Kerala

റോഷിയെയും കൈവിട്ട് ജനം, സംപൂജ്യരായി മാണി ​ഗ്രൂപ്പ്; കാത്തിരിക്കുന്നത് പിളർപ്പോ?

2021ല്‍ അഞ്ച് സീറ്റില്‍ വിജയിച്ചിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല

Political Desk

പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഫലം പുറത്തുവരുമ്പോള്‍ വന്‍ തിരിച്ചടി നേരിട്ട് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്. 2021ല്‍ അഞ്ച് സീറ്റുകളില്‍ വിജയിച്ചിരുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നിലവില്‍ ഒരു സീറ്റില്‍ പോലും ലീഡ് നേടാന്‍ കഴിഞ്ഞിട്ടില്ല.

രണ്ടാം പിണറായി സര്‍ക്കാരില്‍ മാണി ഗ്രൂപ്പിന്റെ ഏക മന്ത്രിയായിരുന്ന റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ കനത്ത മത്സരമാണ് നേരിടുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി റോയ് കെ പൗലോസിനേക്കാള്‍ 15000ത്തിലധികം വോട്ടുകള്‍ക്ക് റോഷി പിന്നിലാണ്. ഇതിന് പുറമെ സിറ്റിങ് സീറ്റായിരുന്ന ഇടുക്കി, ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, റാന്നി, പൂഞ്ഞാര്‍ എന്നീ സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ വിയര്‍ക്കുകയാണ്. പാലായില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കൂടിയായ ജോസ് കെ മാണിയും തോല്‍വിയുടെ വക്കിലാണ്.

എന്നാല്‍, യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് വലിയ മുന്നേറ്റമാണ് നേടുന്നത്. മത്സരിച്ച എട്ടില്‍ ഏഴ് സീറ്റുകളിലും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മുന്നേറുകയാണ്. ഇരിങ്ങാലക്കുട, കടുത്തുരുത്തി, ചങ്ങാനാശേരി, തൊടുപുഴ മണ്ഡലങ്ങളിലും നേട്ടമാണ്.

കേരള കോണ്‍ഗ്രസ് എമ്മിന്റെ രാഷ്ട്രീയ ഭാവിയില്‍ നിര്‍ണായകമാകുന്നതാണ് ഇപ്പോഴത്തെ ഫലങ്ങള്‍. ഒരു ഘട്ടത്തില്‍ ഇടതുപക്ഷം വിട്ട് യുഡിഎഫിലേക്ക് എത്താനും ജോസ് കെ മാണിയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയിരുന്നു. അന്ന് റോഷി അഗസ്റ്റിന്‍ ഇടപെട്ടായിരുന്നു നീക്കം തടഞ്ഞത്. ഒടുവില്‍ റോഷിയും ജോസ് കെ മാണിയും സമ്പൂര്‍ണ പരാജയത്തിലേക്ക് നീങ്ങുമ്പോള്‍ അത് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാകും.

English Summary: The Kerala Congress (Mani group) is facing a total washout in the 16th Assembly elections, currently failing to lead in any seat compared to the five they won in 2021. Key leaders, including Minister Roshy Augustine in Idukki and Chairman Jose K. Mani in Pala, are trailing significantly and facing imminent defeat.