Kerala

'മമ്മൂട്ടിയുടെ സദുദ്ദേശം മനസിലാക്കാതെയാണ് കടന്നാക്രമിച്ചത്'; മുഖ്യമന്ത്രി

സദുദ്ദേശം മനസിലാക്കാതെയാണ് കടന്നാക്രമിച്ചത്. ഞാന്‍ ആ സന്ദേശം പറഞ്ഞതിന് ശേഷം അദ്ദേഹം വിളിച്ചിരുന്നു, വികാരഭരിതമായിട്ടാണ് സംസാരിച്ചത്

Madism Desk

കൊച്ചി: വയനാട് ടൗണ്‍ഷിപ്പിനിടെ ഉണ്ടായ വിവാദത്തില്‍ മമ്മൂട്ടിയോടെ ക്ഷമാപണം നടത്തിയ സാഹചര്യം വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സദുദ്ദേശത്തോടെ മമ്മൂട്ടി ചെയ്ത കാര്യത്തില്‍ ആക്ഷേപം നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് അങ്ങനൊരു സന്ദേശം നല്‍കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ട്വന്റി ഫോര്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.

'ചെന്നൈയില്‍ നിന്ന് വളരെ ബുദ്ധിമുട്ടി അതിരാവിലെ പുറപ്പെട്ടാണ് മമ്മൂട്ടി വയനാട്ടിലെത്തിയത്. എന്നെ വേദനിപ്പിച്ചോ എന്നതിനേക്കാള്‍ സദുദ്ദേശത്തോടെ ചെയ്ത കാര്യത്തില്‍ ഉടലെടുത്ത ആക്ഷേപം മമ്മൂട്ടിയെ എത്രമാത്രം വേദനിപ്പിച്ചിട്ടുണ്ടാവും എന്നാണ് ഞാന്‍ ആലോചിച്ചത്. സദുദ്ദേശം മനസിലാക്കാതെയാണ് കടന്നാക്രമിച്ചത്. ഞാന്‍ ആ സന്ദേശം പറഞ്ഞതിന് ശേഷം അദ്ദേഹം വിളിച്ചിരുന്നു, വികാരഭരിതമായിട്ടാണ് സംസാരിച്ചത്.' മുഖ്യമന്ത്രി അഭിമുഖത്തില്‍ പറഞ്ഞു.

മമ്മൂട്ടിയെ സാമൂഹിക മാധ്യമത്തില്‍ അധിക്ഷേപിച്ചത് ദൗര്‍ഭാഗ്യകരമായ കാര്യമാണെന്നും, എന്തിനാണ് ഇത് വിവാദമാക്കിയതെന്നും നേരത്തെ മുഖ്യമന്ത്രി പൊതുവേദിയില്‍ വെച്ച് അണികളോട് ചോദിച്ചിരുന്നു. സിപിഐഎം സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ക്ക് മമ്മൂട്ടിയെ അറിയാതെയായോയെന്നും, അപമാനിക്കരുതായിരുന്നു. ഒരു നല്ല കാര്യത്തെ എങ്ങനെ ചീത്തയാക്കാന്‍ ശ്രമിക്കുമെന്നതിന്റെ ഉദാഹരണമാണിതെന്നും പിണറായി പറഞ്ഞിരുന്നു.

ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനോട് മമ്മൂട്ടി നടത്തിയ സംഭാഷണമാണ് വിവാദങ്ങള്‍ക്ക് ഇടയായത്. ഇതിനിടെ വിഷയത്തില്‍ പ്രതികരിച്ച കെ. റഫീഖ്, മമ്മൂട്ടി വളരെ സന്തോഷത്തോടെയാണ് ടൗണ്‍ഷിപ്പ് സന്ദര്‍ശിക്കാന്‍ എത്തിയതെന്നും വ്യക്തിപരമായി പറഞ്ഞ ഒരു കാര്യത്തെ അപമാനമായി ചിത്രീകരിക്കുകയാണെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തനിക്കെതിരെ മനഃപൂര്‍വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് മമ്മൂട്ടി നേരിട്ട് വിളിച്ച് വ്യക്തമാക്കിയതായും അദ്ദേഹം കുറിച്ചിരുന്നു.

English Summary: Pinarayi Vijayan clarified his apology to Mammootty amid the Wayanad township controversy, stating that the actor’s good intentions were misunderstood. He emphasized that the criticism against Mammootty was unfortunate and should not have escalated into a controversy.