

തിരുവനന്തപുരം കട്ടേല മോഡല്‍ റസിഡന്‍സി സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് ഡെസ്‌കില്‍ മിഠായി ഇട്ടുകൊടുത്ത ബിജെപി എംഎല്‍എ വി മുരളീധരന്റെ നടപടിയില്‍ വിമർശനം ശക്തമാകുന്നു. സ്ഥലം എംഎല്‍എ കൂടിയായ മുരളീധരന്‍ കുട്ടികള്‍ക്കു കയ്യില്‍ മിഠായി കൊടുക്കുന്നതിനു പകരം ഡെസ്‌കില്‍ വിതറിയിട്ടശേഷം എടുത്തുകഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചടങ്ങിന്റെ ഉദ്ഘാടകയായ പട്ടികജാതി-വർഗ ക്ഷേമ മന്ത്രി കെ എ തുളസി നോക്കിനില്‍ക്കെയാണ് എംഎല്‍എയുടെ വിവേചനപരമായ ഈ പെരുമാറ്റം. പിന്നാക്കവിഭാഗക്കാരായ കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളാണിത്. കുഴിയില്‍ ഇലയിട്ട് കഞ്ഞി വിളമ്പി കൊടുത്തിരുന്ന കാലം പുനരാവിഷ്‌കരിക്കുകയാണ് എംഎല്‍എ ചെയ്തതെന്നാണ് പ്രധാന വിമര്‍ശനം.
അയിത്തത്തിന്റെ പ്രത്യക്ഷമായ ആചാരമാണ് എംഎല്‍എയുടെ നടപടിയെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ടിഎസ് ശ്യാം കുമാര്‍ മാഡിസം ഡിജിറ്റലിനോട് പറഞ്ഞു. ഹിന്ദുത്വ വാദികളില്‍ നിന്നും സംഘപരിവാരത്തില്‍ നിന്നും ദളിത് ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒട്ടും നീതി പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് ഈ നടപടിയില്‍നിന്നു പരിപൂര്‍ണമായും മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
''ആരു വന്നാലും എത്ര 'വലിയ' ആളുകള്‍ ആണെങ്കിലും കയ്യില്‍ മിഠായി കൊടുക്കുകയെന്നതാണ് കുട്ടികളെ സന്തോഷിപ്പിക്കുന്ന കാര്യം. കുഞ്ഞാമന്‍ മാഷിന്റെ ആത്മകഥയില്‍ പട്ടിക്കു ചോറ് കൊടുക്കുന്നതിനൊപ്പം മനുഷ്യനും കൂടി ചോറ് കൊടുക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. അതുപോലെയാണ് ഇവിടെ ചെയ്യുന്നത്. പട്ടിക്കു ചോറ് കൊടുക്കുന്നത് പോലെ മനുഷ്യന്റെ മുമ്പില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ വിതറിയിടുക. ചണ്ഡാളന്മാർ പൊട്ടിയ പാത്രത്തില്‍ മാത്രമേ ഭക്ഷണം കഴിക്കാവൂ, അവര്‍ക്ക് എച്ചില്‍ മാത്രമേ കൊടുക്കാവോ എന്ന് പറയുന്ന മനുസ്മൃതിയുടെ അതേ ജാതി യുക്തിയാണ് യഥാര്‍ത്ഥത്തില്‍ ഇവര്‍ ഇവിടെ അനുശീലിക്കുന്നത്. ഇതു കേരളത്തില്‍ ഒരുകാരണവശാലും അനുവദിക്കാന്‍ പാടില്ല. ഹിന്ദുത്വ വാദികളില്‍നിന്നു നമ്മള്‍ മനുഷ്യത്വം പ്രതീക്ഷിക്കാനേ പാടില്ല,'' ശ്യാംകുമാര്‍ പറഞ്ഞു.
ഒരു ജനപ്രതിനിധി കാണിക്കേണ്ട മര്യാദയും മാന്യതയും മുരളീധരന്‍ കാണിച്ചില്ലെന്ന് ദളിത് ചിന്തകനും സാമൂഹ്യവിമര്‍ശകനുമായ സണ്ണി എം കപിക്കാട് പറഞ്ഞു.
''ഒരു ജനപ്രതിനിധിയോ പൗരനോ എന്ന നിലയില്‍ ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കേണ്ട മിനിമം കാര്യമുണ്ട്. ആദിവാസികള്‍ ദീര്‍ഘകാലമായി അവഗണിക്കപ്പെട്ട വിഭാഗമാണെന്ന് ഇന്ത്യന്‍ ഭരണഘടന സമ്മതിക്കുന്ന കാര്യമാണ്. അവര്‍ക്ക് പ്രത്യേക പരിഗണ കൊടുക്കണമെന്നത് ഇന്ത്യന്‍ ഭരണഘടന തത്വമാണ്. അതനുസരിച്ച് ആദിവാസി കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ചെല്ലുമ്പോള്‍ കാണിക്കേണ്ട ഭരണഘടന ധാര്‍മികതയുണ്ട്. അത് അദ്ദേഹം പാലിച്ചില്ല. എന്നു പറഞ്ഞാല്‍ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ച് അദ്ദേഹത്തിനു ധാരണയൊന്നുമില്ല. മറിച്ച് അവര്‍ സങ്കല്‍പ്പിച്ചെടുത്ത ഇന്ത്യയിലാണ് അദ്ദേഹം ജീവിക്കുന്നത്. അവര്‍ വിഭാവനം ചെയ്ത ഇന്ത്യ ആദിവാസികള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന ഇന്ത്യയാണ്. ഇന്ത്യയെക്കുറിച്ച് സംഘപരിവാര്‍ കൊണ്ടുനടക്കുന്ന ധാരണകളെ ഊട്ടിയുറപ്പിക്കുകയാണ് ആ പ്രവൃത്തിയിലൂടെ അദ്ദേഹം ചെയ്തത്. ആദിവാസികള്‍ അകലെ നിര്‍ത്തേണ്ടവരും വെറുക്കപ്പെടെണ്ടവരുമാണെന്ന ചിന്ത അവര്‍ക്കുണ്ട്,'' സണ്ണി എം കപിക്കാട് പറഞ്ഞു.
ഈ സംഭവം നടക്കുമ്പോള്‍ ഇടപെടാതെ നോക്കി നിന്ന മന്ത്രി തുളസിക്കെതിരെയും വലിയ വിമര്‍ശനമാണുയരുന്നത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ മന്ത്രിക്കു കടമയുണ്ടെന്നു ടിഎസ് ശ്യാം കുമാര്‍ പറഞ്ഞു. എംഎല്‍എ ഒരു മനുഷ്യനാവാന്‍ ഇനിയും മാനസികമായി ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസ പ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ദിനു വെയില്‍ പറഞ്ഞു.
''സ്‌കൂള്‍ പ്രവേശനോത്സവമെന്നത് കുട്ടികളെ വിദ്യാഭ്യാസ ലോകത്തേക്ക് ആദരവോടെ സ്വാഗതം ചെയ്യുന്ന ചടങ്ങാണ്. ചരിത്രപരമായി ഇന്ത്യയില്‍ ദളിത്-ആദിവാസി ജനവിഭാഗങ്ങളുടെ മനുഷ്യാന്തസ്സ് നിഷേധിക്കാനും അവരുടെ ജാതി സ്ഥാനം ഓര്‍മിപ്പിക്കാനുമായി ഭക്ഷണം നല്‍കുന്ന രീതിയും നിരന്തരം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഭക്ഷണം എങ്ങനെ നല്‍കപ്പെടുന്നുവെന്നത് സാംസ്‌കാരികവും രാഷ്ട്രീയവുമായ ചോദ്യമാണ്. അതിനാല്‍ തന്നെ ഏറ്റവും ശ്രദ്ധിക്കേണ്ട ഒരിടത്താണ് മന്ത്രി ഈ വൃത്തികേട് ചെയ്തിട്ടുള്ളത്. കുട്ടികളോട് അന്തസ്സാര്‍ന്ന രീതിയില്‍ പെരുമാറാന്‍ കഴിയാത്തവര്‍ സ്‌കൂള്‍ പ്രവേശനോത്സവ വേദികളിലേക്ക് എത്തുന്നതിനു മുമ്പ് സ്വന്തം മനസ്സിനുള്ളിലേക്ക് ഒരു യാത്ര നടത്തണം. ഒരുപക്ഷേ അപ്പോള്‍ മനസ്സിന്റെ ആഴങ്ങളില്‍ ഇപ്പോഴും പതിഞ്ഞുകിടക്കുന്ന ജാതീയ മേല്‍ക്കോയ്മയുടെ അവശിഷ്ടങ്ങളെ തിരിച്ചറിയാന്‍ സാധിച്ചേക്കും,''ദിനു പറഞ്ഞു.
സംഭവത്തില്‍ വിമര്‍ശനവുമായി മുന്‍മന്ത്രി വി. ശിവന്‍കുട്ടിയും രംഗത്തെത്തി. മുരളീധരന്റേതു തരംതാണതും വിവേചനപരമായതുമായ നടപടിയാണെന്നും വിദ്യാര്‍ഥികളെ അധിക്ഷേപിക്കുകയാണെന്നും മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണെന്നും ശിവന്‍കുട്ടി പ്രതികരിച്ചു. മുരളീധരനെ തടയാനോ തിരുത്താനോ മന്ത്രി കെ എ തുളസി തയാറാകത്തതിനെയും ശിവന്‍കുട്ടി വിമര്‍ശിച്ചു. നിശബ്ദമായി നോക്കിനിന്നത് ഗുരുതര വീഴ്ചയാണ്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ല. സംഭവത്തില്‍ എംഎല്‍എ മാപ്പുപറയണമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
English Summary:
A controversy has erupted in Kerala after BJP MLA V Muraleedharan distributed sweets by placing them on students' desks instead of handing them directly to children during an admission ceremony at Kattela Model Residential School in Thiruvananthapuram. The school primarily caters to students from Scheduled Tribe and other marginalized communities. Writers, social critics, and Dalit activists have condemned the act, describing it as discriminatory and reflective of caste-based prejudices.