Kerala

'ബംഗാളില്‍ ബിജെപി കേരളത്തില്‍ കോണ്‍ഗ്രസ്'; വിവാദത്തിന് പുല്ലുവില കല്‍പ്പിച്ച് മുഖ്യമന്ത്രി, ഖേല്‍ക്കര്‍ ചുമതലയേറ്റു

രാഹുല്‍ ഗാന്ധിയുടെ മൗനത്തിലും ചോദ്യങ്ങളുയരുന്നുണ്ട്

Madism Desk

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ഡോ. രത്തന്‍ ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി.ഡി സതീശന്റെ സെക്രട്ടറിയായി ചുമതലയേറ്റു. വിവാദങ്ങള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് അവധി ദിനമായ ഇന്ന് ചുമതലയേറ്റെടുത്തിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ നല്‍കിയ സഹായങ്ങളുടെ ഉപകാര സ്മരണയാണ് സെക്രട്ടറി സ്ഥാനമെന്ന പ്രതിപക്ഷ വിമര്‍ശനങ്ങളെ മുഖവിലയ്‌ക്കെടുക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തയ്യാറായിട്ടില്ല.

സമാനമായ പ്രതികരണമാണ് കെ.പി.സി.സി സെക്രട്ടറി സണ്ണി ജോസഫില്‍ നിന്നും ഉണ്ടായിട്ടുള്ളത്. സംസ്ഥാന നേതൃത്വം വിഷയത്തില്‍ പ്രതിരോധം തീര്‍ത്തെങ്കിലും കെ.സി വേണുഗോപാല്‍ ഒഴികെയുള്ള ദേശീയ നേതൃനിര വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടുമില്ല.

ബംഗാളില്‍ ബിജെപി നടത്തിയ സമാന നീക്കമാണ് ഇവിടെയും നടക്കുന്നതെന്ന് സിപിഐഎം ആവര്‍ത്തിക്കുന്നുണ്ടെങ്കിലും പ്രതിഷേധം കാരണം നിയമനം റദ്ദാക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. മുന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറെ ചീഫ് സെക്രട്ടറിയും എസ്‌ഐആര്‍ നിരീക്ഷകനായിരുന്ന ഉദ്യോഗസ്ഥനെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമാക്കിയ ബംഗാളിലെ ബിജെപി നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ കേരളത്തിലെ ഇടതു വിമര്‍ശനങ്ങളോടോ മുഖ്യമന്ത്രിയുടെ നടപടിയോടോ എന്തെങ്കിലും പ്രതികരണം നടത്താന്‍ രാഹുല്‍ ഗാന്ധി തയ്യാറായില്ല. ഡീല്‍ ആരോപണങ്ങള്‍ക്കിടെയുണ്ടായിട്ടുള്ള നിയമനം വരും ദിവസങ്ങളിലും പ്രതിപക്ഷം ആയുധമാക്കുമെന്ന് തീര്‍ച്ചയാണ്.

വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പ്രതികരണവും വ്യക്തമായ വിശദീകരണത്തോടെയല്ല. ഭരണപരമായ കാര്യങ്ങളില്‍ ഭരിക്കുന്നവരാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത് എന്നായിരുന്നു കെ.സിയുടെ വിശദീകരണം. എന്നാല്‍ രണ്ട് സംസ്ഥാനങ്ങളില്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതിനെതിരെ ദേശീയ നേതാവെന്ന നിലയിലുള്ള വിശദീകരണം നല്‍കാനും അദ്ദേഹം തയ്യാറായില്ല. ദേശീയ തലത്തില്‍ ബിജെപി നേതാവായ അമിത് മാളവ്യ പോലുള്ളവരും ഖേല്‍ക്കര്‍ വിവാദത്തില്‍ പ്രതികരിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ മൗനം ചോദ്യം ചെയ്തായിരുന്നു മാളവ്യയുടെ പ്രതികരണം.

English Summary: A political controversy has erupted in Kerala after former Chief Electoral Officer Rathan Khelkar assumed charge as Chief Minister V.D. Satheesan’s secretary. Opposition parties, including CPM, alleged that the appointment was a reward for favorable actions during the elections. Despite criticism, the government has decided to move forward with the appointment.