മറ്റ് അന്വേഷണ ഏജന്‍സികള്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് തീരുമാനിക്കുന്നതില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇടപെടരുതെന്ന് സുപ്രീം കോടതി മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്, മകള്‍ വീണ, എംഎല്‍എ പിഎ മുഹമ്മദ് റിയാസ് എന്നിവര്‍ സമര്‍പ്പിച്ച സിഎംആര്‍എല്‍-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം.
ഇഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിഎംആര്‍എല്‍-എക്സലോജിക് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഇത് ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ബാഗ്ചി, ജസ്റ്റിസ് മോഹന എന്നിവരടങ്ങിയ ബെഞ്ച് ഇഡിയുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചത്.
പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് അന്വേഷണം നടത്താമെങ്കിലും മറ്റ് ഏജന്‍സികളുടെ അധികാരപരിധിയില്‍ കടന്നുകയറാന്‍ ശ്രമിക്കരുത്. നിയമം അനുവദിച്ച പരിധികള്‍ കര്‍ശനമായി പാലിക്കണമെന്ന് കോടതി വ്യക്തമാക്കി. 'നിങ്ങള്‍ നിയമനടപടികളുമായി മുന്നോട്ടു പൊയ്ക്കോളൂ. എന്നാല്‍, നിയമം അനുവദിച്ചു നല്‍കിയിട്ടുള്ള പരിധികള്‍ ലംഘിക്കാന്‍ മുതിരരുത്. ഇക്കാര്യം ഞങ്ങള്‍ വളരെ വ്യക്തമായി പറയുകയാണ്. മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയില്‍ ഇടപെടുന്നതിനായി നിങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഉപയോഗിക്കരുത്,' എന്ന് ജസ്റ്റിസ് ബാഗ്ചി വാക്കാല്‍ നിരീക്ഷിച്ചു.
നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആര്‍ നിലനില്ക്കും. എന്നാല്‍, അപ്പീല്‍ അതോറിറ്റി വിഷയത്തില്‍ തീരുമാനമെടുക്കുന്നതുവരെ അന്വേഷണം നടത്തരുതെന്നും കോടതി ഉത്തരവിട്ടു.
ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി
കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഇഡിക്ക് പൂര്‍ണ അധികാരമുണ്ടെങ്കിലും അതിനുശേഷം സംസ്ഥാന പൊലീസ് എന്ത് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കാന്‍ ഇഡിക്ക് അവകാശമില്ല. അഴിമതി നിരോധന നിയമപ്രകാരം ഒരു കുറ്റകൃത്യത്തെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചുകഴിഞ്ഞാല്‍, നിയമപ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടത് സംസ്ഥാന ഏജന്‍സിയാണ്. പ്രതികളുടെ ഭാഗം കേള്‍ക്കാതെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
'കക്ഷികളെ കേള്‍ക്കാന്‍ അവസരം പോലും നല്‍കാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ അത്ര വലിയ അടിയന്തര സാഹചര്യം എന്തായിരുന്നു?' എന്ന് ജസ്റ്റിസ് മോഹന ചോദിച്ചു. അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17എ പ്രകാരമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ മുന്‍ മുഖ്യമന്ത്രിക്കെതിരെ എങ്ങനെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയെന്നും കോടതി ആരാഞ്ഞു.
ഡിവിഷന് ബെഞ്ചിന്റെ നടപടി റദ്ദാക്കി
ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീല്‍ നല്കാന് പ്രതികള്‍ക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കി. ഹര്‍ജിക്കാരുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വീണ്ടും പരിഗണിക്കണമെന്ന് ഉത്തരവിട്ടു. അതേസമയം, ഹവാല ഇടപാടുകാരെയും മുന്‍ മുഖ്യമന്ത്രിമാരെയും അന്വേഷണവിധേയമാക്കാന്‍ ഇഡിക്ക് പൂര്‍ണ അധികാരമുണ്ടെന്നും തങ്ങളുടെ നിയമപരമായ കടമയാണ് ഇഡി നിര്‍വഹിച്ചതെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
The Supreme Court has cautioned the Enforcement Directorate (ED) against interfering in the jurisdiction of other investigative agencies while hearing petitions related to the Cochin Minerals and Rutile Limited (CMRL)-Exalogic case involving Pinarayi Vijayan, his daughter Veena, and MLA P.A. Mohammed Riyas. The bench of Justices Bagchi and Mohana criticised the ED's actions, emphasising that although the agency has the authority to investigate under the Prevention of Money Laundering Act (PMLA), it cannot dictate how state police or other agencies should proceed.