Kerala

പണം നല്‍കിയത് വൃദ്ധയുടെ ബന്ധുവെന്ന് ബിജെപി ന്യായീകരണം; പാലക്കാട് ശോഭാ സുരേന്ദ്രന്‍ സമ്മർദ്ദത്തില്‍, കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദേശം

പാലക്കാട് മണ്ഡലത്തില്‍ പണം നല്‍കി വോട്ട് സ്വാധീനിച്ചെന്ന ആരോപണം; വീഡിയോ പുറത്ത് വന്നതോടെ ഇസി ഇടപെടല്‍

Madism Desk

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ വോട്ട് സ്വാധീനിക്കാന്‍ പണം നല്‍കിയെന്നാരോപിച്ച് ഉയര്‍ന്ന വിവാദത്തില്‍ ഇടപെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ജില്ലാ കളക്ടര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പണത്തിന് വോട്ട് വിവാദം ബിജെപി സ്ഥാനാർത്ഥിക്ക് തലവേദനയാകുമെന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് പ്രവർത്തകർ ലൈംഗിക ചേഷ്ഠ കാണിച്ചുവെന്നാണ് സംഭവത്തില്‍ ശോഭാ സുരേന്ദ്രന്‍ വിശദീകരിക്കുന്നത്. എന്നാല്‍ അത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നും ജാള്യത മറക്കാനുള്ള ബിജെപിയുടെ ശ്രമഫലമാണ് ഈ ആരോപണമെന്നും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്ന സ്ത്രീ വയോധികയ്ക്ക് പണം നല്‍കുന്ന ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതിനിടെയാണ് സംഭവം നടന്നതെന്നാണ് വിവരം. മരണവീട്ടില്‍ സന്ദര്‍ശനം കഴിഞ്ഞ് ശോഭാ സുരേന്ദ്രന്‍ കാറില്‍ കയറിയപ്പോള്‍, ഒപ്പമുണ്ടായിരുന്ന സ്ത്രീ സമീപത്തെ വീട്ടിലെ വയോധികയുടെ കയ്യില്‍ പണം വെച്ച് നല്‍കുന്നതായിട്ടാണ് കോണ്‍ഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്.

വയോധികയ്ക്ക് 5000 രൂപ നല്‍കിയെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരിക്കുന്നത്. പണം നല്‍കിയത് കോണ്‍ഗ്രസ് പ്രവർത്തകർ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കമുണ്ടായ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങൾ പകർത്താനാവില്ലെന്ന് ശോഭാ സുരേന്ദ്രന്‍ പറയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കാനും ശ്രമമുണ്ടായി. സംഭവസമയത്ത് മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും സ്ഥലത്തുണ്ടായിരുന്നു.

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് വിനേഷ് സര്‍ഗ ആരോപണങ്ങളെ കൂടുതല്‍ ശക്തമാക്കി. വയോധികയ്ക്ക് പണം നല്‍കിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം കാറില്‍ ഉണ്ടായിരുന്നയാളാണെന്നും, ആള്‍ പാലക്കാട്ടുകാരിയല്ലെന്നും പുറത്തുനിന്ന് എത്തിയതാണെന്നും വിനേഷ് സര്‍ഗ പറഞ്ഞു. തങ്ങള്‍ ലൈംഗിക ചേഷ്ഠ കാണിച്ചു എന്ന ശോഭാ സുരേന്ദ്രന്റെ ആരോപണം പണം നല്‍കിയത് കയ്യോടെ പിടിക്കപ്പെട്ടപ്പോഴുണ്ടായ ജാള്യതയുടെ ഫലമാണെന്നും അദ്ദേഹം ആരോപിച്ചു.

കോണ്‍ഗ്രസ് അയച്ച സ്ത്രീയാണ് പണം നല്‍കിയതെന്ന ശോഭാ സുരേന്ദ്രന്റെ ആരോപണവും വിനേഷ് സര്‍ഗയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തള്ളി. പാലക്കാട് വിജയിക്കാന്‍ കോണ്‍ഗ്രസിന് ഇത്തരത്തിലുള്ള നടപടികള്‍ ആവശ്യമില്ലെന്നും, വാര്‍ഡിലൂടെ സഞ്ചരിക്കുന്നതിനിടെ യാദൃശ്ചികമായാണ് സംഭവം കണ്ടതെന്നും അവര്‍ വ്യക്തമാക്കി. പണം നല്‍കിയ സംഭവം വീഡിയോയില്‍ പകര്‍ത്തിയതായി ശോഭാ സുരേന്ദ്രനെ അറിയിച്ചതിന് ശേഷമാണ് തര്‍ക്കം ഉണ്ടായതെന്നും, എന്തിനാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതെന്ന് ചോദിച്ച് വാക്കേറ്റം നടന്നതായും വിനേഷ് സര്‍ഗ പറഞ്ഞു.

പണം നല്‍കിയ സ്ത്രീയും വയോധികയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ശോഭാ സുരേന്ദ്രന്‍ വിശദീകരിച്ചതെങ്കിലും, അത്തരത്തിലുള്ള ബന്ധമൊന്നുമില്ലെന്നു വിനേഷ് സര്‍ഗ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

English Summary: The Election Commission intervened after allegations of cash distribution to influence voters in Palakkad. A video showing money being given to an elderly woman sparked controversy, leading to a police case and further investigation amid political blame exchanges.