യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസിന്റെ റിമാൻഡ് റിപ്പോർട്ടിൽ സംവിധായകന്‍ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചശേഷം കയറിപ്പിടിച്ചുവെന്നാണ് നടിയുടെ പരാതി.
14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്ത രഞ്ജിത്തിനെ എറണാകുളം സബ്ജയിലിലേക്കു മാറ്റി. അതേസമയം, എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്ന് ജാമ്യാപേക്ഷ സംബന്ധിച്ച വാദം ഇന്ന് കേള്‍ക്കും.
വ്യാജ പരാതിയാണെന്നും കേസിനെ നിയമപരമായി തന്നെ നേരിടുമെന്നും രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. തന്നെ തകർക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്ന് രഞ്ജിത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
വൈദ്യപരിശോധനയ്ക്കുശേഷം സ്റ്റേഷനില്‍ എത്തിക്കുന്നതിന് മുൻപ് മജിസ്‌ട്രേറ്റിന്റെ വസതിയിലേക്ക് എത്തിക്കാൻ പൊലീസ് തിടുക്കം കാണിക്കുകയായിരുന്നുവെന്നാണ് രഞ്ജിത്തിന്റെ അഭിഭാഷകന്റെ പ്രതികരണം. പരാതിയെക്കുറിച്ച് അറിയില്ലെന്നാണ് രഞ്ജിത്ത് മൊഴി നല്‍കിയതെങ്കിലും അന്വേഷണ സംഘം ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. പരാതിയിൽ പറയുന്നത് പ്രകാരം സംഭവം നടന്ന സമയത്ത് ലൊക്കേഷനില്‍ ഉണ്ടായിരുന്ന മുഴുവൻ ആളുകളേടെയും ഐസിസി അംഗങ്ങളുടെയും മൊഴി ഉടനടിയടുക്കും.
ഇന്നലെ രാത്രി എറണാകുളത്ത് നിന്നും തൊടുപുഴയിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശത്തെ തുടര്‍ന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ കൊച്ചി പൊലീസിന് കൈമാറി. ഇന്നലെ രാത്രി കൊച്ചിയിലെത്തിച്ച രഞ്ജിത്തിനെ ഇന്നു രാവിലെയാണ് മജിസ്ട്രേട്ടിന്റെ വസതിയിൽ ഹാജരാക്കിയത്.
അതേസമയം, കർമം ആരെയും വെറുതെ വിടില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ മുൻപ് പരാതി നൽകിയ ബംഗാളി നടി പ്രതികരിച്ചു. താൻ കള്ളം പറഞ്ഞെന്നാണ് രഞ്ജിത്ത് പറഞ്ഞത്. ആരാണ് കള്ളം പറഞ്ഞതെന്ന് ഇപ്പോൾ വ്യക്തമായി. രഞ്ജിത്ത് നല്ല മനുഷ്യൻ അല്ലെന്നു തെളിഞ്ഞു. പരാതി നൽകിയ നടിക്ക് നന്ദി പറയുന്നു. ഇത് എല്ലാവരും മാതൃകയാക്കണമെന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ രഞ്ജിത്തിൽ നിന്നു താൻ ലൈംഗികാതിക്രമം നേരിട്ട വിവരം ബംഗാളി നടി തുറന്നു പറഞ്ഞത്.
2009ൽ പാലേരിമാണിക്യം സിനിമയുടെ ഒഡിഷനു വേണ്ടി കൊച്ചിയിൽ എത്തിയപ്പോൾ കലൂരിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് ലൈംഗിക അതിക്രമത്തിന് ശ്രമിച്ചുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. പൊലീസ് സമർപ്പിച്ച കുറ്റപത്രം ഹൈകോടതി റദ്ദാക്കിയിരുന്നു. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഈ നടപടി.
English Summary: Ranjith has been remanded for 14 days in a sexual assault attempt case based on a young actress’s complaint, with further investigation underway