Kerala

സെൽഫ് ഗോളായി ക്യാപ്റ്റന്റെ പുതിയ പരാമർശം; 'വീട്ടിൽ പോയി ചോദിക്ക്' ആയുധമാക്കി യുഡിഎഫ്

സിപിഎം വിട്ട ജി സുധാകരനെതിരെ നടത്തിയ 'ചെറ്റത്തരം' പ്രയോഗത്തിന്റെ ചൂടാറും മുൻപാണ് അതിനേക്കാൾ കടുപ്പത്തിലുള്ള പരാമർശം മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായിരിക്കുന്നത്

Madism Desk

നിയമസഭാ തിരഞ്ഞെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കെ യുഡിഎഫിന് അപ്രതീക്ഷിതമായി വീണുകിട്ടിയ ആയുധമായി മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഉണ്ടായ 'വീട്ടിൽ പോയി ചോദിക്ക്' പരാമർശം. എൽഡിഎഫ് നായകനായി ഉയർത്തിക്കാട്ടുന്ന പിണറായി, ധാർഷ്ട്യം കലർന്ന ഇത്തരം പരാമർശങ്ങൾ നിരന്തരം നടത്തുന്നയാളാണെന്ന ആഖ്യാനം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ യുഡിഎഫ് സജീവമായി ഉപയോഗിച്ചുതുടങ്ങി. സിപിഎം വിട്ട് അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥിയായ ജി സുധാകരനെതിരെ നടത്തിയ 'ചെറ്റത്തരം' പ്രയോഗത്തിന്റെ ചൂടാറും മുൻപാണ് അതിനേക്കാൾ കടുപ്പത്തിലുള്ള പരാമർശം മുഖ്യമന്ത്രിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ ദിവസം കോന്നിയിൽ നടന്ന എൽഡിഎഫ് പൊതുയോഗത്തിനിടെയാണ് മുഖ്യമന്ത്രിയിൽനിന്ന് 'വീട്ടിൽ പോയി ചോദിക്ക്' എന്ന വിവാദ പരാമർശം ഉണ്ടായത്. പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ ചോദ്യമുയർത്താൻ ശ്രമിച്ച സിപിഎം പ്രവർത്തകനോടായിരുന്നു മുഖ്യമന്ത്രിയുടെ ക്ഷോഭം. ഒരു ചോദ്യമുണ്ടെന്ന ശബ്ദം സദസിൽനിന്ന് ഉയർന്നപ്പോൾ 'വീട്ടിൽ പോയി ചോദിക്ക്' എന്ന് എടുത്തടിച്ചപോലെ മുഖ്യമന്ത്രിയുടെ മറുപടി നൽകുകയായിരുന്നു.

കഴിഞ്ഞദിവസങ്ങളിൽ വിവിധ മാധ്യമങ്ങൾക്കു നൽകിയ അഭിമുഖങ്ങളിൽ മുഖ്യമന്ത്രിയുടെ സമീപനം ഏറെ ശ്രദ്ധനേടിയിരുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒട്ടും പ്രകോപിതനാവാതെ ചിരിച്ചുകൊണ്ടും കുറിക്കുകൊള്ളുന്ന തരത്തിലുമായിരുന്നു പിണറായിയുടെ മറുപടി. എന്നാൽ അതേ മുഖ്യമന്ത്രി നിസ്സാര കാര്യങ്ങളോട് പ്രകോപിതനാവുന്നത് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പൊതുയോഗത്തിൽ ഒരു പ്രവർത്തകൻ ഉയർത്തിയ ചോദ്യത്തെ നിസാരമായി അവഗണിക്കാമായിരുന്നിട്ടും അത് ചെയ്യാതെ ധാർഷ്ട്യം പ്രകടപ്പിച്ചുവെന്ന ചോദ്യം പലരും ഉയർത്തുന്നു. അതേസമയം, താൻ ചെയ്തതിനെ വീണ്ടും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. ചോദ്യം ചോദിക്കാന്‍ പത്രസമ്മേളനമല്ലല്ലോ പൊതുയോഗമെന്നും പൊതുയോഗത്തിൽ അങ്ങനെ ചോദിച്ചാല്‍ കിട്ടുന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നുമാണ് മുഖ്യമന്ത്രി ഇന്ന് പറഞ്ഞത്. പൊതുയോഗത്തില്‍ പറയുന്നത് ഇഷ്ടമുള്ളവര്‍ കേട്ടാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 'വീട്ടിൽ പോയി ചോദിക്ക്' എന്ന് മുഖ്യമന്ത്രി പറഞ്ഞത് സ്വന്തം പാർട്ടിയിലെ പ്രവർത്തകനോടാണ് നടത്തിയതെന്നത് ശ്രദ്ധേയമാണ്. ചോദ്യം ഉന്നയിച്ചത് കോന്നി അട്ടച്ചാക്കൽ ഈസ്റ്റ് സ്വദേശിയും സജീവ സിപിഎം പ്രവർത്തകനുമായ ദാസ് പി ജോർജാണ്. പ്രസംഗത്തിനിടെ ഇടപെട്ടത് തെറ്റായിപ്പോയെന്നും അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും ദാസ് പി ജോർജ് പിന്നീട് പ്രതികരിച്ചു. കേന്ദ്രം ഫണ്ടുകൾ തടഞ്ഞുവെയ്ക്കുന്ന സാഹചര്യത്തിൽ ഭാവിയിലെ വികസനപ്രവർത്തനങ്ങൾക്ക് എങ്ങനെ തുക കണ്ടെത്തും എന്ന ചോദ്യമാണ് ദാസ് ഉയർത്താൻ ശ്രമിച്ചത്.

പിണറായി വിജയൻ പൊതുജനങ്ങളോട് ഇടപഴകുന്ന രീതിയെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക ശൈലിയുമായി താരതമ്യം ചെയ്തുകൊണ്ടുള്ള പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിഷ ഉയരുന്നുണ്ട്. ഇതിനിടെ, സംഭവത്തെ വിവിധ രാഷ്ട്രീയ കക്ഷികൾ വ്യത്യസ്ത രീതിയിൽ വിലയിരുത്തുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നേതാക്കളുടെ പ്രസ്താവനകളും പൊതുപ്രതികരണങ്ങളും കൂടുതൽ പ്രാധാന്യമാർജിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയവും ചർച്ചകളിൽ ഇടം നേടുന്നത്.

ഇതാദ്യമായല്ല, മുഖ്യമന്ത്രിയുടെ പരാമർശങ്ങൾ രാഷ്ട്രീയ വിവാദങ്ങളിൽ ഇടംപിടിക്കുന്നത്. 2014ൽ കൊല്ലം എംപി എൻകെ പ്രേമചന്ദ്രനെതിരെ നടത്തിയ 'പരനാറി' പ്രയോഗം, താമരശേരി ബിഷപ്പിനെതിരെ നടത്തിയ 'നികൃഷ്ടജീവി' പ്രയോഗം, നിയമസഭയിൽ അടുത്തിടെ യുഡിഎഫ് എംഎൽഎമാർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ സംഭവങ്ങളെത്തുടർന്ന് നടത്തിയ 'എട്ടുമുക്കാൽ അട്ടിവച്ചപോലെ' പ്രയോഗം എന്നിവ ഇവയിൽ ചിലതാണ്.

English Summary: Pinarayi Vijayan’s recent remarks during a public event have sparked fresh political controversy as elections approach, drawing criticism and comparisons with Oommen Chandy’s public engagement style