Kerala

അന്യായമെന്ന് പിണറായി, വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർധിക്കുമെന്ന് ഒആർ കേളു; മെന്റർ അധ്യാപകരെ പിരിച്ചുവിട്ടതിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം

2016ലെ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠനസൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം.

Madism Desk

സംസ്ഥാനത്ത് ആദിവാസി ഗോത്ര വിഭാഗത്തിൽ പെട്ട മെന്റർ അധ്യാപകരെ പിരിച്ചുവിട്ട നടപടിയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം. നടപടി കടുത്ത അന്യായമെന്ന് വിശേഷിപ്പിച്ച പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, അധ്യാപകരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് അവരെ ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം എന്നും ആവശ്യപ്പെട്ടു. സ്കൂളുകളിൽ നിന്നും പട്ടികജാതി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്കിനുള്ള സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു പട്ടികജാതി പട്ടികവർഗ വകുപ്പ് മുൻമന്ത്രി ഒആർ കേളുവിന്റെ വിമർശനം.

പ്രതിപക്ഷ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ആദിവാസി ഗോത്ര വിഭാഗത്തിൽപെട്ട മെന്റർ അധ്യാപകരെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ട നടപടി കടുത്ത അന്യായമാണ്. ആദിവാസി വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും പഠന പിന്തുണ നൽകുന്നതിനുമാണ് എൽഡിഎഫ് സർക്കാർ മെന്റർ അധ്യാപകരെ നിയമിച്ചത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി ജോലി ചെയ്യുന്ന 308 അധ്യാപകരെയാണ്‌ സർക്കാർ പിരിച്ചുവിട്ടത്. ഗോത്രബന്ധു പദ്ധതി പ്രകാരം പ്രതിമാസം 21,900 രൂപ വേതനത്തിൽ ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ പഠിപ്പിച്ചിരുന്നവരാണിവർ. ടി ടിസി, ബിഎഡ് യോഗ്യതയുള്ള ഗോത്രവിഭാഗം യുവാക്കളെയാണ് ഈ ചുമതലയിൽ നിയോഗിച്ചത്.

നിലവിലുള്ള അധ്യാപകരെ ഈ അധ്യയന വർഷം ജോലിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. പട്ടികവർഗ വകുപ്പ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് ഐടിഡിപി പ്രൊജക്ട്‌ ഓഫീസർമാരുടെ ഉത്തരവ്‌. സ്കൂൾ തുറന്നപ്പോൾ ഇവർക്ക് ജോലിയിൽ പ്രവേശിക്കാനായില്ല.

ഒമ്പത് വർഷമായി ജോലി ചെയ്യുന്ന 241 മെന്റർ അധ്യാപകർക്ക് വയനാട്ടിലും പാലക്കാട് അമ്പത് പേർക്കും മലപ്പുറത്ത്‌ 17 പേർക്കും ജോലി നഷ്ടമായി. ഗോത്ര വിദ്യാർഥികളുടെ പഠനം ഇതോടെ താളംതെറ്റും.

2016ലെ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഏറ്റവും വിപ്ലവകരമായ നടപടിയായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഗോത്ര വിദ്യാർഥികൾക്കായി ഇത്തരമൊരു സംരക്ഷണ പദ്ധതി പട്ടികവർഗ വകുപ്പു വഴിയാണ് പദ്ധതി നടപ്പാക്കിയത്.

ഇതുവഴി ആദിവാസി വിദ്യാർഥികളുമായി അവരുടെ ഭാഷയിൽ ആശയ വിനിമയം നടത്തി പഠിപ്പിക്കാൻ സാധിച്ചു. വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറച്ചു. ജോലിയും ലഭിച്ചു. ഒരേ സമയം ആദിവാസി വിദ്യാർഥികളുടെ വിദ്യാഭ്യാസ മുന്നേറ്റം ഉറപ്പാക്കുക്കുകയും ജോലി നൽകി ഗോത്ര കുടുംബങ്ങളെ സാമ്പത്തികമായും സാമൂഹ്യമായും ഉയർത്തുകയും ചെയ്തു. ഏറ്റവും പിന്നാക്കമായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗത്തിൽപ്പെട്ടവരാണ് അധ്യാപകരിൽ ഭൂരിഭാഗവും. ഏപ്രിൽ, മെയ് മാസങ്ങളിലും ഇവർ വിദ്യാലയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഉന്നതികളിലെ വിദ്യാർഥികളെ സ്കൂളുകളിൽ ചേർക്കാനും മറ്റുമുള്ള പ്രവർത്തനങ്ങളിൽ കൂടി വ്യാപൃതരായിരുന്നവർക്കാണ് ജോലി നഷ്ടപ്പെട്ടത്. പിരിച്ചുവിട്ട മെന്റർ അധ്യാപകർ പ്രക്ഷോഭ രംഗത്താണ്. ഇവരുടെ ന്യായമായ ആവശ്യം അംഗീകരിച്ച് ജോലിയിൽ തിരിച്ചെടുക്കാൻ സർക്കാർ തയ്യാറാകണം.

ഒഐർ കേളുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

സംസ്ഥാനത്തൊട്ടാകെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൗകര്യമൊരുക്കാൻ നിയമിച്ച മെന്റർ ടീച്ചർമാരുടെ സേവനം യുഡിഎഫ്‌ സർക്കാർ നിർത്തിയതോടെ ഉന്നതി കുട്ടികളുടെ ക്ലാസ്‌ നിലച്ചു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ ടീച്ചർമാരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേനെ അറിയിച്ചത്.

ഇതോടെ അട്ടപ്പാടിയിലെ 23 മെന്റർ ടീച്ചർമാരും തൊഴിൽ രഹിതരായി. 2017ൽ മന്ത്രിയായിരുന്ന എ കെ ബാലനാണ് മെന്റർ ടീച്ചർമാരെ നിയമിച്ചത്. ഗോത്ര ഭാഷകൾ മാത്രം കേട്ടും പറഞ്ഞും ശീലിച്ചവരാണ് ഉന്നതിയിലെ കുട്ടികൾ. ഇവർ സ്കൂളിൽ എത്തുന്നതോടെ മലയാളം അടക്കമുള്ള ഭാഷകളിൽ പഠനം നടത്തേണ്ടി വരുന്നത് പഠന മുപേക്ഷിക്കാൻ പ്രേരണയാകുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്‌.

ടിടിസി കഴിഞ്ഞ ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് ഇത് മികച്ച ഒരു തൊഴിൽ അവസരം കൂടിയായിരുന്നു. ഭാഷ മനസ്സിലാകാത്ത കുട്ടികളെ സംസ്ഥാന പാഠ്യപദ്ധതിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി പ്രവർത്തിച്ചിരുന്നത് മെന്റർ ടീച്ചർമാരാണ്. ഇവരുടെ പ്രവർത്തനം നിലച്ചതോടെ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞുപോക്ക് വർധിക്കാനും പഠന നിലവാരം ഇടിയാനും വഴിവയ്‌ക്കും.

2016ലെ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതായിരുന്നു ആദിവാസി മെന്റർ അധ്യാപക നിയമനം. സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർഥികൾക്ക് സ്വന്തം ഭാഷയിൽ പഠന സൌകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. പട്ടികവർഗ വകുപ്പിന്‌ ക‍കീഴിൽ പ്രത്യേകം പദ്ധതി തയ്യാറാക്കി 750 രൂപ ദിവസ വേതനത്തിലായിരുന്നു നിയമനം. രണ്ടാം പിണറായി സർക്കാരിത് പ്രതിമാസം 21,900 രൂപയാക്കി. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മൂന്നാഴ്ച പിന്നിടുന്നതിനിടെയാണ് മെന്റർ അധ്യാപകരുടെ സേവനം ജൂൺ ഒന്നുമുതൽ തുടരേണ്ടതില്ലെന്ന് പട്ടികവർഗ വകുപ്പ് ഐടിഡിപി മുഖേന അറിയിച്ചത്.

English Summary: The opposition has strongly criticized the government over the dismissal of mentor teachers belonging to tribal communities in the state. Describing the move as a grave injustice, Opposition Leader Pinarayi Vijayan urged the government to accept the teachers' legitimate demands and reinstate them.

Former Minister for Scheduled Castes and Scheduled Tribes Welfare O.R. Kelu also criticized the decision, warning that it could lead to increased dropout rates among Scheduled Tribe students in schools.