിടുന്ന വിവരം പത്മജ പുറത്തുവിട്ടത്. ബിജെപിയില്‍ പോയത് തെറ്റായിപ്പോയെന്നും ആശയങ്ങള്‍ പഠിക്കാതെയുള്ള എടുത്തുചാട്ടമായിരുന്നെന്നും അവര്‍ പ്രതികരിച്ചു. ആ തെറ്റ് ഇപ്പോള്‍ തിരുത്തുകയാണ്. പദവികള്‍ കിട്ടാത്തതിനാലല്ല രാജിയെന്നും ബിജെപി തനിക്ക് വാഗ്ദാനങ്ങളൊന്നും നല്‍കിയിരുന്നില്ലെന്നും പത്മജ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിലെ പദവികള്‍ കണ്ടല്ല മടങ്ങിവരവെന്നും ആരുമായും തര്‍ക്കത്തിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജിക്കാര്യം ആദ്യം അറിയിച്ചത് സഹോദരന് കെ. മുരളീധരനെ മാത്രമാണെന്നും ചേട്ടനെ തിരിച്ചുകിട്ടിയതാണ് ഏറ്റവും വലിയ സന്തോഷമെന്നും പത്മജ പറഞ്ഞു.
കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം
പത്മജയുടെ തീരുമാനത്തെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പൂര്‍ണമായും സ്വാഗതം ചെയ്തു. ബിജെപി വിട്ടത് നല്ല തീരുമാനമാണെന്നും ലീഡറുടെ മകള്‍ക്ക് കോണ്‍ഗ്രസിലേക്ക് സ്വാഗതമെന്നും അദ്ദേഹം പ്രതികരിച്ചു. എന്നാല്‍, പത്മജയുടെ മടങ്ങിവരവില്‍ പാര്‍ട്ടിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം, പത്മജയെ തിരിച്ചെടുക്കുന്നതിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
ആശ്രിത ആനുകൂല്യത്തിലും അധ്വാനമില്ലാതെയും കിട്ടിയതിന്റെ അധിക ദഹനക്കേടില്‍ സംഘിത്താവളങ്ങളില് പോയവര്‍ക്ക് തിരികെ കയറാനുള്ള ഇടമല്ല കോണ്‍ഗ്രസെന്ന് പാര്‍ട്ടി വക്താവ് ജിന്റോ ജോണ്‍ വിമര്‍ശിച്ചു. പത്മജയെ സ്വീകരിക്കണോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്നായിരുന്നു സഹോദരനും മന്ത്രിയുമായ കെ. മുരളീധരന്റെ പ്രതികരണം. ബിജെപി വിടുന്ന വിവരം പത്മജ തന്നെ അറിയിച്ചിരുന്നെങ്കിലും കാരണങ്ങളൊന്നും തനിക്കറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടെ പ്രതികരണം
പത്മജയുടെ രാജി നിര്‍ഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ പ്രതികരിച്ചു. പത്മജയുമായി സ്നേഹോഷ്മളമായ ബന്ധമാണുള്ളതെന്നും അവര്‍ പരാതികളൊന്നും പറഞ്ഞിരുന്നില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഈ രാജി ബിജെപിയെ ബാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു. താനല്ല പത്മജയെ ബിജെപിയിലേക്ക് കൊണ്ടുവന്നതെന്നും അതിനാല്‍ വിഷയത്തില്‍ മറുപടി പറയേണ്ടത് ബിജെപി സംസ്ഥാന നേതൃത്വമാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രതികരിച്ചു.
Padmaja Venugopal, daughter of former Kerala Chief Minister K. Karunakaran, is preparing to return to the Congress after resigning from the BJP. She said she would submit a letter to the Kerala Pradesh Congress Committee (KPCC) requesting readmission to the party. She also thanked KPCC president Sunny Joseph over the phone for welcoming her back. Padmaja joined the BJP in March 2024 in the presence of Prakash Javadekar in Delhi. Announcing her resignation through email, she admitted that joining the BJP was a mistake made without properly understanding its ideology. She said her decision to quit was not driven by a lack of positions or promises and that she wanted to correct her mistake.