Kerala

നയംമാറ്റി ചെന്നിത്തല, മന്ത്രിസഭയുടെ ഭാഗമാവും; മന്ത്രിസഭയിൽ പിടിമുറുക്കാന്‍ കെ.സി പക്ഷം

11 കോണ്‍ഗ്രസ് മന്ത്രിമാരുണ്ടാകുമെന്നാണ് യുഡിഎഫിലെ ധാരണ

Political Desk

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞുനില്‍ക്കുന്ന രമേശ് ചെന്നിത്തലയുടെ മുന്നില്‍ പുതിയ സമവായ നീക്കങ്ങള്‍. വി.ഡി സതീശന്‍ മന്ത്രിസഭയിൽ നിര്‍ണായക പദവി നല്‍കി സീനിയര്‍ ലീഡറെന്ന നിലയില്‍ പരിഗണിക്കാമെന്നാണ് സമവായം. ഇതിനായി മന്ത്രിസഭയിലേക്ക് മുഖ്യമന്ത്രി വി.ഡി സതീശന്‍ ക്ഷണിക്കും.

ചെന്നിത്തല മന്ത്രിയാകണമെന്ന് നേരത്തെ ഹൈക്കമാന്‍ഡും നിര്‍ബന്ധിച്ചിരുന്നു. ആദ്യഘട്ടത്തില്‍ വിസമ്മതിച്ചിരുന്നെങ്കിലും ഇന്ന് രാവിലെ മാധ്യമങ്ങളോട് ഇക്കാര്യം നിഷേധിക്കാതെയാണ് ചെന്നിത്തല മടങ്ങിയത്. മന്ത്രിസഭ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നായിരുന്നു മുതിര്‍ന്ന നേതാവിന്റെ പ്രതികരണം.

നിലവില്‍ യുഡിഎഫിലുണ്ടായിരിക്കുന്ന ധാരണ പ്രകാരം 11 പേരാണ് കോണ്‍ഗ്രസില്‍ മന്ത്രിപദങ്ങളിലേക്ക് എത്തുക. സ്പീക്കര്‍ സ്ഥാനവും പാര്‍ട്ടിക്ക് തന്നെയായിരിക്കും. മുസ്ലിം ലീഗിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ ലഭിച്ച സമാന പരിഗണന ഇത്തവണയും ലഭിക്കും. അഞ്ച് പേരാകും ലീഗ് പാളയത്തില്‍നിന്ന് മന്ത്രിമാരാവുക. രണ്ട് മന്ത്രിസ്ഥാനത്തിനായി കേരളാ കോണ്‍ഗ്രസും സമ്മര്‍ദ്ദങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇതോടെയാണ് 13 മന്ത്രിസ്ഥാനമെന്ന കോണ്‍ഗ്രസ് ധാരണയില്‍ മാറ്റമുണ്ടായത്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് എത്തുന്നത് നിര്‍ണായക പദവിയിലേക്കാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. നേരത്തെ ആഭ്യന്തര മന്ത്രിപദം ചെന്നിത്തലയ്ക്ക് നല്‍കാന്‍ ധാരണയായി എന്ന തലത്തില്‍ ചര്‍ച്ചകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

കോണ്‍ഗ്രസിലെ മുന്‍നിര നേതാക്കളെയെല്ലാം അണിനിരത്തിയാണ് മന്ത്രിസഭ നിര്‍മ്മിക്കുകയെന്നാണ് ഹൈക്കമാന്‍ഡ് നല്‍കുന്ന സൂചന. യുവനിരയിലുള്ള വി.ഡി അനുഭാവി വി.ടി ബല്‍റാം മന്ത്രിസഭയിലേക്ക് എത്തുമെന്നും സൂചനയുണ്ട്. ഗ്രൂപ്പ് സമവാക്യങ്ങള്‍ പരിശോധിക്കുമ്പോള്‍ കെ.സി, ആര്‍.സി പക്ഷത്തുനിന്നുള്ളവരാകും മന്ത്രിസഭയില്‍ ഭൂരിഭാഗവും.

English Summary: Senior Congress leader Ramesh Chennithala may become part of the V. D. Satheesan cabinet as fresh compromise efforts gain momentum within the party. Though initially reluctant, Chennithala has now softened his stance, while discussions over key ministerial portfolios and group balance continue in the UDF.