Kerala

രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി: സെറ്റിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കും, കസ്റ്റഡി അപേക്ഷ നല്‍കാന്‍ പൊലീസ്

കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി സംഭവ ദിവസം സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മൊഴിയെടുക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം

Madism Desk

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയില്‍ അറസ്റ്റിലായ സംവിധായകന്‍ രഞ്ജിത്തിനെ കസ്റ്റഡിയില്‍ വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ച് അന്വേഷണസംഘം. അതിക്രമം നടത്തിയെന്ന പരാതി ഉന്നയിക്കപ്പെട്ട കാരവാനും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ തെളിവെടുപ്പിനും അന്വേഷണത്തിനുമായി സംഭവ ദിവസം സെറ്റിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മൊഴിയെടുക്കാനും പൊലീസ് നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ കേരളത്തിന് പുറത്തുള്ളവരോട് എത്രയും വേഗം ഹാജരായി മൊഴി രേഖപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഷൂട്ടിങ് ലൊക്കേഷനിൽ ഉണ്ടായിരുന്നവരുടെ മൊഴികളില്‍ നിന്ന് നിർണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ. അതേസമയം അതിക്രമം നടന്നുവെന്ന് പരാതിയില്‍ ഉന്നയിക്കപ്പെട്ട കാരവാനിലേ സമീപത്തോ സിസിടിവി ഉണ്ടായിരുന്നില്ലെന്ന് നേരത്തെ റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. അതേസമയം 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനായി രഞ്ജിത്തിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ജാമ്യാപേക്ഷയും പൊലീസ് കസ്റ്റഡി അപേക്ഷയും അന്നേ ദിവസം കോടതി പരിഗണിക്കും.

അറസ്റ്റിലാകുന്ന സമയത്ത് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ര‍ഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിരുന്നില്ല. അതിനാലാണ് ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ കസ്റ്റഡിയിൽ വേണമെന്ന ആവശ്യം പൊലീസ് ഉന്നയിച്ചത്. രഞ്ജിത്തിനെ വിശദമായി ചോദ്യം ചെയ്യണമെന്നും അനുബന്ധ തെളിവുകൾ ശേഖരിക്കുകയും വേണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു.

English Summary: Police have located the caravan where the alleged sexual assault took place in the case against director Ranjith. Statements are being collected from those present on set, while the court will soon consider his bail plea and police custody request.