കണ്ണൂർ: രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ അവതരിപ്പിച്ചു. പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയതായി വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ജനാധിപത്യപരമായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഭരണനേട്ടങ്ങൾ അക്കമിട്ടു നിരത്തിയാണ് മുഖ്യമന്ത്രി പ്രോഗ്രസ് കാർഡ് പുറത്തിറക്കിയത്
വയനാട് തുരങ്കപാതയും ദേശീയ പാത വികസനവും ലൈഫ് മിഷൻ പദ്ധതികളടക്കം ഇടത് നേട്ടങ്ങൾ മുഖ്യമന്ത്രി വിശദീകരിച്ചു. അതിദാരിദ്ര്യ നിർമാർജന പദ്ധതിയിലൂടെ 64000 ത്തോളം കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചതായും, മത്സ്യതൊഴിലാളികൾക്കായി 2752 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയതായി മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ ദേശീയ പാത വികസനത്തിൽ സർക്കാരിന്റെ ഇടപെടലുകളും അദ്ദേഹം എടുത്തു പറഞ്ഞു. ഏറ്റെടുത്ത ഭൂമിയുടെ വിലയുടെ 25 ശതമാനം നൽകാൻ സർക്കാർ തയ്യാറായത് വ്യത്യസ്തമായ തീരുമാനമായിരുന്നു. മറ്റു സംസ്ഥാനങ്ങൾ തയ്യാറാവാത്ത ഒരു കാര്യത്തിന് കേരളം സർക്കാർ തയ്യാറായത് ദേശീയ പാത 66 ന്റെ വികസനം വേഗത്തിലാക്കിയതായും അദ്ദേഹം അവകാശപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തുന്നതിലും സർക്കാർ മികവ് പുലർത്തി. മലയോര, തീരദേശ ഹൈവേകൾക്ക് 10000 കോടി രൂപ ചിലവുള്ളതായാണ് കണക്കാക്കിയിട്ടുള്ളത്. ഇത് കേരള സർക്കാരിന്റെ മാത്രം പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ലൈഫ് പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ പൂർത്തിയാക്കുകയും കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയും ചെയ്തു. നാലര ലക്ഷം കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തതോടൊപ്പം പി എസ് സി വഴി 3,13,202 നിയമനങ്ങളും സർക്കാർ നടപ്പാക്കി.
16 ലക്ഷത്തിലധികം സ്ത്രീകൾക്ക് സാമ്പത്തിക സഹായം അനുവദിച്ചതായും, ജനങ്ങൾക്ക് ഭരണസേവനങ്ങൾ ലളിതമാക്കിയതായും, ഡിഗ്രി വരെ ഉന്നത വിദ്യാഭ്യാസം സൗജന്യമാക്കിയതായും ഭരണ പുരോഗതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൂടാതെ 2,66,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും 82 ലക്ഷം അപേക്ഷകൾ തീർപ്പാക്കുകയും ചെയ്തു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാക്കിയത് സർക്കാരിൻറെ പ്രധാന നേട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
English Summary: Kerala CM Pinarayi Vijayan unveils LDF government’s 10-year progress report in Kannur, stating 97% of 900 manifesto promises have been fulfilled, emphasizing accountability, governance transparency, and development achievements.