തിരുവനന്തപുരം: ആഭ്യന്തര വകുപ്പില്‍ നിര്‍ണായക നയമാറ്റങ്ങള്‍ കൊണ്ടുവരാന്‍ നിയുക്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്തെ പൊലീസ് നയങ്ങളെക്കുറിച്ച് യുഡിഎഫ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ പ്രായോഗിക തലത്തില്‍ നടപ്പിലാക്കുകയാണ് ഉദ്ദേശ്യം. എസ്‌ഐമാര്‍ക്ക് സ്റ്റേഷന്‍ ചുമതല തിരികെ നല്‍കാന്‍ ആലോചിക്കുന്നതായി ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ചെന്നിത്തല പ്രഖ്യാപിച്ചിരുന്നു. ഇത് പ്രാവര്‍ത്തികമായാല്‍ സിഐമാര്‍ക്ക് നിലവിലുള്ള സ്റ്റേഷന്‍ ചുമതല അസാധുവാകും. മാവോയിസ്റ്റ് ഭീഷണി നേരിടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളിലെ സര്‍ക്കാര്‍ നയവും പുനപരിശോധിക്കുമെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
'മാവോയിസ്റ്റ് നേതാവ് രൂപേഷിനെ പിടികൂടുന്ന കാലത്ത് ആഭ്യന്തരം നിയന്ത്രിച്ചിരുന്ന ഞാനാണ്, യാതൊരു കാരണവശാലും വെടിവെക്കരുതെന്ന് അന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലുന്നതല്ല സര്‍ക്കാരിന്റെ നയം. അവരുടെ റൂട്ട് മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. പിണറായി സര്‍ക്കാരിന്റെ കാലത്ത് അഞ്ച് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്', ചെന്നിത്തല പറഞ്ഞു
പിണറായി സര്‍ക്കാരിന്റെ കാലത്ത് 'രക്ഷാപ്രവര്‍ത്തനം' ഇനി ആവര്‍ത്തിക്കില്ലെന്നും ചെന്നിത്തല വ്യക്തമായി സൂചിപ്പിക്കുന്നുണ്ട്. സമരക്കാരുടെ തല അടിച്ചുപൊളിക്കുന്ന പൊലീസ് സംസ്ഥാനത്തുണ്ടാകില്ലെന്നും അസഭ്യവര്‍ഷവും ഇനി യാതൊരു കാരണവശാലും ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
യുഡിഎഫ് പ്രതിപക്ഷത്തിനിരിക്കുന്ന സമയത്ത് ഉന്നയിക്കപ്പെട്ട പ്രധാന ആരോപണങ്ങളിലൊന്നായിരുന്നു പൊലീസിലെ ക്രിമിനല്‍വത്കരണം. ചില പൊലീസ് ക്രിമിനലുകള്‍ സിപിഐഎമ്മിനും ആര്‍എസ്എസിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അന്ന് പ്രതിപക്ഷം വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇതുള്‍പ്പെടെ പൊലീസിലെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ വരെ പുതിയ സര്‍ക്കാര്‍ പുനപരിശോധിക്കാനാണ് സാധ്യത. ലോകായുക്ത ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ അധികാര പരിധി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
English Summary: Ramesh Chennithala has announced major policy changes in the Home Department, including stricter controls on police action against protesters and a review of anti-Maoist operations. He stated that the government’s policy is not to encounter and kill Maoists, while also signaling reforms in police administration and accountability.