Kerala

ബിജെപിയെ വീണ്ടും വെട്ടിലാക്കി ശ്രീലേഖ; തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണം നഷ്ടപ്പെടും?

സ്വതന്ത്രന്റെ പിന്തുണ ഉള്‍പ്പെടെ എന്‍ഡിഎയുടെ പിന്തുണ 51ല്‍ നിന്ന് 50 ആയി മാറിയതോടെ 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ട സ്ഥിതിയാണ്

Madism Desk

കേരളത്തില്‍ ആദ്യമായി ഭരണം പിടിച്ച കോര്‍പറേഷനായ തിരുവനന്തപുരത്ത് ബിജെപിക്ക് വന്‍ പ്രതിസന്ധി. സ്വതന്ത്രന്റെ പിന്തുണയോടെ കേവല ഭൂരിപക്ഷം നേടി ദീര്‍ഘകാല എല്‍ഡിഎഫ് ആധിപത്യം അവസാനിപ്പിച്ചാണ് ബിജെപി അധികാരത്തില്‍ എത്തിയത്. എന്നാല്‍, മുന്‍ ഡിജിപിയും ശാസ്തമംഗലം വാര്‍ഡ് ബിജെപി കൗണ്‍സിലറുമായ ആര്‍. ശ്രീലേഖയുടെ രാജിയാണ് എന്‍ഡിഎയിലെ പുതിയ പ്രതിസന്ധി.

വ്യക്തിപരമായ കാരണങ്ങളാല്‍ മേയര്‍ വി.വി. രാജേഷിന് രാജിക്കത്ത് നല്‍കിയെന്ന് ആര്‍. ശ്രീലേഖ തന്നെയാണ് വെളിപ്പെടുത്തിയത്. രാജി സ്വീകരിക്കപ്പെട്ടാല്‍ ബിജെപിയുടെ അംഗസംഖ്യ 50ല്‍ നിന്ന് 49 ആയി കുറയും. സ്വതന്ത്രന്റെ പിന്തുണ ഉള്‍പ്പെടെ എന്‍ഡിഎയുടെ പിന്തുണ 51ല്‍ നിന്ന് 50 ആയി മാറും. ഇതോടെ 101 അംഗ കൗണ്‍സിലില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെടുകയും ചെയ്യും.

വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് അറസ്റ്റിലാവുകയും പിന്നീട് കാപ്പ നിയമം പ്രകാരം തടങ്കലില്‍ കഴിയുകയും ചെയ്യുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതനുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ തിരുവനന്തപുരത്തെ ബിജെപി ഭരണം പ്രതിസന്ധി നേരിട്ടിരുന്നു. തുടര്‍ച്ചയായി കൗണ്‍സില്‍ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അയോഗ്യതാ ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസത്തെ അവധി അനുവദിച്ചാണ് ബിജെപി ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നത്. ഈ സാഹചര്യത്തിലാണ് ആര്‍ ശ്രീലേഖയുടെ രാജി സാഹചര്യങ്ങള്‍ രൂക്ഷമാക്കുന്നത്.

ആര്‍ ശ്രീലേഖ ബിജെപി സ്ഥാനാര്‍ഥി ആയത് മുതല്‍ നിരന്തരം വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഒരു ഘട്ടത്തില്‍ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടപ്പെട്ട വ്യക്തിയായിരുന്നു ശ്രീലേഖ. എന്നാല്‍ പിന്നീട് നടന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ ശ്രീലേഖയെ പിന്തള്ളി വിവി രാജേഷിനെ ബിജെപി മേയര്‍ സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു. ഇവിടം മുതല്‍ അതൃപ്തിയില്‍ ആയിരുന്ന ശ്രീലേഖ പലഘട്ടങ്ങളിലും തന്റെ വികാരം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിന് ശേഷം മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് മത്സരിച്ചതെന്ന് ശ്രീലേഖ പരസ്യമായി പ്രതികരിച്ചിരുന്നു. വെറും കൗണ്‍സിലറാകാനല്ല താന്‍ മത്സരിച്ചതെന്നും മേയര്‍ സ്ഥാനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നുമായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ അന്തിമ തീരുമാനം അംഗീകരിക്കുന്നു എന്നായിരുന്നു അന്ന് അവര്‍ സ്വീകരിച്ച നിലപാട്.

ഇതിന് പിന്നാലെ, കോര്‍പറേഷന്‍ ഓഫീസുമായി ബന്ധപ്പെട്ട വിവാദത്തിലും ശ്രീലേഖ വാര്‍ത്തകളില്‍ ഇടം നേടി. ശാസ്തമംഗലം വാര്‍ഡിലെ കൗണ്‍സിലറായ ശ്രീലേഖയുടെ ഓഫീസ് സൗകര്യവുമായി ബന്ധപ്പെട്ട് വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയിരുന്ന വി കെ പ്രശാന്തുമായി നേരിട്ട് തര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ ശ്രീലേഖ മുതിര്‍ന്നതാണ് സംഭവങ്ങളുടെ തുടക്കം.

കോര്‍പറേഷന്‍ കെട്ടിടത്തിലെ എംഎല്‍എ ഓഫീസിന്റെ സ്ഥലം ഒഴിയണമെന്ന് ശ്രീലേഖ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ, 2026 ജനുവരിയില്‍ കോര്‍പറേഷനിലെ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ ബാലറ്റില്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന് ശ്രീലേഖയുടെ വോട്ട് അസാധുവായി. ഇത് സാങ്കേതിക പിഴവായാണ് വിലയിരുത്തപ്പെട്ടത്.

തിരുവനന്തപുരത്തെ ബിജെപിയുടെ വലിയ വിജയം ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയപ്പോഴും ആര്‍ ശ്രീലേഖയുടെ പെരുമാറ്റം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2026 ജനുവരി 23-ന് തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതെ ആര്‍ ശ്രീലേഖ മാറി നില്‍ക്കുകയായിരുന്നു. പരിപാടി കഴിഞ്ഞ് മോദി നേതാക്കളോട് യാത്രപറയുമ്പോഴും ശ്രീലേഖ മാറിനില്‍ക്കുന്നതായിരുന്നു പ്രചരിച്ച ദൃശ്യങ്ങള്‍.

33 വര്‍ഷത്തിലേറെ പൊലീസ് ഉദ്യോഗസ്ഥയായി, പ്രത്യേകിച്ച് വിവിഐപി ഡ്യൂട്ടികളില്‍ പ്രവര്‍ത്തിച്ച തനിക്ക്, ക്ഷണം ലഭിക്കാതെ വിവിഐപിയുടെ അടുത്തേക്ക് പോകാതിരിക്കാനുള്ള പരിശീലനമാണ് ലഭിച്ചിട്ടുള്ളത് എന്നായിരുന്നു ശ്രീലേഖയുടെ പ്രതിരകരണം.

കോര്‍പറേഷന്‍ ഭരണത്തില്‍ എന്ത് സംഭവിക്കും?

101 അംഗ കൗണ്‍സിലില്‍ ബിജെപി നേതൃത്വം നല്‍കിയ എന്‍ഡിഎയ്ക്ക് 51 അംഗങ്ങളുടെ പിന്തുണ ഉണ്ടായിരുന്നു. ശ്രീലേഖയുടെ രാജി പ്രാബല്യത്തില്‍ വന്നാല്‍ ആ പിന്തുണ 50 ആയി കുറയും. ബിജെപിക്ക് 50 അംഗങ്ങളും എല്‍ഡിഎഫിന് 29, യുഡിഎഫിന് 20 അംഗങ്ങളുടെയും പിന്തുണയുണ്ടാകും. അതിനാല്‍ 101 അംഗ കൗണ്‍സിലില്‍ 51 എന്ന കേവല ഭൂരിപക്ഷം ബിജെപിക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉരുത്തിരിയും.

The BJP-led administration in the Thiruvananthapuram Corporation is facing a fresh majority challenge following the resignation of BJP councillor and former DGP R. Sreelekha. The BJP had 50 councillors in the 101-member council and was supported by an independent councillor, giving the NDA a total strength of 51. Sreelekha submitted her resignation to Mayor V. V. Rajesh, citing personal reasons. Her resignation reduces the BJP’s strength to 49 and the NDA’s strength to 50, leaving the ruling side without a simple majority.